കൊവിഡ് 19 : ഐപിഎല്‍ ആദ്യഘട്ടത്തില്‍ വിദേശ താരങ്ങളുടെ പങ്കാളിത്തം അനിശ്ചിതത്വത്തില്‍

By Web TeamFirst Published Mar 11, 2020, 11:19 PM IST
Highlights

കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിമാരുടെ യോഗത്തിലാണ് സന്ദര്‍ശക വിസകള്‍ക്ക് ഏപ്രില്‍ 15വരെ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. 13ന് അര്‍ധരാത്രിമുതല്‍ നിരോധനം പ്രാബല്യത്തിലാവും.

മുംബൈ: ഐപിഎല്‍ ആദ്യഘട്ടത്തില്‍ വിദേശ താരങ്ങളുടെ പങ്കാളിത്തം അനിശ്ചിതത്വത്തില്‍. കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ ഏപ്രില്‍ 15വരെ സന്ദര്‍ശക വിസ അപേക്ഷകളെല്ലാം റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ്.  നയതന്ത്ര, ഔദ്യോഗിക, യുഎന്‍, രാജ്യാന്തര സംഘടനകള്‍, തൊഴില്‍ വിസ, പ്രൊജക്ട് വിസ എന്നിവയൊഴികെ എല്ലാ സന്ദര്‍ശ വിസകളും റദ്ദാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് തീരുമാനിച്ചത്.

കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിമാരുടെ യോഗത്തിലാണ് സന്ദര്‍ശക വിസകള്‍ക്ക് ഏപ്രില്‍ 15വരെ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. 13ന് അര്‍ധരാത്രിമുതല്‍ നിരോധനം പ്രാബല്യത്തിലാവും. ഇക്കാലയളവില്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യാനാഗ്രഹിക്കുന്ന വിദേശികള്‍ ഇന്ത്യന്‍ ഹൈക്കമ്മീഷനുമായി ബന്ധപ്പെടണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.  എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തെക്കുറിച്ച് ഐപിഎല്‍ അധികൃതരുടെ പ്രതികരണം ലഭ്യമായിട്ടില്ല.

സന്ദര്‍ശക വിസകള്‍ റദ്ദാക്കിയതോടെ വിദേശതാരങ്ങള്‍ക്ക് ഐപിഎല്ലില്‍ കളിക്കാനായി ഇന്ത്യയിലെത്താനാവില്ല. ഈ സാഹചര്യത്തില്‍ ഐപിഎല്‍ താരലേലത്തില്‍ വന്‍തുക നല്‍കി സ്വന്തമാക്കിയ താരങ്ങളില്ലാതെ ഐപിഎല്ലിതെ ആദ്യഘട്ടം ടീമുകള്‍ക്ക് കളിക്കേണ്ടിവരും. ഐപിഎല്ലിന്റെ പകിട്ടിനും ഇത് മങ്ങലേല്‍പ്പിക്കും.കൊവിഡ് 19 ആശങ്ക പടരുന്ന സാഹചര്യത്തില്‍ ഐപിഎല്‍ നടത്തിപ്പ് ചര്‍ച്ച ചെയ്യാനായി നിര്‍ണായക ഐപിഎല്‍ ഭരണസമിതി യോഗം ശനിയാഴ്ച മുംബൈയില്‍ ചേരുന്നുണ്ട്. വിദേശ താരങ്ങളുടെ പങ്കാളിത്തവും യോഗത്തില്‍ ചര്‍ച്ചയാവുമെന്നാണ് കരുതുന്നത്.

click me!