INDvNZ : എന്‍റെ ഫോമില്‍ ആശങ്കയില്ല, സെഞ്ചുറി അടിച്ചാല്‍ എല്ലാമായില്ല; ഗംഭീറിന് മറുപടിയുമായി രഹാനെ

By Web TeamFirst Published Nov 24, 2021, 7:17 PM IST
Highlights

ടീമിനായി ഏതൊക്കെ രീതിയില്‍ സംഭാവന നല്‍കാമെന്നു മാത്രമാണ് ഞാന്‍ എപ്പോഴും ചിന്തിക്കുന്നത്, അതിനര്‍ത്ഥം എല്ലാ മത്സരങ്ങളിലും സെഞ്ചുറി നേടണമെന്നല്ല. നിര്‍ണായക നിമിഷങ്ങളില്‍ 30-40 റണ്‍സോ അല്ലെങ്കില്‍ 50-60 റണ്‍സോ നേടുകയെന്നും വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഞാന്‍ എപ്പോഴും എന്‍റെ ടീമിനെ കുറിച്ചാണ് ചിന്തിക്കുന്നത്. എനിക്ക് മുന്നില്‍ എന്താണുള്ളത് ? അല്ലെങ്കില്‍ ഭാവിയില്‍ എനിക്ക് എന്തുസംഭവിക്കും എന്നൊന്നും ഞാന്‍ ചിന്തിക്കാറില്ല.

കാണ്‍പൂര്‍: ഇന്ത്യ-ന്യൂസിലന്‍ഡ്(INDvNZ) ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം നാളെ കാണ്‍പൂരില്‍ തുടങ്ങാനിരിക്കെ തന്‍റെ ബാറ്റിംഗ് ഫോമിനെക്കുറിച്ച് ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുന്ന അജിങ്ക്യാ രഹാനെ(Ajinkya Rahane).തന്‍റെ ഫോമില്‍ തനിക്ക് യാതൊരു ആശങ്കയുമില്ലെന്ന് രഹാനെ മത്സരത്തലേന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ടീമിനായി ഏതൊക്കെ രീതിയില്‍ സംഭാവന നല്‍കാമെന്നു മാത്രമാണ് ഞാന്‍ എപ്പോഴും ചിന്തിക്കുന്നത്, അതിനര്‍ത്ഥം എല്ലാ മത്സരങ്ങളിലും സെഞ്ചുറി നേടണമെന്നല്ല. നിര്‍ണായക നിമിഷങ്ങളില്‍ 30-40 റണ്‍സോ അല്ലെങ്കില്‍ 50-60 റണ്‍സോ നേടുകയെന്നും വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഞാന്‍ എപ്പോഴും എന്‍റെ ടീമിനെ കുറിച്ചാണ് ചിന്തിക്കുന്നത്. എനിക്ക് മുന്നില്‍ എന്താണുള്ളത് ? അല്ലെങ്കില്‍ ഭാവിയില്‍ എനിക്ക് എന്തുസംഭവിക്കും എന്നൊന്നും ഞാന്‍ ചിന്തിക്കാറില്ല.

എന്‍റെ രാജ്യത്തെ നയിക്കാന്‍ സാധിച്ചതില്‍ ഞാന്‍ ഭാഗ്യവാന്‍ തന്നെയാണ്, അതെനിക്ക് ലഭിച്ച വലിയ ബഹുമതിയായി ഞാന്‍ കാണുന്നു. അതുകൊണ്ട് തന്നെ ഭാവിയില്‍ എന്തുസംഭവിക്കും എന്നതിനെ കുറിച്ചോര്‍ത്ത് ഞാന്‍ വിഷമിക്കുന്നില്ല. സംഭവിക്കേണ്ടത് സംഭവിക്കുക തന്നെ ചെയ്യും. ഈ നിമിഷത്തില്‍ ടീമിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കുകയെന്നതില്‍ മാത്രമാണ് എന്‍റെ ശ്രദ്ധ, ബാറ്റ് ചെയ്യുമ്പോള്‍ ക്യാപ്റ്റനെന്ന നിലയിലല്ല, ഒരു ബാറ്ററായാണ് ഞാന്‍ അവിടെയുള്ളത്. ആ നിമിഷത്തില്‍ ഞാന്‍ എന്‍റെ ബാറ്റിംഗിനെ കുറിച്ച്‌ മാത്രമായിരിക്കും ചിന്തിക്കുക. എന്‍റെ ബാറ്റിങ് അവസാനിച്ച്‌ ടീം ഫീല്‍ഡ് ചെയ്യുമ്പോഴാണ് എന്‍റെ ക്യാപ്റ്റന്‍സി ആരംഭിക്കുന്നത്-രഹാനെ പറഞ്ഞു.

ക്യാപ്റ്റന്‍ വിരാട് കോലിയുടെ അഭാവത്തില്‍ രഹാനെയാണ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയെ നയിക്കുന്നത്. പരമ്പരയ്ക്ക് മുന്‍പേ മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍(Gautam Gambhir) അടക്കമുള്ളവര്‍ അജിങ്ക്യ രഹാനെയെ വിമര്‍ശിച്ച്‌ രംഗത്തെത്തിയിരുന്നു.കഴിഞ്ഞ രണ്ട് വര്‍ഷമായി മോശം ഫോമിലുള്ള രഹാനെ ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ മികവിലേക്ക് ഉയരേണ്ടതുണ്ടെന്നും  വിരാട് കോലിയുടെ അഭാവത്തില്‍ ഇന്ത്യയെ നയിക്കുന്നതുകൊണ്ട് മാത്രമാണ് രഹാനെ ടീമിലിടം നേടിയതെന്നും അത് രഹാനെയുടെ ഭാഗ്യമാണെന്നും ഗൗതം ഗംഭീര്‍ ഗംഭീര്‍ പറഞ്ഞിരുന്നു.

ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ വിരാട് കോലിയുടെ അഭാവത്തില്‍ രഹാനെയാണ് ഇന്ത്യയെ നയിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഓസ്ട്രേലിയക്കെതിരായ മെല്‍ബണ്‍ ടെസ്റ്റില്‍ സെഞ്ചുറി നേടിയശേഷം  രഹാനെ ടെസ്റ്റില്‍ ഒരു അര്‍ധസെഞ്ചുറി മാത്രമാണ് നേടിയത്.

ഇംഗ്ലണ്ടിനെതിരായ നാല് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ 15.57 ശരാശരിയില്‍ 109 റണ്‍സ് മാത്രമാണ് രഹാനെ നേടിയത്. ലോര്‍ഡ്സ് ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ നേടിയ 61 റണ്‍സായിരുന്നു ഉയര്‍ന്ന സ്കോര്‍. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ പരാജയത്തിനുശേഷം രഹാനെയുടെ ടെസ്റ്റ് ടീമിലെ സ്ഥാനം പോകുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും വിരാട് കോലിയുടെയും രോഹിത് ശര്‍മയുടെയും അസാന്നിധ്യത്തില്‍ പരിചയസമ്പത്ത് കണക്കിലെടുത്ത് വൈസ്യ ക്യാപ്റ്റനായ രഹാനെയെ ക്യാപ്റ്റനായി നിലനിര്‍ത്തുകയായിരുന്നു.

click me!