
ധാക്ക: ബംഗ്ലാദേശിന് എതിരായ ട്വന്‍റി 20 പരമ്പരയിലൂടെ രാജ്യാന്തര അരങ്ങേറ്റം ഗംഭീരമാക്കിയിരിക്കുകയാണ് മലയാളി വനിതാ ക്രിക്കറ്റർ മിന്നു മണി. ആദ്യ ടി20യില്‍ ഒന്നും രണ്ടും മൂന്നും മത്സരങ്ങളില്‍ രണ്ട് വീതവും വിക്കറ്റ് നേടിയ മിന്നു ഫീല്‍ഡിംഗിലും മിന്നി. മൂന്നാം ടി20യില്‍ തകർപ്പന്‍ ഫോമില്‍ ബാറ്റ് വീശുകയായിരുന്ന ബംഗ്ലാ ഓപ്പണർ ഷമീമ സുല്‍ത്താനയെയാണ് മിന്നു മണി-യാസ്തിക ഭാട്യ സഖ്യം റണ്ണൗട്ടാക്കിയത്. മിന്നുവിന്‍റെ അളന്നുമുറിച്ച ത്രോയാണ് വിക്കറ്റിന് വഴിയൊരുക്കിയത്. നേരത്തെ പവർപ്ലേക്കിടെ മറ്റൊരു ബംഗ്ലാ ഓപ്പണർ ഷാതി റാണി, മൂന്നാം നമ്പർ താരം ദിലാര അക്തർ എന്നിവരുടെ വിക്കറ്റ് മിന്നു നേടിയിരുന്നു.
ആദ്യ രണ്ട് ടി20കളും ജയിച്ച് ബംഗ്ലാദേശിനെ വൈറ്റ് വാഷ് ചെയ്യാനിറങ്ങിയ ഇന്ത്യന്‍ വനിതകള്‍ക്ക് അതിന് സാധിച്ചില്ല. മൂന്നാം ട്വന്‍റി 20 നാല് വിക്കറ്റിന് ബംഗ്ലാ വനിതകള്‍ സ്വന്തമാക്കി. എങ്കിലും 2-1ന് പരമ്പര ഇന്ത്യക്ക് സ്വന്തം. പരമ്പരയിലെ അവസാന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ 9 വിക്കറ്റിന് 102 റണ്‍സ് മാത്രം നേടിയപ്പോള്‍ ബംഗ്ലാദേശ് 18.2 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ ജയത്തിലെത്തുകയായിരുന്നു. 2018 ഏഷ്യാ കപ്പ് ഫൈനലിന് ശേഷം ഇതാദ്യമായാണ് ബംഗ്ലാദേശ് വനിതകള്‍ ഇന്ത്യയെ തോല്‍പിക്കുന്നത്. 46 പന്തില്‍ 42 റണ്‍സെടുത്ത ഷമീമ സുല്‍ത്താനയാണ് ബംഗ്ലാദേശിന്‍റെ ടോപ് സ്കോറർ. ഇന്ത്യക്കായി മിന്നു മണിയും ദേവിക വൈദ്യയും രണ്ട് വീതവും ജമീമ റോഡ്രിഗസ് ഒരു വിക്കറ്റും നേടി. നാല് ഓവറില്‍ 28 റണ്‍സിനാണ് മിന്നു 2 വിക്കറ്റ് സ്വന്തമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ വനിതകള്‍ക്ക് തുടക്കവും ഒടുക്കവും പാളി. ഓപ്പണർമാരായ സ്മൃതി മന്ഥാന 1 ഉം ഷെഫാലി വർമ്മ 11 ഉം ജെമീമ റോഡ്രിഗസ് 28 ഉം റണ്‍സിന് പുറത്തായപ്പോള്‍ 41 പന്തില്‍ 40 നേടിയ ക്യാപ്റ്റന്‍ ഹർമന്‍പ്രീത് കൗറായിരുന്നു ടോപ് സ്കോറർ. യാസ്തിക ഭാട്യ(12), അമന്‍ജോത് കൗർ(2), പൂജ വസ്ത്രകർ(2), ദീപ്തി ശർമ്മ(4), മിന്നു മണി(1), ദേവിക വൈദ്യ(1) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്കോർ.
Read more: 'മിന്നു മണി അഭിമാനം', പ്രശംസിച്ച് സഞ്ജു സാംസണ്‍; നന്ദി ചേട്ടാ എന്ന് മിന്നുവിന്‍റെ മറുപടി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം