ഐപിഎല്‍ താരലേലം: കോട്രല്‍ സല്യൂട്ടിന് 8.5 കോടി; സ്റ്റെയിനെ വാങ്ങാന്‍ ആളില്ല

By Web TeamFirst Published Dec 19, 2019, 5:24 PM IST
Highlights

വിക്കറ്റെടുത്താലുള്ള സൈനിക സല്യൂട്ട് കൊണ്ട് ലോകകപ്പില്‍ തന്നെ ആരാധകരുടെ ഹൃദയം കവര്‍ന്ന കോട്രല്‍ ഇന്ത്യക്കെതിരായ പരമ്പരയിലും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്.

കൊല്‍ക്കത്ത: ഐപിഎല്‍ താരലേലത്തില്‍ വെസ്റ്റ് ഇന്‍ഡീസ് പേസ് ബൗളര്‍ ഷെല്‍ഡണ്‍ കോട്രലിനെ സ്വന്തമാക്കി കിംഗ്സ് ഇലവന്‍ പഞ്ചാബ്. വാശിയേറിയ ലേലത്തിനൊടുവില്‍ 8.5 കോടി രൂപയ്ക്കാണ് പഞ്ചാബ് കോട്രലിനെ സ്വന്തമാക്കിയത്. 50 ലക്ഷം രൂപയായിരുന്നു കോട്രലിന്റെ അടിസ്ഥാന വില.

വിക്കറ്റെടുത്താലുള്ള സൈനിക സല്യൂട്ട് കൊണ്ട് ലോകകപ്പില്‍ തന്നെ ആരാധകരുടെ ഹൃദയം കവര്‍ന്ന കോട്രല്‍ ഇന്ത്യക്കെതിരായ പരമ്പരയിലും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. വെസ്റ്റ് ഇന്‍ഡീസിന്റെ ഷായ് ഹോപ്പ്, ഇന്ത്യയുടെ നമാന്‍ ഓജ, ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്‍ സ്റ്റെയിന്‍ എന്നിവര്‍ക്കും ആവശ്യക്കാരുണ്ടായില്ല.

കൊല്‍ക്കത്ത കൈവിട്ട പിയൂഷ് ചൗളയെ 6.75 കോടി നല്‍കി ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്വന്തമാക്കിയതാണ് ലേലത്തിലെ മറ്റൊരു സര്‍പ്രൈസ്. കിംഗ്സ് ഇലവന്‍ പഞ്ചാബും മുംബൈ ഇന്ത്യന്‍സും ചൗളയ്ക്കായി വാശിയോടെ ലേലം വിളിച്ചെങ്കിലും ഒടുവില്‍ ചെന്നൈ സ്വന്തമാക്കി. 2018 ഐപിഎല്ലിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനായ ഓസ്ട്രേലിയയുടെ ആന്‍ഡ്രു ടൈയെ(24 വിക്കറ്റ്) ഇത്തവണ ആരും വാങ്ങിയില്ല.

ന്യൂസിലന്‍ഡ് താരം ടിം സൗത്തിക്കും ആവശ്യക്കാരുണ്ടായില്ല. എന്നാല്‍ ഓസീസ് പേസര്‍ നേഥന്‍ കൂള്‍ട്ടര്‍നൈലിനെ എട്ട് കോടി നല്‍കി മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി. കഴിഞ്ഞ രണ്ട് ലേലത്തിലും കോടിപതിയായിരുന്നു ഇന്ത്യയുടെ ജയദേവ് ഉനദ്ഘട്ടിന് മൂന്ന് കോടി മുടക്കി രാജസ്ഥാന്‍ റോയല്‍സ് കൂടാരത്തിലെത്തിച്ചു.

click me!