INDvNZ| മൂന്ന് പേരും ലോകോത്തര സ്പിന്നര്‍മാര്‍; ഇന്ത്യന്‍ താരങ്ങളെ പുകഴ്ത്തി ന്യൂസിലന്‍ഡ് പരിശീലകന്‍

By Web TeamFirst Published Nov 23, 2021, 7:39 PM IST
Highlights

ആര്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ലോകോത്തര സ്പിന്നര്‍മാരാണെന്നാണ് സ്റ്റഡ് പറയുന്നത്. എന്നാല്‍ അവരെ ചെറുക്കാനുള്ള കരുത്ത് ന്യൂസിലന്‍ഡ് ബാറ്റര്‍മാര്‍ക്കുണ്ടെന്നും സ്റ്റഡ് വ്യക്തമാക്കി.
 

കാണ്‍പൂര്‍: കാണ്‍പൂര്‍ ടെസ്റ്റ് വ്യാഴാഴ്ച്ച ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ സ്പിന്നര്‍മാരെ പുകഴ്ത്തി ന്യൂസിലന്‍ഡ് പരിശീലകന്‍ ഗാരി സ്റ്റഡ്. ആര്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ലോകോത്തര സ്പിന്നര്‍മാരാണെന്നാണ് സ്റ്റഡ് പറയുന്നത്. എന്നാല്‍ അവരെ ചെറുക്കാനുള്ള കരുത്ത് ന്യൂസിലന്‍ഡ് ബാറ്റര്‍മാര്‍ക്കുണ്ടെന്നും സ്റ്റഡ് പറയുന്നു.

ആദ്യ ടെസ്റ്റിന് മുന്നോടിയായി വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ''ഇന്ത്യന്‍ പിച്ചുകളില്‍ ജഡേജ, അശ്വിന്‍, അക്‌സര്‍ എന്നിവരെ നേരിടുന്നത് കനത്ത വെല്ലുവിളിയാണ്. കാരണം അവരെല്ലാം ലോകോത്തര സ്പിന്നര്‍മാരാണ്. എത്രയും പെട്ടന്ന് സാഹചര്യം മനസിലാക്കുകയാണ് ന്യൂസിലന്‍ഡ് താരങ്ങള്‍ ചെയ്യേണ്ടത്. മത്സരം തുടങ്ങുമ്പോള്‍ പന്ത് കൂടുതല്‍ ടേണ്‍ ചെയ്യില്ലെന്ന് ഉറപ്പാണ്. എന്നാല്‍ പിന്നീട് കുത്തിത്തിരിയും. അതുകൊണ്ടുതന്നെ സ്പിന്നര്‍മാരെ പ്രതിരോധിക്കാന്‍ വ്യത്യസ്തമായ ആശയങ്ങളുണ്ട്.'' സ്റ്റഡ് വ്യക്തമാക്കി.

ട്രന്റ് ബോള്‍ട്ടിന്റെ അഭാവത്തെ കുറിച്ചും സ്റ്റഡ് സംസാരിച്ചു. ''കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കിവീസിന്റെ പ്രധാന ബൗളറാണ് ബോള്‍ട്ട്. എന്നാല്‍ നിരന്തരം ബയോ ബബിള്‍  സര്‍ക്കിളില്‍ കഴിയുന്നത് അദ്ദേഹത്തെ മാനസികമായി ബുദ്ധിമുട്ടിലാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അവധിയില്‍ പോയി കരുത്തനായി തിരിച്ചുവരാനാണ് ഞങ്ങളും ആഗ്രഹിക്കുന്നത്. കിവീസ് താരങ്ങള്‍ മാത്രമല്ല, ഇന്ത്യന്‍ താരങ്ങളും ഇതേ പ്രശ്‌നം അനുഭവിക്കുന്നുണ്ടെന്നാണ് ഞാന്‍ മനസിലാക്കുന്നത്.'' സ്റ്റഡ് പറഞ്ഞു. 

കിവീസിനെതിരെ രണ്ട് ടെസ്റ്റുകളാണ് ഇന്ത്യ കളിക്കുക. മുംബൈയിലാണ് രണ്ടാം ടെസ്റ്റ്. അജിന്‍ക്യ രഹാനെയാണ് ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുക. രണ്ടാം ടെസ്റ്റില്‍ വിരാട് കാലി ക്യാപ്റ്റനായി തിരിച്ചെത്തും. അതേസമയം പരിക്കിനെ തുടര്‍ന്ന് കെ എല്‍ രാഹുലിന് പരമ്പര നഷ്ടമാവും. അങ്ങനെ വരുമ്പോള്‍ ഗില്‍ ഓപ്പണറാവാന്‍ തന്നെയാണ് സാധ്യത. രാഹുലിന് പകരം സൂര്യകുമാര്‍ യാദവിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

click me!