ഐപിഎല്‍ പൂരത്തിന് മാര്‍ച്ച് 29ന് കൊടിയേറും; ഫൈനല്‍ മെയ് 24ന്

By Web TeamFirst Published Jan 27, 2020, 8:01 PM IST
Highlights

കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ടും നോ ബോള്‍ നിയമവുമായിരിക്കും ഇത്തവണത്തെ ഐപിഎല്ലിലെ പുതുമകള്‍.സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കുന്നതിനായി ഐപിഎല്ലിന് മുന്നോടിയായി ലോകോത്തര താരങ്ങളെ പങ്കെടുപ്പിച്ച് ഐപിഎല്‍ ഓള്‍ സ്റ്റാര്‍സ് ടൂര്‍ണമെന്റ് നടത്തും.

മുംബൈ: പതിമൂന്നാമത് ഐപിഎല്‍ സീസണ് മാര്‍ച്ച് 29ന് തുടക്കമാവും. മെയ് 24നാണ് ഫൈനല്‍. തിങ്കളാഴ്ച ദില്ലിയില്‍ ചേര്‍ന്ന ഐപിഎല്‍ ഭരണസമിതി യോഗമാണ് തീയതികള്‍ സംബന്ധിച്ച തീരുമാനമെടുത്തത്. മുംബൈയിലായിരിക്കും ഫൈനല്‍.

മത്സരത്തിന്റെ സമയത്തില്‍ മാറ്റം വരുത്തിയിട്ടില്ല. നേരത്തെ മത്സരങ്ങള്‍ 7.30ന് തുടങ്ങുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഈ സീസണിലും  എട്ടു മണിക്ക് തന്നെയായിരിക്കും മത്സരങ്ങള്‍ തുടങ്ങുക. അഞ്ച് മത്സരങ്ങള്‍ മാത്രമായിരിക്കും വൈകിട്ട് നാലു മണിക്ക് തുടങ്ങുക.

മത്സരങ്ങള്‍ അര മണിക്കൂര്‍ നേരത്തെയാക്കണമെന്ന് മത്സരത്തിന്റെ ഔദ്യോഗിക ബ്രോഡ്‌കാസ്റ്റര്‍മാരായ സ്റ്റാര്‍ സ്പോര്‍ട്സ് ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ സീസണിലും സമയക്രമത്തില്‍ മാറ്റമുണ്ടാകില്ലെന്ന് യോഗത്തിനുശേഷം ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കി.

കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ടും നോ ബോള്‍ നിയമവുമായിരിക്കും ഇത്തവണത്തെ ഐപിഎല്ലിലെ പുതുമകള്‍.സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കുന്നതിനായി ഐപിഎല്ലിന് മുന്നോടിയായി ലോകോത്തര താരങ്ങളെ പങ്കെടുപ്പിച്ച് ഐപിഎല്‍ ഓള്‍ സ്റ്റാര്‍സ് ടൂര്‍ണമെന്റ് നടത്തുമെന്നും ഗാംഗുലി പറഞ്ഞു.

ഐപിഎല്‍ ഉദ്ഘാടന മത്സരത്തിന് മൂന്ന് ദിവസം മുമ്പായിരിക്കും ഈ മത്സരം. എന്നാല്‍ ഇതിന്റെ വേദി അഹമ്മദാബാദില്‍ നിര്‍മിക്കുന്ന പുതിയ സ്റ്റേഡിയമായിരിക്കില്ലെന്നും സ്റ്റേഡിയം നിര്‍മാണം പൂര്‍ത്തിയായിട്ടില്ലെന്നും ഗാംഗുലി പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാണ് അഹമ്മദാബാദിലെ മൊട്ടേരയില്‍ നിര്‍മാണം പുരോഗമിക്കുന്നത്.

click me!