ഐപിഎല്‍: രാജസ്ഥാന്‍ റോയല്‍സിന് സന്തോഷവാര്‍ത്ത; സൂപ്പര്‍ താരം തിരിച്ചെത്തും

By Web TeamFirst Published Mar 31, 2021, 10:50 PM IST
Highlights

നേരത്തെ പരിക്കുമൂലം ആര്‍ച്ചര്‍ക്ക് ഐപിഎല്‍ പൂര്‍ണമായും നഷ്ടമാകുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ആര്‍ച്ചര്‍ തിങ്കളാഴ്ച കൈവിരലിലെ വേദനക്ക് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.

ജയ്പൂര്‍: ഐപിഎല്ലില്‍ മലയാളി താരം സഞ്ജു സാംസണിന്‍റെ നേതൃത്വത്തിലിറങ്ങുന്ന രാജസ്ഥാന്‍ റോയല്‍സിന് സന്തോഷവാര്‍ത്ത. ഇന്ത്യക്കെതിരായ ഏകദിന പരമ്പരക്കിടെ പരിക്കേറ്റ് മടങ്ങിയ സൂപ്പര്‍ താരം ജോഫ്ര ആര്‍ച്ചര്‍ ഐപിഎല്ലില്‍ തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ട്. ആദ്യ നാല് മത്സരങ്ങള്‍ക്കുശേഷം ആര്‍ച്ചര്‍ രാജസ്ഥാന്‍ റോയല്‍സിനായി പന്തെറിയാന്‍ എത്തിയേക്കുമെന്ന് ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു.

നേരത്തെ പരിക്കുമൂലം ആര്‍ച്ചര്‍ക്ക് ഐപിഎല്‍ പൂര്‍ണമായും നഷ്ടമാകുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ആര്‍ച്ചര്‍ തിങ്കളാഴ്ച കൈവിരലിലെ വേദനക്ക് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. കൈവിരലില്‍ കുത്തിയക്കയറിയ ഗ്ലാസ് ചീളാണ് വേദനക്ക് കാരണമെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ ഗ്ലാസ് ചീള് നീക്കം ചെയ്ത ഡോക്ടര്‍മാര്‍ ആര്‍ച്ചര്‍ക്ക് രണ്ടാഴ്ച വിശ്രമമാണ് നിര്‍ദേശിച്ചിരിക്കുന്നത്.  

വീട്ടിലെ ഫിഷ് ടാങ്ക് വൃത്തിയാക്കുന്നതിനിടെ താഴെ വീണ് പൊട്ടിയപ്പോള്‍ എടുത്തു മാന്‍ ശ്രമിക്കുമ്പോഴാണ് ആര്‍ച്ചറുടെ കൈവിരലില്‍ ഗ്ലാസ് ചീള് കുത്തിക്കയറിയത്. എന്നാല്‍ ആര്‍ച്ചറുടെ കൈമുട്ടിലെ പരിക്കിന്‍റെ കാര്യത്തില്‍ ഇപ്പോഴും കൂടുതല്‍ വിശദീകരണങ്ങളൊന്നും ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് പുറത്തുവിട്ടിട്ടില്ല. രണ്ടാഴ്ചക്കുശേഷം ആര്‍ച്ചര്‍ പരിശീലനം പുനരാരംഭിക്കുമെന്നും ഇതിനുശേഷമെ കൈമുട്ടിലെ പരിക്കിന്‍റെ കാര്യത്തില്‍ കൂടുതല്‍ വ്യക്തതവരൂ എന്നാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിരിക്കുന്നത്.  

ഏപ്രില്‍ 12ന് പഞ്ചാബ് കിംഗിസിനെതിരെ ആണ് രാജസ്ഥാന്‍റെ ആദ്യ മത്സരം. 2018ല്‍ റോയല്‍സിലെത്തി ആര്‍ച്ചര്‍ കഴിഞ്ഞ രണ്ട് സീസണിലും അവരുടെ ബൗളിംഗ് കുന്തമുനയായിരുന്നു.

click me!