
മുംബൈ: ടി20 ക്രിക്കറ്റില്‍ എംഎസ് ധോണിക്ക്(MS Dhoni) പുതിയ നേട്ടം. ടി20 ക്രിക്കറ്റില്‍ ചെന്നൈ മുന്‍ നായകന്‍ കൂടിയായ ധോണി 7000 റൺസ് ക്ലബ്ബിലെത്തി. ഐപിഎല്‍ കരിയറില്‍ ആദ്യമായി, നേരിട്ട ആദ്യപന്തില്‍ ധോണി സിക്സര്‍ നേടിയതും ശ്രദ്ധേയയമായി.
ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരായ പോരാട്ടത്തില്‍ പത്തൊമ്പതാം ഓവറിലാണ് ധോണി ക്രീസിലെത്തിയത്. ആ ഓവറില്‍ അതുവരെ തകര്‍ത്തടിച്ച ശിവം ദുബെയുടെ വിക്കറ്റെടുത്ത ആവേശ് ഖാന്‍റെ ആവേശമെല്ലാം ചോര്‍ത്തി, നേരിട്ട ആദ്യ രണ്ട് പന്തിൽ സിക്സും ഫോറും അടിച്ച ധോണി 10 റൺസ് നേടി. നേരിട്ട ആദ്യ പന്ത് തന്നെ സിക്സിന് പറത്തിയതോടെ പത്തൊമ്പതാം ഓവറില്‍ ഏറ്റവും കൂടുതല്‍ സിക്സ് അടിക്കുന്ന ബാറ്ററെന്ന എ ബി ഡിവില്ലിയേഴ്സിന്‍റെ റെക്കോര്‍ഡിനൊപ്പവും ധോണിയെത്തി. 36 സിക്സുകളാണ് പത്തൊമ്പതാം ഓവറില്‍ ഡിവില്ലിയേഴ്സ് നേടിയത്. 26 സിക്സ് അടിച്ചിട്ടുള്ള ആന്ദ്രെ റസല്‍, 24 സിക്സ് വീതം അടിച്ചിട്ടുള്ള കെയ്റോണ്‍ പൊള്ളാര്‍ഡ്, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരാണ് ധോണിക്കും ഡിവില്ലിയേഴ്സിനും പിന്നിലുള്ളത്.
ആന്‍ഡ്ര്യു ടൈ എറിഞ്ഞ ഇരുപതാം ഓവറിലെ അവസാന പന്ത് ബൗണ്ടറി കടത്തി ഇന്നിംഗ്സ് ഫിനിഷ് ചെയ്തതോടെ ടി20 ക്രിക്കറ്റില്‍ 7000 റൺസെന്ന നേട്ടവും ധോണി സ്വന്തമാക്കി.ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറും ആറാമത്തെ ഇന്ത്യന്‍ ബാറ്ററുമാണ് ധോണി. 10,326 റൺസ് നേടിയ വിരാട് കോലി, 9936 റൺസെടുത്ത രോഹിത് ശര്‍മ്മ, 8818 റൺസ് നേടിയ ശിഖര്‍ ധവാന്‍ 8654 റൺസടിച്ച സുരേഷ് റെയ്ന, 7070 റൺസ് നേടിയ റോബിന്‍, ഉത്തപ്പ എന്നിവരാണ് ട്വന്‍റി 20യിലെ റൺവേട്ടയിൽ ധോണിക്ക് മുന്നിലുള്ള ഇന്ത്യന്‍ ബാറ്റര്‍മാര്‍.
ആദ്യ മത്സരത്തിലെ അര്‍ധസെഞ്ച്വറിക്ക് പിന്നാലെ ലഖ്നൗവിനെതിരായ ഫിനിഷിംഗ് ടച്ചുമായതോടെ അവിശ്വാസികള്‍ മാളത്തിലൊളിക്കുമെന്ന പ്രതീക്ഷയിലാണ് സിഎസ്കെ ആരാധകര്‍. എന്നാല്‍ ധോണിയുടെ ഫിനിഷിംഗിനും ഇന്നലെ ചെന്നൈയെ രക്ഷിക്കാനായില്ല. ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് തോല്‍വി വഴങ്ങിയ ചെന്നൈ ഇന്നലെ വമ്പന്‍ സ്കോര്‍ നേടിയിട്ടും ലഖ്നൗവിനോടും തോറ്റു. ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായാണ് ചെന്നൈ ഒരു സീസണിലെ ആദ്യ രണ്ട് മത്സരങ്ങളും തോല്‍ക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!