IPL 2022: പൊരുതിയത് റസല്‍ മാത്രം, കൊല്‍ക്കത്തയെ വീഴ്ത്തി ഗുജറാത്ത് വീണ്ടും തലപ്പത്ത്

By Web TeamFirst Published Apr 23, 2022, 7:41 PM IST
Highlights

റസല്‍ ക്രീസില്‍ നില്‍ക്കെ അവസാന ഓവറില്‍ 18 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. അല്‍സാരി ജോസഫിന്‍റെ ആദ്യ പന്തില്‍ പടുകൂറ്റന്‍ സിക്സര്‍ നേടിയ റസല്‍ കൊല്‍ക്കത്തക്ക് പ്രതീക്ഷ നല്‍കിയെങ്കിലും രണ്ടാം പന്തില്‍ റസലിനെ വീഴ്ത്തി ജോസഫ് ഗുജറാത്തിന്‍റെ ജയമുറപ്പിച്ചു.

മുംബൈ: ഐപിഎല്ലില്‍ (IPL 2022) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ എട്ട് റണ്‍സിന് കീഴടക്കി ഗുജറാത്ത് ടൈറ്റന്‍സ്(KKR vs GT) പോയന്‍റ് പട്ടികയില്‍ വീണ്ടും ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. 157 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 25 പന്തില്‍ 48 റണ്‍സെടുത്ത ആന്ദ്രെ റസല്‍ മാത്രമെ കൊല്‍ക്കത്തക്കായി പൊരുതിയുള്ളു.

റസല്‍ ക്രീസില്‍ നില്‍ക്കെ അവസാന ഓവറില്‍ 18 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. അല്‍സാരി ജോസഫിന്‍റെ ആദ്യ പന്തില്‍ പടുകൂറ്റന്‍ സിക്സര്‍ നേടിയ റസല്‍ കൊല്‍ക്കത്തക്ക് പ്രതീക്ഷ നല്‍കിയെങ്കിലും രണ്ടാം പന്തില്‍ റസലിനെ വീഴ്ത്തി ജോസഫ് ഗുജറാത്തിന്‍റെ ജയമുറപ്പിച്ചു. സ്കോര്‍ ഗുജറാത്ത് ടൈറ്റന്‍സ് 20 ഓവറില്‍ 156-7, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 20 ഓവറില്‍ 148-8. കൊല്‍ക്കത്തയുടെ തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്. തോല്‍വിയോടെ കൊല്‍ക്കത്ത പോയന്‍റ് പട്ടികയില്‍ ഏഴാം സ്ഥാനത്തേക്ക് വീണപ്പോള്‍ ഗുജറാത്ത് രാജസ്ഥാനില്‍ നിന്ന് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.

തുടക്കംമുതല്‍ അടിതെറ്റി

ഭേദപ്പെട്ട വിജയലക്ഷ്യമായിട്ടും കൊല്‍ക്കത്തക്ക് തുടക്കം മുതല്‍ തൊട്ടതെല്ലാം പിഴച്ചു. ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ സാം ബില്ലിംഗ്സിനെ(4) നഷ്ടമായ കൊല്‍ക്കത്തക്ക് വണ്‍ ഡൗണായി എത്തിയ സുനില്‍ നരെയ്നെ(5) മൂന്നാം ഓവറില്‍ നഷ്ടമായി. നിതഷ് റാണയും(2), ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും(12) കൂടി മടങ്ങുമ്പോള്‍ കൊല്‍ക്കത്ത സ്കോര്‍ ബോര്‍ഡില്‍ 34 റണ്‍സെ ഉണ്ടായിരുന്നുള്ളു.

റിങ്കു സിംഗും(28 പന്തില്‍ 35), വെങ്കടേ് അയ്യരും ചേര്‍ന്നുള്ള കൂട്ടുകെട്ട് കൊല്‍ക്കത്തയെ കരകയറ്റിയെങ്കിലും റിങ്കുവിനെ വീഴ്ത്തി യാഷ് ദയാല്‍ ഗുജറാത്തിനെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു. അതേ ഓവറില്‍ ആന്ദ്രെ റസലിനെയും ദയാല്‍ മടക്കിയെങ്കിലും നോ ബോളായി. റാഷിദ് ഖാനെ സിക്സടിക്കാന്‍ ശ്രമിച്ച വെങ്കടേഷ് അയ്യരും(17) ശിവം മാവിയും(2) മടങ്ങിയപ്പോള്‍ ഉമേഷ് യാദവിനെ(15) കൂട്ടുപിടിച്ച് പോരാട്ടം അവസാന ഓവറിലേക്ക് നീട്ടിയെങ്കിലും ഗുജറാത്ത് ബൗളര്‍മാരുടെ കൃത്യതക്ക് മുന്നില്‍ കൊല്‍ക്കത്തക്ക് പോരാട്ടം അവസാനിപ്പിക്കേണ്ടി വന്നു. ഗുജറാത്തിനായി മുഹമ്മദ് ഷമി നാലോവറില്‍ 20 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ റാഷിദ് ഖാന്‍ നാലോവറില്‍ 22 റണ്‍സിനും യാഷ് ദയാല്‍ നാലോവറില്‍ 42 റണ്‍സിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറി മികവില്‍ 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുത്തു. വണ്‍ ഡൗണായി ക്രീസിലെത്തിയ ഹാര്‍ദ്ദിക് 49 പന്തില്‍ 67 റണ്‍സെടുത്ത് ഗുജറാത്തിന്‍റെ ടോപ് സ്കോററായി. കൊല്‍ക്കത്തക്കായി ഇന്നിംഗ്സിലെ അവസാന ഓവര്‍ എറിഞ്ഞ ആന്ദ്രെ റസല്‍ അഞ്ച് റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്തപ്പോള്‍ ടിം സൗത്തി മൂന്ന് വിക്കറ്റെടുത്തു.

click me!