അഡ്‌ലെയ്ഡിലെ തോല്‍വിയില്‍ നിന്ന് ഇന്ത്യക്ക് തിരിച്ചുവരാനാവില്ലെന്ന് മുന്‍ ഓസീസ് താരം

By Web TeamFirst Published Dec 21, 2020, 5:39 PM IST
Highlights

അഡ്‌ലെയ്ഡിലെ സാഹചര്യങ്ങള്‍ ഇന്ത്യക്ക് അനുകൂലമായിരുന്നു. അവര്‍ ജയിക്കാനാവശ്യമായ റണ്‍സ് നേടുമെന്നാണ് ഞാന്‍ കരുതിയത്. അതിന് കഴിയാതിരുന്ന സാഹചര്യത്തില്‍ ഇനിയുള്ള ടെസ്റ്റുകളില്‍ തിരിച്ചുവരാന്‍ കഴിയുമെന്ന് തോന്നുന്നില്ല.

മെല്‍ബണ്‍: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിലേറ്റ വമ്പന്‍  തോല്‍വിയില്‍ നിന്ന് ഇന്ത്യന്‍ ടീമിന് തിരിച്ചുവരാനാകില്ലെന്ന് മുന്‍ ഓസീസ് വിക്കറ്റ് കീപ്പര്‍ ബ്രാഡ് ഹാഡിന്‍. ഇന്ത്യക്ക് ഈ പരമ്പരയില്‍ ജയിക്കാനുള്ള അവസരം അഡ്‌ലെയ്ഡിലെ ഡേ നൈറ്റ് ടെസ്റ്റായിരുന്നു. അതിലവര്‍ പരാജയപ്പെട്ടതോടെ ഇനി പരമ്പരയിലൊരു തിരിച്ചുവരവ് പ്രതീക്ഷിക്കേണ്ടെന്നും ഹാഡിന്‍ പറഞ്ഞു.

അഡ്‌ലെയ്ഡിലെ സാഹചര്യങ്ങള്‍ ഇന്ത്യക്ക് അനുകൂലമായിരുന്നു. അവര്‍ ജയിക്കാനാവശ്യമായ റണ്‍സ് നേടുമെന്നാണ് ഞാന്‍ കരുതിയത്. അതിന് കഴിയാതിരുന്ന സാഹചര്യത്തില്‍ ഇനിയുള്ള ടെസ്റ്റുകളില്‍ തിരിച്ചുവരാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ബ്രിസ്ബേനില്‍ ഓസ്ട്രേലിയയെ കീഴടക്കാനാവില്ല. അതുകൊണ്ടുതന്നെ അതിന് മുമ്പ് ഒരു ടെസ്റ്റ് ജയിക്കാനായിരുന്നു ഇന്ത്യ ശ്രമിക്കേണ്ടിയിരുന്നത്. അതിലവര്‍ പരാജയപ്പെട്ടു.

കഴിഞ്ഞ തവണ ഓസ്ട്രേലിയയില്‍ പരമ്പര നേടിയപ്പോള്‍ അവര്‍ക്ക് മികച്ച ബൗളിംഗ് നിരയുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ ഷമിയും ഇഷാന്തും ഇല്ലാത്ത സാഹചര്യത്തില്‍ അവരുടെ കുറവ് നികത്താവുന്ന ബൗളര്‍മാരൊന്നും ഇന്ത്യക്കില്ല. ആദ്യ ടെസ്റ്റിന്‍റെ മൂന്നാം ദിനം തുടങ്ങുമ്പോള്‍ ഇന്ത്യയായിരുന്നു ഡ്രൈവിംഗ് സീറ്റില്‍. ഓസ്ട്രേലിയ ഈ ടെസ്റ്റില്‍ എങ്ങനെ തിരിച്ചുവരുമെന്നായിരുന്നു ഞങ്ങളെല്ലാം ചര്‍ച്ച ചെയ്തത്.

എന്നാല്‍ മൂന്നാം ദിനം ഇന്ത്യ നേരിട്ട കൂട്ടത്തകര്‍ച്ച തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. എന്തായാലും രണ്ടാം ടെസ്റ്റിന് മുമ്പ് ഇന്ത്യക്ക് ഉത്തരം കണ്ടെത്തേണ്ട ഒരുപാട് ചോദ്യങ്ങളുണ്ട്. കോലിക്ക് പകരം ആരെത്തും. പൃഥ്വി ഷായ്ക്ക് പകരം രോഹിത് ഓപ്പണറായി എത്തുമോ, വൃദ്ധിമാന്‍ സഹാ തുടരുമോ അങ്ങനെ നിരവധി ചോദ്യങ്ങള്‍ക്ക് ഇന്ത്യ ഉത്തരം കണ്ടെത്തേണ്ടതുണ്ടെന്നും ഹാഡിന്‍ പറഞ്ഞു.

click me!