ചെന്നൈക്ക് ആശ്വാസം; കൊവിഡ് മുക്തനായി പേസര്‍ തിരിച്ചെത്തി

By Web TeamFirst Published Sep 10, 2020, 8:41 PM IST
Highlights

ചാഹര്‍ പരിശീലനം നടത്തുന്നതിന്റെ ചിത്രവും ചെന്നൈ സോഷ്യല്‍ മീഡിയ ഹാന്‍ഡിലില്‍ പങ്കുവെച്ചു. അതേസമയം, ചാഹറിനൊപ്പം കൊവിഡ് പോസറ്റീവായ ബാറ്റ്സ്മാന്‍ റിതുരാജ് ഗെയ്‌ക്‌വാദ് ഇപ്പോഴും ക്വാറന്റീനിലാണ്.

ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് ആശ്വാസ വാര്‍ത്ത. കൊവിഡ് പോസറ്റീവ് ആയതിനെത്തുടര്‍ന്ന് ക്വാറന്റീനിലായിരുന്ന പേസ് ബൗളര്‍ ദീപക് ചാഹര്‍ പരിശീനം പനരാരംഭിച്ചു. 14 ദിവസത്തെ ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കി രണ്ട് തവണ കൊവിഡ് പരിശോധനക്കു വിധേയനായി ഫലം നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചശേഷമാണ് ചാഹര്‍ പരിശീലനത്തിനെത്തിയതെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് സിഇഒ കാശി വിശ്വനാഥന്‍ പറഞ്ഞു.

ചാഹര്‍ പരിശീലനം നടത്തുന്നതിന്റെ ചിത്രവും ചെന്നൈ സോഷ്യല്‍ മീഡിയ ഹാന്‍ഡിലില്‍ പങ്കുവെച്ചു. അതേസമയം, ചാഹറിനൊപ്പം കൊവിഡ് പോസറ്റീവായ ബാറ്റ്സ്മാന്‍ റിതുരാജ് ഗെയ്‌ക്‌വാദ് ഇപ്പോഴും ക്വാറന്റീനിലാണ്. ശനിയാഴ്ചയാണ് ഗെയ്‌ക്‌വാദിന്റെ ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാവുക. അദ്ദേഹം ക്വാറന്റീനിലാണെങ്കിലും സുഖമായി ഇരിക്കുന്നുവെന്നും മറ്റ് രോഗലക്ഷണങ്ങള്‍ ഒന്നുമില്ലെന്നും കാശി വിശ്വനാഥന്‍ പറഞ്ഞു.

Deeback Chahar! 🦁💛 pic.twitter.com/muWNCiB2KF

— Chennai Super Kings (@ChennaiIPL)

ഐപിഎല്ലിന് മുന്നോടിയായി ദുബായിലെത്തിയ ചെന്നൈ ടീമിലെ രണ്ട് കളിക്കാര്‍ക്ക് അടക്കം 13 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് വലിയ തിരിച്ചടിയായിരുന്നു. തുടര്‍ന്ന് ചെന്നൈ ടീമിന്റെ ക്വാറന്റീന്‍ കാലാവധി നീട്ടിയിരുന്നു. സെപ്റ്റംബര്‍ നാലിനാണ് കൊവിഡ് സ്ഥിരീകരിച്ച രണ്ടുപേരൊഴികെയുള്ള ചെന്നൈ താരങ്ങള്‍ പരിശീലനത്തിനിറങ്ങിയത്. നേരത്തെ ഐപിഎല്ലില്‍ നിന്ന് സുരേഷ് റെയ്നയും ഹര്‍ഭജന്‍ സിംഗും പിന്‍മാറിയതും ചെന്നൈക്ക് തിരിച്ചടിയായിരുന്നു. ടി20 ക്രിക്കറ്റില്‍ ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള ചാഹര്‍ ചെന്നൈയുടെ ബൗളിംഗ് കുന്തമുനയാണ്.

click me!