സിംബാബ്‍വെയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം; പരിശീലനം തുടങ്ങി

By Jomit JoseFirst Published Aug 16, 2022, 8:46 AM IST
Highlights

സിംബാബ്‍വെയിൽ ഇന്ത്യൻ ടീം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പതാകയുയർത്തിയ ദൃശ്യങ്ങൾ ബിസിസിഐ ട്വീറ്റ് ചെയ്തു.

ഹരാരെ: സിംബാബ്‍വെ പര്യടനത്തിനെത്തിയ ഇന്ത്യൻ ടീം ഹരാരെയിൽ പരിശീലനം തുടങ്ങി. കെ എൽ രാഹുൽ നയിക്കുന്ന സംഘത്തിൽ മലയാളിതാരം സഞ്ജു സാംസണും ഉണ്ട്. മൂന്ന് ഏകദിനങ്ങളാണ് ഇന്ത്യ സിംബാബ്‍വെയിൽ കളിക്കുക. മറ്റന്നാളാണ് ഒന്നാം ഏകദിനം. 20, 22 തീയതികളിൽ രണ്ടും മൂന്നും മത്സരങ്ങളും നടക്കും. രാഹുല്‍ ദ്രാവിഡിന് വിശ്രമം നല്‍കിയതിനാല്‍ സിംബാബ്‌വെയില്‍ ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കുക ദേശീയ ക്രിക്കറ്റ് അക്കാഡമി തലവന്‍ വിവിഎസ് ലക്ഷ്‌മണാണ്.

സിംബാബ്‍വെയിൽ ഇന്ത്യൻ ടീം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പതാകയുയർത്തിയ ദൃശ്യങ്ങൾ ബിസിസിഐ ട്വീറ്റ് ചെയ്തു.

🇮🇳 🇮🇳 | | pic.twitter.com/W30cYSYvPG

— BCCI (@BCCI)

ക്യാപ്റ്റന്‍സി വിവാദം മായ്ക്കാന്‍ ഇന്ത്യ

സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരയില്‍ അവസാന നിമിഷം ഇന്ത്യന്‍ ക്യാപ്റ്റനെ മാറ്റിയത് വിവാദമായിരുന്നു. നേരത്തെ ശിഖര്‍ ധവാനെ നായകനായി പ്രഖ്യാപിച്ചെങ്കിലും ഫിറ്റ്‌നസ് തെളിയിച്ച് കെ എല്‍ രാഹുല്‍ എത്തിയതോടെ അപ്രതീക്ഷിതമായി ധവാന്‍റെ ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമാവുകയായിരുന്നു. ധവാനെ മാറ്റിയതില്‍ സെലക്ഷന്‍ കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി മുന്‍താരങ്ങള്‍ രംഗത്തെത്തിയിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരെ ശിഖര്‍ ധവാന്‍ നയിച്ച ഇന്ത്യന്‍ ടീം ഏകദിന പരമ്പര തൂത്തുവാരിയത് ചൂണ്ടിക്കാട്ടിയായിരുന്നു ബിസിസിഐക്കെതിരെ മുന്‍താരങ്ങള്‍ തിരിഞ്ഞത്. 

വെസ്റ്റ് ഇന്‍ഡീസിനെതിരായ ക്യാപ്റ്റന്‍സിക്കൊപ്പം ധവാന്‍ ബാറ്റിംഗിലും തിളങ്ങിയിരുന്നു. അതേസമയം ധവാന് പകരം ക്യാപ്റ്റനായെത്തുന്ന രാഹുല്‍ പരിക്കുമൂലം ഐപിഎല്ലിന് ശേഷം മത്സര ക്രിക്കറ്റില്‍ കളിച്ചിട്ടില്ല. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പമ്പരയില്‍ ഇന്ത്യയെ നയിച്ച രാഹുലിന് ഒറ്റ വിജയം പോലും നേടാനാവാതിരുന്നത് സെലക്ടർമാർ കണ്ടില്ലേയെന്ന് ആരാധകർ ചോദ്യമുയർത്തിയിരുന്നു. 2021ലെ ടി20 ലോകകപ്പിന് ശേഷം ഇന്ത്യ എല്ലാ ഫോര്‍മാറ്റിലുമായി എട്ട് ക്യാപ്റ്റന്‍മാരെയാണ് പരീക്ഷിച്ചത്. 

സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: കെ എല്‍ രാഹുല്‍(ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍(വൈസ് ക്യാപ്റ്റന്‍), റുതുരാജ് ഗെയ്‌ക്‌വാദ്, ശുഭ്‌മാന്‍ ഗില്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), വാഷിംഗ്‌ടണ്‍ സുന്ദര്‍, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, ആവേശ് ഖാന്‍, പ്രസിദ്ധ് ക‍ൃഷ്‌ണ, മുഹമ്മദ് സിറാജ്, ദീപക് ചാഹര്‍. 

ഇന്ത്യക്ക് ഫിഫയുടെ വിലക്ക്; അണ്ടർ 17 വനിതാ ലോകകപ്പ് നഷ്ടമായേക്കും

click me!