
മുംബൈ: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ സമ്പൂർണ പരാജയമായ സൂര്യകുമാർ യാദവിന് പിന്തുണയുമായി ഇന്ത്യന്‍ മുൻതാരം യുവരാജ് സിംഗ്. ക്രിക്കറ്റില്‍ എല്ലാ താരങ്ങളും ഇത്തരം പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോയിട്ടുണ്ട്. സൂര്യകുമാർ ശക്തമായി തിരിച്ചുവരും. ലോകകപ്പിൽ മുംബൈ താരം സുപ്രധാന പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷയെന്നും യുവരാജ് പറഞ്ഞു. ട്വന്‍റി 20 ലോക റാങ്കിംഗിൽ ഒന്നാമനായ സൂര്യ കുമാറിന് ഏകദിനത്തിൽ ഇതുവരെ പ്രതീക്ഷയ്ക്കൊത്ത് കളിക്കാനായിട്ടില്ല. ഓസീസിനെതിരെ മൂന്ന് ഇന്നിംഗ്സിലും നേരിട്ട ആദ്യ പന്തിലാണ് സൂര്യകുമാർ പുറത്തായത്.
ഹാട്രിക് ഗോള്‍ഡന്‍ ഡക്കായതോടെ സൂര്യകുമാര്‍ യാദവിനെതിരെ വിമര്‍ശനം ശക്തമായിരുന്നു. സൂര്യയെ മാറ്റി പകരം സഞ്ജു സാംസണെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തണം എന്നാണ് പ്രധാന വാദം. ഒരുകാലത്ത് യുവ്‌രാജ് സിംഗ് അടക്കിഭരിച്ചിരുന്ന നാലാം നമ്പറിലാണ് സൂര്യയിപ്പോള്‍ ബാറ്റേന്തുന്നത്. ഏകദിനത്തില്‍ ക്ലച്ച് പിടിക്കാതിരിക്കുമ്പോഴും സൂര്യകുമാറിന് ശക്തമായ പിന്തുണയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും നല്‍കുന്നത്.
ഓസീസിനെതിരെ ആദ്യ രണ്ട് ഏകദിനങ്ങളിലും നാലാമനായി ഇറങ്ങി സൂര്യകുമാര്‍ യാദവ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ പന്തില്‍ എല്‍ബിയില്‍ ഗോള്‍ഡന്‍ ഡക്കായി മടങ്ങുകയായിരുന്നു. മൂന്നാം ഏകദിനത്തില്‍ ഫിനിഷര്‍ റോള്‍ ഭംഗിയാക്കും എന്ന് കരുതി ഏഴാം നമ്പറില്‍ ഇറക്കിയപ്പോള്‍ ആഷ്‌ടണ്‍ അഗറിന് മുന്നില്‍ ഗോള്‍ഡന്‍ ഡക്കായി. ട്വന്‍റി 20യിലെ നമ്പര്‍ 1 ബാറ്ററായ സൂര്യകുമാര്‍ യാദവ് ഏകദിനത്തില്‍ 21 ഇന്നിംഗ്‌സുകളില്‍ ഇതുവരെ രണ്ട് തവണ മാത്രമാണ് 50+ സ്കോര്‍ കണ്ടെത്തിയത്. 24.6 മാത്രമാണ് ബാറ്റിംഗ് ശരാശരിയെങ്കില്‍ ആകെ സ്കോര്‍ 433. അതേസമയം വിസ്‌മയ ഫോം കാഴ്‌ചവെച്ചിട്ടുള്ള ടി20യില്‍ സ്കൈക്ക് 46 ഇന്നിംഗ്‌സുകളില്‍ മൂന്ന് സെഞ്ചുറിയും 13 അര്‍ധ സെഞ്ചുറികളോടെയും 1675 റണ്‍സുണ്ട്.
സൂര്യകുമാറിനെ സഞ്ജുവുമായി താരതമ്യം ചെയ്യാന്‍ പാടില്ല; സ്‌കൈ വിമര്‍ശകരുടെ വായടപ്പിച്ച് കപില്‍ ദേവ്