IPL 2022 : ധോണി ഈസ് ബാക്ക്, വിജയവും; സണ്‍റൈസേഴ്‍സിനെ തകർത്ത് സൂപ്പറാക്കി ചെന്നൈ

Published : May 01, 2022, 11:09 PM ISTUpdated : May 01, 2022, 11:17 PM IST
IPL 2022 : ധോണി ഈസ് ബാക്ക്, വിജയവും; സണ്‍റൈസേഴ്‍സിനെ തകർത്ത് സൂപ്പറാക്കി ചെന്നൈ

Synopsis

ധോണിയുടെ ക്യാപ്റ്റന്‍സി തിരിച്ചുവരവില്‍ ചെന്നൈക്ക് ജയമധുരം, സണ്‍റൈസേഴ്‍സ് ഹൈദരാബാദിനെ അടിച്ചോടിച്ചും എറിഞ്ഞ് വിറപ്പിച്ചും വിജയം. 

പുനെ: ഐപിഎല്ലില്‍ (IPL 2022) എം എസ് ധോണിയുടെ (MS Dhoni) ക്യാപ്റ്റന്‍സി തിരിച്ചുവരവില്‍ ചെന്നൈ സൂപ്പർ കിംഗ്സിന് (Chennai Super Kings) ത്രില്ലർ ജയം. ചെന്നൈ മുന്നോട്ടുവെച്ച 203 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന സണ്‍റൈസേഴ്സ് ഹൈദരാബാദിന് (Sunrisers Hyderabad) 20 ഓവറില്‍ ആറ് വിക്കറ്റിന് 189 റണ്‍സെടുക്കാനേയായുള്ളൂ. 13 റണ്‍സിനാണ് സിഎസ്‍കെയുടെ (CSK) ജയം. മുകേഷ് ചൌധരി (Mukesh Choudhary) നാല് വിക്കറ്റ് നേടിയപ്പോള്‍ നിക്കോളാസ് പുരാന്‍റെ (Nicholas Pooran) പോരാട്ടം പാഴായി. 

ക്യാപ്റ്റന്‍ മാറി, കഥ മാറി! 

മറുപടി ബാറ്റിംഗില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഓപ്പണർമാർ പവർപ്ലേ പവറാക്കാന്‍ ശ്രമിച്ചു. എന്നാല്‍ ആറാം ഓവറിലെ അവസാന രണ്ട് പന്തുകളില്‍ അഭിഷേക് ശർമ്മയെയും മൂന്നാമന്‍ രാഹുല്‍ ത്രിപാഠിയെയും പുറത്താക്കി മുകേഷ് ചൌധരി ഇരട്ട പ്രഹരം നല്‍കി. തുടർച്ചയായി രണ്ട് സിക്സർ നേടി സമ്മർദത്തിലാക്കാന്‍ ശ്രമിച്ച് എയ്‍ഡന്‍ മാർക്രാമിനെ തൊട്ടടുത്ത പന്തില്‍ സാന്‍റ്‍നർ പറഞ്ഞയച്ചു. നിക്കോളാസ് പുരാനും കെയ്ന്‍ വില്യംസണും പരമാവധി ശ്രമിച്ചു. എന്നാല്‍ ഇതിനിടെ 37 പന്തില്‍ 47 റണ്‍സെടുത്ത് നില്‍ക്കേ വില്യംസണ്‍ പ്രിറ്റോറിയസിന് മുന്നില്‍ എല്‍ബിയില്‍ കുടുങ്ങി. 

പുരാന്‍ രക്ഷകനായില്ല

15 ഓവർ പൂർത്തിയാകുമ്പോള്‍ സണ്‍റൈസേഴ്സ് 131-4 എന്ന നിലയിലായിരുന്നു. ശശാങ്ക് സിംഗിനെ കൂട്ടുപിടിച്ച് പുരാന്‍ ശ്രമിച്ചെങ്കിലും റണ‍മലയുടെ ഉയരം കൂടുതലായിരുന്നു. ശശാങ്ക് 14 പന്തില്‍ 15 ഉം വാഷിംഗ്ടണ്‍ രണ്ട് പന്തില്‍ 2ലും അടുത്ത പന്തുകളില്‍ മുകേഷ് ചൌധരിയുടെ ഓവറില്‍ മടങ്ങിയതോടെ സണ്‍റൈസേഴ്സ് പ്രതിസന്ധിയിലായി. പിന്നാലെ ഇരട്ട ഭാഗ്യം പുരാന് ലഭിച്ചെങ്കിലും റണ്‍മലയുടെ ഉയരം കീഴടക്കാന്‍ പോന്നതല്ലായിരുന്നു. പുരാന്‍ 33 പന്തില്‍ 64* ഉം മാർക്കോ ജാന്‍സണ്‍ അക്കൌണ്ട് തുറക്കാതെയും പുറത്താകാതെ നിന്നു. 

പുനരവതരിച്ച് റുതുരാജ്

രവീന്ദ്ര ജഡേജ മാറി എം എസ് ധോണി വീണ്ടും നായകനായപ്പോള്‍ ഈ സീസണിലെ ഗംഭീര തുടക്കങ്ങളിലൊന്നാണ് മത്സരത്തില്‍ ചെന്നൈ സൂപ്പർ കിംഗ്സ് നേടിയത്. പ്രതാപകാലത്തേക്ക് ആരാധകരെ തിരികെ കൊണ്ടുപോയ റുതുരാജ് ഗെയ്ക്‌വാദിനൊപ്പം ദേവോണ്‍ കോണ്‍വേ ചെന്നൈക്ക് അതിശയിപ്പിക്കുന്ന തുടക്കം നല്‍കി. ഗെയ്ക്‌വാദ് 33 പന്തില്‍ 50 തികച്ചു. പിന്നാലെ പേസ് എക്സ്പ്രസ് ഉമ്രാന്‍ മാലിക്കനെയടക്കം തകർത്തടിച്ച് ഗെയ്ക്‌വാദ് സിക്സർ പൂരമൊരുക്കി. പവർപ്ലേയില്‍ വിക്കറ്റ് നഷ്ടമില്ലാതെ 40 റണ്‍സെടുത്ത ടീമിനെ 11-ാം ഓവറില്‍ എയ്ഡന്‍ മാർക്രാമിനെ അടിച്ചുപറത്തി ഗെയ്ക്‌വാദ് 100 കടത്തി. 

കോണ്‍വേയും ഒരേയടി

12 ഓവർ പൂർത്തിയാകുമ്പോള്‍ ചെന്നൈ വിക്കറ്റ് നഷ്ടമില്ലാതെ 117 റണ്‍സ്. 39 പന്തില്‍ കോണ്‍വേയും അർധ സെഞ്ചുറി തികത്തോടെ 15 ഓവറില്‍ 150 കടന്നു സിഎസ്‍കെ. 18-ാം ഓവറില്‍ 99ല്‍ നില്‍ക്കേ സെഞ്ചുറിക്കരികെ ഗെയ്ക്‌വാദിനെ  ഭുവിയുടെ കൈകളില്‍ നടരാജന്‍ എത്തിച്ചു. 17.5 ഓവറില്‍ 182ല്‍ നില്‍ക്കേയാണ് ചെന്നൈയുടെ ഓപ്പണിംഗ് കൂട്ടുകെട്ട് പൊളിയുന്നത്. ഗെയ്ക്‌വാദ് 57 പന്തില്‍ ആറ് വീതം ഫോറും സിക്സറും സഹിതം 99 റണ്ണെടുത്തു. പിന്നാലെയെത്തിയ ധോണിയെ 7 പന്തില്‍ എട്ടില്‍ നില്‍ക്കേ നട്ടു മടക്കി. ചെന്നൈ ഇന്നിംഗ്‍സ് അവസാനിക്കുമ്പോള്‍ കോണ്‍വേയ്ക്കൊപ്പം (55 പന്തില്‍ 58*) രവീന്ദ്ര ജഡേജ 1* പുറത്താകാതെ നിന്നു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

വിജയ് മര്‍ച്ചന്റ് ട്രോഫി: കേരളത്തിനെതിരെ ബംഗാളിന് 15 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്
ആരോണ്‍-വിഹാല്‍ സഖ്യം നയിച്ചു, അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഇന്ത്യ ഫൈനലില്‍; ലങ്കയെ തോല്‍പ്പിച്ചത് എട്ട് വിക്കറ്റിന്