വനിതാ ടി20: ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര

By Web TeamFirst Published Oct 1, 2019, 10:38 PM IST
Highlights

33 പന്തില്‍ 46 റണ്‍സടിച്ച ഓപ്പണര്‍ ഷഫാലി വര്‍മയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. സ്മൃതി മന്ഥാന(13), ജെമീമ റോഡ്രിഗ്സ്(33), ഹര്‍മന്‍പ്രീത് കൗര്‍(16), ദീപ്തി ശര്‍മ(20 നോട്ടൗട്ട്) എന്നിവരാണ് ഇന്ത്യയുടെ പ്രധാന സ്കോറര്‍മാര്‍.

സൂററ്റ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ വനിതാ ടി20 പരമ്പര ഇന്ത്യക്ക്. അഞ്ച് മത്സര പരമ്പരയിലെ നാലാം മത്സരത്തില്‍ 52 റണ്‍സ് വിജയവുമായി ഇന്ത്യ പരമ്പരയില്‍ 2-0ന്റെ അപരാജിത ലീഡ് നേടി. മഴമൂലം രണ്ട് മത്സരങ്ങള്‍ പൂര്‍ണമായും ഉപേക്ഷിച്ചിരുന്നു. സ്കോ‍‍ര്‍ ഇന്ത്യ 17 ഓവറില്‍ 140/4, ദക്ഷിണാഫ്രിക്ക 17 ഓവറില്‍ 89/7.

മഴയും നനഞ്ഞ ഔട്ട് ഫീല്‍ഡും മൂലം 17 ഓവര്‍ വീതമാക്കി കുറച്ച മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സടിച്ചു. 33 പന്തില്‍ 46 റണ്‍സടിച്ച ഓപ്പണര്‍ ഷഫാലി വര്‍മയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. സ്മൃതി മന്ഥാന(13), ജെമീമ റോഡ്രിഗ്സ്(33), ഹര്‍മന്‍പ്രീത് കൗര്‍(16), ദീപ്തി ശര്‍മ(20 നോട്ടൗട്ട്) എന്നിവരാണ് ഇന്ത്യയുടെ പ്രധാന സ്കോറര്‍മാര്‍.

മറുപടി ബാറ്റിംഗില്‍ തുടക്കത്തിലെ ദക്ഷിണാഫ്രിക്കയ്ക്ക് ഓപ്പണര്‍ ലിസ്‌ലെ ലീയെ(9) നഷ്ടമായി. തസ്മിന്‍ ബ്രിട്സും(20), ലോറാ വോള്‍വാര്‍റ്റും(23) ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ ഭേദപ്പെട്ട നിലയില്‍ എത്തിച്ചെങ്കിലും ഇരുവരും വീണതോടെ റണ്‍റേറ്റിന്റെ സമ്മര്‍ദ്ദത്തില്‍ ദക്ഷിണാഫ്രിക്ക തകര്‍ന്നടിഞ്ഞു. ഇന്ത്യക്കായി പൂനം യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തി. പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം നാലിന് നടക്കും.

click me!