
പോര്‍ട്ട് ഓഫ് സ്പെയിന്‍: വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലുള്ള ഇന്ത്യന്‍ ടീമിനൊപ്പമുള്ള മലയാളി താരം സഞ്ജു സാംസണെക്കുറിച്ച് ഹൃദയം തൊടുന്ന വാക്കുകളുമായി ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍. പരമ്പര റിപ്പോര്‍ട്ട് ചെയ്യുന്നതിനായി ഇന്ത്യയില്‍ നിന്ന് വിന്‍ഡീസിലെത്തിയ വിമല്‍കുമാര്‍ എന്ന മാധ്യമപ്രവര്‍ത്തകനാണ് സഞ്ജുവിന്‍റെ ലാളിത്യത്തെക്കുറിച്ചും നായക മികവിനെക്കുറിച്ചും വിഡിയോയില്‍ മനസുതുറന്നത്.
വിന്‍ഡീസിനെതിരായ ഏകദിന പരമ്പരക്കുശേഷം സഞ്ജു സാംസണെ പരിചയപ്പെട്ടപ്പോഴാണ് സൂപ്പര്‍ താരങ്ങള്‍ നിറഞ്ഞ ഇന്ത്യന്‍ ടീമില്‍ ഇത്രയും സിംപിളായ കളിക്കാരനെ തിരിച്ചറിഞ്ഞതെന്ന് വിമല്‍കുമാര്‍ വീഡിയോയില്‍ പറയുന്നു. ഏകദിന പരമ്പരക്കുശേഷം സഞ്ജുവിനെ കണ്ടു പരിചയപ്പെട്ടു. ഇന്ത്യയില്‍ നിന്ന് വന്നതാണോ അതോ ഇവിടെയാണോ ജോലി ചെയ്യുന്നതെന്ന് സഞ്ജു എന്നോട് ചോദിച്ചു. ഇന്ത്യയില്‍ നിന്ന് പരമ്പര റിപ്പോര്‍ട്ട് ചെയ്യാന്‍ വേണ്ടി വന്നതാണെന്നും രണ്ട് മൂന്ന് വര്‍ഷം മുമ്പ് ഡല്‍ഹി ക്യാപിറ്റല്‍സിലായിരുന്നപ്പോള്‍ സഞ്ജുവിനെ ഇന്‍റര്‍വ്യൂ ചെയ്തിരുന്നുവെന്നും ഞാന്‍ പറഞ്ഞു.
ഇന്‍റര്‍വ്യൂന്‍റെ കാര്യം ഓര്‍മവരുന്നില്ലെന്നും സോറിയെന്നും സഞ്ജു പറഞ്ഞു. അപ്പോള്‍ ഏകദിന പരമ്പരക്കുശേഷം നടക്കുന്ന ടി20 പരമ്പരക്കായി ട്രിനിഡാഡിലേക്ക് വരില്ലെ എന്ന് സഞ്ജു എന്നോട് ചോദിച്ചു. പോര്‍ട്ട് ഓഫ് സ്പെയിനില്‍ നിന്ന് ട്രിനിഡാഡിലേക്ക് ദൂരം കൂടുതലായതിനാല്‍ വരാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്ന് പറഞ്ഞു. അപ്പോള്‍ സഞ്ജു എന്നോട് പറഞ്ഞു, താങ്കള്‍ക്ക് ഞങ്ങളുടെ കൂടെ വന്നൂടെ എന്ന്, ആദ്യം തമാശയായാണ് ഞാനത് എടുത്തത്. എന്നാല്‍ സഞ്ജു ശരിക്കും പറഞ്ഞതായിരുന്നു. ടീം ബസില്‍ താങ്കള്‍ക്ക് ഞാനെന്‍റെ സീറ്റ് തരാമെന്നും സഞ്ജു പറഞ്ഞു.
ടീം ബസില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കേറാനാവില്ലെന്ന ബിസിസിഐ പ്രോട്ടോക്കോള്‍ അറിയാവുന്നതുകൊണ്ട് ഞാന്‍ സഞ്ജുവിന്‍റെ ക്ഷണം സ്നേഹപൂര്‍വം നിരസിച്ചു. എങ്കിലും അത് പറയാന്‍ അദ്ദേഹം കാണിച്ച മനസ്, സൂപ്പര്‍ താരങ്ങള്‍ നിറഞ്ഞ ഇന്ത്യന്‍ ടീം അംഗങ്ങളില്‍ ആര്‍ക്കൊക്കെ ഉണ്ടാകുമെന്ന് അറിയില്ല. എത്ര സിംപിളാണ് സഞ്ജു. അതുപോലെ എന്നോട് സഞ്ജു കാണിച്ച കരുതല്‍ ഒരു യഥാര്‍ത്ഥ നായകന്‍റേതാണ്.
സഞ്ജു സാംസണ്‍ ഉള്ളപ്പോള്‍ ശ്രേയസ് അയ്യരെ എന്തിന് കളിപ്പിക്കുന്നു; ചോദ്യശരവുമായി വെങ്കടേഷ് പ്രസാദ്
രോഹിത് ശര്‍മയിലും ശിഖര്‍ ധവാനിലുമൊക്കെയാണ് താനത് കണ്ടിട്ടുള്ളതെന്നും വിമല്‍കുമാര്‍ പറയുന്നു. ഭാവിയില്‍ സഞ്ജു ഇന്ത്യയുടെ മഹാനായ ക്യാപ്റ്റനാവുമെന്നും വിമല്‍കുമാര്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകന്‍റെ വാക്കുകള്‍ രാജസ്ഥാന്‍ റോയല്‍സ് അവരുടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കുകയും ചെയ്തു. വിന്‍ഡീസിനെതിരായ ഏകദിന പരമ്പരക്കുശേഷം നാട്ടിലേക്ക് മടങ്ങാനിരുന്ന സഞ്ജുവിനെ കെ എല്‍ രാഹുലിന്‍റെ പകരക്കാരനായി അവസാന നിമിഷം ടി20 ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!