മെല്‍ബണില്‍ റെക്കോഡ് സ്വന്തമാക്കി ടീം ഇന്ത്യ; ധോണിക്ക് ശേഷം നേട്ടം സ്വന്തമാക്കി രഹാനെ

By Web TeamFirst Published Dec 29, 2020, 12:19 PM IST
Highlights

ഇന്ത്യയുടെ എവേ വിജയങ്ങള്‍ ഏറ്റവും കൂടുതല്‍ നടന്നതും ഈ ഗ്രൗണ്ടില്‍ തന്നെ. മെല്‍ബണില്‍ 14 ടെസ്റ്റുകള്‍ കളിച്ചപ്പോള്‍ അതില്‍ നാലെണ്ണമാണ് ഇന്ത്യ ജയിച്ചത്. 

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റ് വിജയത്തോടെ റെക്കോഡ് സ്വന്തമാക്കി ടീം ഇന്ത്യ. വിദേശത്തെ ഒരു ഗ്രൗണ്ടില്‍ മാത്രം ഏറ്റവും കൂടുതല്‍ വിജയങ്ങളെന്ന റെക്കോഡാണ് ടീം ഇന്ത്യ സ്വന്തമാക്കിയത്. ജയത്തോടെ ഇന്ത്യ മെല്‍ബണില്‍ മാത്രം നാല് വിജയങ്ങള്‍ സ്വന്തമാക്കി. ഇന്ത്യയുടെ എവേ വിജയങ്ങള്‍ ഏറ്റവും കൂടുതല്‍ നടന്നതും ഈ ഗ്രൗണ്ടില്‍ തന്നെ. മെല്‍ബണില്‍ 14 ടെസ്റ്റുകള്‍ കളിച്ചപ്പോള്‍ അതില്‍ നാലെണ്ണമാണ് ഇന്ത്യ ജയിച്ചത്. 

വെസ്റ്റ് ഇന്‍ഡീസിലെ പോര്‍ട്ട് ഓഫ് സ്‌പെയ്‌നില്‍ മൂന്ന് വിജയങ്ങള്‍ ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്. ക്യൂന്‍സ് പാര്‍ക്ക് ഓവലില്‍ 13 ടെസ്റ്റുകളാണ് ഇന്ത്യ കളിച്ചത്. അതില്‍ നിന്നാണ് മൂന്ന് ജയങ്ങള്‍ ഇന്ത്യയെ തേടിയെത്തിയത്. വെസ്റ്റ് ഇന്‍ഡീസിലെ മറ്റൊരു ഗ്രൗണ്ടായ കിംഗ്‌സറ്റണിലും ഇന്ത്യ മൂന്ന് ജയങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. 13 ടെസ്റ്റുകളാണ് ഇന്ത്യ കിംഗ്‌സ്റ്റണില്‍ കളിച്ചത്. 

മൂന്ന് വീതം ജയങ്ങള്‍ ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയിലും നേടി. സിംഘളീസ് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ ഒമ്പത് മത്സരങ്ങള്‍ കൡച്ചപ്പോഴാണ് ഇന്ത്യ മൂന്ന് ജയങ്ങള്‍ സ്വന്തമാക്കിയത്. ഇന്ത്യന്‍ ക്യാപ്റ്റനായ അജിന്‍ക്യ രഹാനെയെ തേടി മറ്റൊരു നേട്ടം കൂടിയെത്തി. ആദ്യ മൂന്ന് ടെസ്റ്റിലും ജയിക്കുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ ക്യാപ്റ്റനാണ് രഹാനെ. എം എസ് ധോണിയാണ് ആദ്യ ക്യാപ്റ്റന്‍. 

2016-17ല്‍ ഓസ്‌ട്രേലിയ ഇന്ത്യയിലെത്തിയപ്പോഴായിരുന്നു രഹാനെ ഇന്ത്യയെ നയിച്ചത്. അന്ന് ധര്‍മശാലയില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. 2018ല്‍ അഫ്ഗാനിസ്ഥാന്‍ അവരുടെ ആദ്യ ടെസ്റ്റ് ഇന്ത്യക്കെതിരെ കളിക്കുമ്പോള്‍ രഹാനെയായിരുന്നു ക്യാപ്റ്റന്‍. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ ഇന്നിങ്‌സിനും 262 റണ്‍സിനും ജയിച്ചു. ഇപ്പോഴിതാ മെല്‍ബണില്‍ എട്ട് വിക്കറ്റിന്റെ ജയവും.

click me!