കാര്യവട്ടം സ്റ്റേഡിയത്തെ തഴയുമോ..? കോലിയുടെ വാക്കുകള്‍ അത്ര ശുഭകരമല്ല

By Web TeamFirst Published Oct 23, 2019, 10:12 AM IST
Highlights

അടുത്തിടെയാണ് തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിലേക്ക് ടെസ്റ്റ് ക്രിക്കറ്റ് എത്തിക്കുന്നതിനെ കുറിച്ച് ബിസിസിഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോര്‍ജ് സംസാരിച്ചത്.

റാഞ്ചി: അടുത്തിടെയാണ് തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിലേക്ക് ടെസ്റ്റ് ക്രിക്കറ്റ് എത്തിക്കുന്നതിനെ കുറിച്ച് ബിസിസിഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോര്‍ജ് സംസാരിച്ചത്. കാര്യവട്ടത്തേക്ക് ടെസ്റ്റ് മത്സരങ്ങള്‍ കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ വാക്കുകള്‍ അദ്ദേഹത്തിനും കേരളത്തിലെ ക്രിക്കറ്റ് ആരാധകര്‍ക്കും നിരാശ സമ്മാനിക്കും.

ടെസ്റ്റ് മത്സരങ്ങള്‍ക്കായി ഇന്ത്യയില്‍ അഞ്ച് സ്ഥിരം വേദികള്‍ മാത്രം മതിയെന്നാണ് കോലി പറഞ്ഞത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് മത്സരങ്ങള്‍ക്ക് ശേഷം സംസാരിക്കുകയായിരുന്നു കോലി. അദ്ദേഹം തുടര്‍ന്നു... ''ചെറിയ നഗരങ്ങളില്‍ ഏകദിന, ടി20 മത്സരങ്ങള്‍ നടത്തിയാല്‍ മതി. ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും പരമ്പരാഗതമായി ആറ് വേദികളിലാണ് ടെസ്റ്റ് മത്സരങ്ങള്‍ നടത്തുന്നത്. ഇന്ത്യയിലും സമാനമായ രീതി കൊണ്ടുവരണം.''  കോലി പറഞ്ഞു. 

പൂനെയിലും വിശാഖപ്പട്ടണത്തും റാഞ്ചിയിലും ഏറെക്കുറെ ഒഴിഞ്ഞ ഗ്യാലറികള്‍ക്ക് മുന്നിലാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ടെസ്റ്റ് പരമ്പരയില്‍ ഏറ്റുമുട്ടിയത്. ഈ പശ്ചാത്തലത്തിലാണ് അഞ്ച് സ്ഥിരം ടെസ്റ്റ് വേദികള്‍ മതിയെന്ന കോലിയുടെ പരാമര്‍ശമുണ്ടായത്. 1985ന് മുന്‍പ് മുംബൈ, ദില്ലി, കൊല്‍ക്കത്ത, ചെന്നൈ, കാണ്‍പൂര്‍, ബംഗളൂരു എന്നിവിടങ്ങളില്‍ മാത്രമായിരുന്നു ടെസ്റ്റ് മത്സരങ്ങള്‍ക്ക് അനുമതി. 2000ന് ശേഷം 18 നഗരങ്ങള്‍ ടെസ്റ്റ് വേദിയായി.

ഇത് നടപ്പിലായാല്‍ കേരളത്തിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. എന്തായാലും ഈ വിഷയത്തില്‍ സൗരവ് ഗാംഗുലി നയിക്കുന്ന പുതിയി ബിസിസിഐ ഭരണസമിയുടെ തീരുമാനം ശ്രദ്ധേയമാകും.

click me!