
ദില്ലി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരില്‍ ഒരാളും മുന്‍ ക്യാപ്റ്റനുമായ റുമേലി ഥർ(Rumeli Dhar) രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. പേസ് ബൗളിംഗ് ഓൾറൗണ്ടറായ റുമേലി 38-ാം വയസിലാണ് തന്‍റെ ദീർഘകരിയറിന് വിരമമിടുന്നത്. 2018ല്‍ ബ്രബോണില്‍ ഇന്ത്യയും ഓസ്ട്രേലിയയും ഇംഗ്ലണ്ടും പങ്കെടുത്ത ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്‍റിലാണ് റുമേലി ഥർ അവസാനമായി കളിച്ചത്.
വൈകാരികം വിരമിക്കല്‍ വാക്കുകള്‍
'വെസ്റ്റ് ബംഗാളിലെ ശ്യംനഗറില്‍ ആരംഭിച്ച 23 വർഷത്തെ ക്രിക്കറ്റ് കരിയറിന് ഒടുവില്‍ വിരമമിടുകയാണ്. ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റില്‍ നിന്നും പടിയിറങ്ങുന്നു. ഉയർച്ചതാഴ്ച്ചകളുടെ യാത്രയായിരുന്നു ഇത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രതിനിധീകരിച്ചതും 2005 ലോകകപ്പ് ഫൈനലില്‍ കളിച്ചതും ഇന്ത്യന്‍ ടീമിനെ നയിച്ചതുമാണ് ഇതിലെ ഔന്നിത്യം. പരിക്കുകള്‍ കരിയറിനെ വേട്ടയാടി. എന്നാല്‍ എപ്പോഴും ശക്തമായി തിരിച്ചെത്തി.
ഞാനെപ്പോഴും ഇഷ്ടപ്പെട്ട കായികയിനത്തില്‍ നിന്ന് പടിയിറങ്ങുമ്പോള്‍ എന്‍റെ കുടുംബത്തിനും ബിസിസിഐക്കും സുഹൃത്തുക്കള്‍ക്കും ടീമുകള്‍ക്കും(ബംഗാള്‍, റെയില്‍വേസ്, എയർ ഇന്ത്യ, ദില്ലി, രാജസ്ഥാന്‍, അസം) നന്ദി പറയുന്നു. എന്റെ കഴിവില്‍ വിശ്വസിച്ചതിനും എനിക്ക് അവസരം നല്‍കിയതിനും നന്ദി. ഇന്ത്യന്‍ ടീമിലേക്ക് എനിക്ക് വഴി തുറന്നത് ഈ ടീമുകളാണ്. ഓരോ മത്സരവും എന്നെ പഠിപ്പിച്ച കാര്യങ്ങള്‍ ജീവിതത്തിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ കരുത്താകും. ക്രിക്കറ്റുമായി തുടർന്നും സഹകരിക്കും, യുവതാരങ്ങള്‍ക്ക് എല്ലാവിധ സഹായങ്ങളും ഒരുക്കും. വീഴ്ചയിലും പരാജയത്തിലും കൂടെനിന്ന എല്ലാവർക്കും നന്ദി. അവശ്യഘട്ടങ്ങളില്‍ പിന്തുണ നല്‍കിയവർക്കും നന്ദി. എല്ലാ സ്നേഹത്തിനും ഒരിക്കല്‍ക്കൂടി നന്ദി അറിയിക്കുന്നതായും' റുമേലി ഥർ വിശദമായ വിരമിക്കല്‍ കുറിപ്പില്‍ എഴുതി.
2003ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു റുമേലി ഥറിന്‍റെ രാജ്യാന്തര അരങ്ങേറ്റം. റുമേലി ഥർ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനായി നാല് ടെസ്റ്റും 78 ഏകദിനങ്ങളും 18 രാജ്യാന്തര ടി20കളും കളിച്ചു. എല്ലാ ഫോർമാറ്റിലുമായി 1328 റണ്‍സും 84 വിക്കറ്റും നേടി. ദക്ഷിണാഫ്രിക്കയില്‍ 2005 ലോകകപ്പ് ഫൈനലിലെത്തിയ ഇന്ത്യന്‍ ടീമിലംഗമായിരുന്നു. 2009 ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഉയർന്ന വിക്കറ്റ് വേട്ടക്കാരിയായി. നാല് മത്സരങ്ങളില്‍ 4.78 ഇക്കോണമിയില്‍ 6 വിക്കറ്റായിരുന്നു സമ്പാദ്യം.
രവീന്ദ്ര ജഡേജയ്ക്ക് ഭീഷണിയായി ഷാക്കിബ്; നില മെച്ചപ്പെടുത്തി ഇഷാന്‍ കിഷന്‍- പുതിയ റാങ്കിംഗ് ഇങ്ങനെ