
പോർട്ട് ഓഫ് സ്പെയിൻ: ആവേശം അവസാന പന്തുവരെ നീണ്ട മത്സരത്തിൽ ആതിഥേയരായ വെസ്റ്റിൻഡീസിനെതിരെ മൂന്ന് റൺസിന്റെ വിജയവുമായി ടീം ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത് 308 റൺസ് നേടിയ ഇന്ത്യയ്ക്കെതിരെ ആഞ്ഞടിച്ച വെസ്റ്റിൻഡീസ് മൂന്ന് റൺസ് അകലെ വീണു. അവസാന ഓവറിൽ 15 റൺസായിരുന്നു വിജയലക്ഷ്യം. കൃത്യതയോടെ പന്തെറിഞ്ഞ മുഹമ്മദ് സിറാജ് വിൻഡീസിന്റെ വിജയം തടഞ്ഞു.
സ്കോർ: ഇന്ത്യ– 50 ഓവറിൽ 7ന് 308. വെസ്റ്റിൻഡീസ്– 50 ഓവറിൽ 6ന് 305. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1–0ന് മുന്നിലെത്തി. ക്യാപ്റ്റൻ ശിഖർ ധവാൻ (97), ശുഭ്മൻ ഗിൽ (64), ശ്രേയസ് അയ്യർ (54) എന്നിവരുടെ ബാറ്റിങ്ങാണ് ഇന്ത്യക്ക് മികച്ച സ്കോർ സമ്മാനിച്ചത്. വിൻഡീസ് നിരയിൽ ഷർമ ബ്രൂക്സ്(45), ക്യാപ്റ്റൻ നിക്കോളാസ് പൂരാൻ (25) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. ഇന്ത്യക്കുവേണ്ടി സിറാജ്, ശർദൂൽ താക്കൂർ, ചഹൽ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
കാര്യങ്ങൾ ഇന്ത്യ കരുതിയത് പോലെയായിരുന്നില്ല. ഓപ്പണർ കൈൽ മെയേഴ്സിന്റെ അർധ സെഞ്ചറി (75) വിൻഡീസിന് മികച്ച തുടക്കം നൽകി. മധ്യനിരയിൽ ബ്രണ്ടൻ കിങ്ങും (54) തിളങ്ങി. അവസാന 10 ഓവറിൽ ജയിക്കാൻ വേണ്ടത് 90 റണ്‍സ്. ട്വന്റി-20 ശൈലിയിൽ ബാറ്റുവീശിയ റൊമാരിയോ ഷെപ്പേർഡ് (39 നോട്ടൗട്ട്), അകീൽ ഹുസൈൻ (32 നോട്ടൗട്ട്) എന്നിവർ ഇന്ത്യൻ ബൗളിങ് നിരയെ വിറപ്പിച്ചു.
ഇന്ത്യയ്ക്ക് ഓപ്പണർമാരായ ധവാനും ഗില്ലും ചേർന്നു നൽകിയത് മികച്ച തുടക്കമാണ് ഇന്ത്യൻ സ്കോറിന്റെ ആണിക്കല്ല്..ശുഭ്മൻ ഗിൽ 36 പന്തിൽ അർധ സെഞ്ചറി തികച്ചു. 18–ാം ഓവറിൽ ഗിൽ പുറത്താകുമ്പോഴേക്കും ഒന്നാംവിക്കറ്റിൽ ഇരുവരും ചേർന്ന് 119 റൺസ് നേടിയിരുന്നു.
ആദ്യം പരുങ്ങിയ ധവാൻ രണ്ടാം വിക്കറ്റിൽ ശ്രേയസ് അയ്യരെ കൂട്ടുപിടിച്ച് ധവാൻ സ്കോറുയർത്തി. 18–ാം സെഞ്ചറിയിലേക്കു നീങ്ങിയ ഇന്ത്യൻ ക്യാപ്റ്റൻ മൂന്ന് റൺസ് അകലെ വീണു. 10 ഫോറും 3 സിക്സും അടങ്ങിയതായിരുന്നു ധവാന്റെ ഇന്നിങ്സ്. 35 ഓവറിൽ 225 റൺസ് നേടിയ ഇന്ത്യ വൻ സ്കോർ നേടുമെന്ന് പ്രതീക്ഷിച്ചെങ്കിലും പിന്നാലെയെത്തിയ സഞ്ജു അടക്കമുള്ള താരങ്ങൾ നിരാശപ്പെടുത്തി.