
മുംബൈ: ഐപിഎല്‍ പതിനഞ്ചാം സീസണിന്‍റെ (IPL 2022) തുടക്കത്തിലെ രാജസ്ഥാന്‍ റോയല്‍സിന് (Rajasthan Royals) തിരിച്ചടി. പരിക്കേറ്റ് ഓസീസ് പേസ് ഓള്‍റൗണ്ടര്‍ നേഥന്‍ കൂള്‍ട്ടര്‍ നൈല്‍ (Nathan Coulter-Nile) ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്തായി. ചികില്‍സയ്‌ക്കായി നൈല്‍ നാട്ടിലേക്ക് മടങ്ങി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ (Sunrisers Hyderabad) സീസണിലെ ആദ്യ മത്സരത്തിലാണ് കൂള്‍ട്ടര്‍ നൈലിന് പരിക്കേറ്റത്. പരിക്കിനെ തുടര്‍ന്ന് താരത്തിന് ഓവര്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല.
മത്സരത്തിനിടെ പേശീവേദന അനുഭവപ്പെട്ട നേഥന്‍ കൂൾട്ടർ നൈൽ പിന്നീടുളള രണ്ട് കളികളിലും കളിച്ചിരുന്നില്ല. 2 കോടി രൂപയ്ക്കാണ് രാജസ്ഥാൻ മെഗാതാരലേലത്തിൽ കൂൾട്ടർ നൈലിനെ സ്വന്തമാക്കിയത്. 2013 മുതൽ ഐപിഎല്ലിൽ കളിക്കുന്ന കൂൾട്ടർ നൈൽ 39 മത്സരങ്ങളിൽ 48 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. കൂൾട്ടർ നൈലിന്‍റെ പകരക്കാരനെ രാജസ്ഥാൻ റോയൽസ് പ്രഖ്യാപിച്ചിട്ടില്ല.
അവസാന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ തോല്‍വി രുചിച്ചെങ്കിലും പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരാണ് രാജസ്ഥാന്‍ റോയല്‍സ്. മൂന്ന് കളികളില്‍ രണ്ട് ജയത്തോടെ നാല് പോയിന്‍റാണ് സഞ്ജു സാംസണും കൂട്ടര്‍ക്കുമുള്ളത്.
രാജസ്ഥാന്‍ മുന്നോട്ടുവെച്ച 170 റണ്‍സ് പിന്തുടര്‍ന്ന ആര്‍സിബി ദിനേശ് കാര്‍ത്തിക്-ഷഹ്‌ബാസ് അഹമ്മദ് വെടിക്കെട്ടില്‍ അഞ്ച് പന്ത് ബാക്കിനില്‍ക്കേ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ ലക്ഷ്യത്തിലെത്തി. ഡികെ 23 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സറും സഹിതം 44 റണ്‍സുമായി പുറത്താകാതെ നിന്നു. നാല് പന്തില്‍ 9 റണ്‍സെടുത്ത ഹര്‍ഷല്‍ പട്ടേലായിരുന്നു ഒപ്പം ക്രീസില്‍. 18-ാം ഓവറിലെ അഞ്ചാം പന്തില്‍ പുറത്തായ ഷഹ്‌ബാസ് 26 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സറും സഹിതം 45 റണ്‍സെടുത്തു. ഒരുവേള തോല്‍വിയുടെ വക്കില്‍ നില്‍ക്കുകയായിരുന്ന ആര്‍സിബിയെയാണ് ഏഴാമനായിറങ്ങിയ ഡികെ രക്ഷിച്ചത്.
നേരത്തെ 47 പന്തില്‍ 70 റണ്‍സെടുത്ത ജോസ് ബട്‌ലറും 31 പന്തില്‍ 42 റണ്‍സെടുത്ത ഷിമ്രോന്‍ ഹെറ്റ്‌മെയറും 29 പന്തില്‍ 37 റണ്‍സെടുത്ത ദേവ്‌ദത്ത് പടിക്കലുമാണ് രാജസ്ഥാനെ 20 ഓവറില്‍ മൂന്ന് വിക്കറ്റിന് 169 റണ്‍സിലെത്തിച്ചത്. നായകന്‍ സഞ്ജു സാംസണ്‍ എട്ട് റണ്‍സേ നേടിയുള്ളൂ. മൂന്നാം മത്സരത്തില്‍ രാജസ്ഥാന്‍ സീസണിലെ ആദ്യ തോല്‍വി വഴങ്ങിയപ്പോള്‍ ആര്‍സിബിയുടെ രണ്ടാം ജയമാണിത്.
IPL 2022 : ഐപിഎല്ലിലെ ഡികെ വെടിക്കെട്ട് ഒരു ലക്ഷ്യം മനസില്‍ കണ്ട്; തുറന്നുപറഞ്ഞ് ഫാഫ് ഡുപ്ലസി
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!