
ചണ്ഡീഗഡ്: ഐപിഎല്ലിലെ പതിനാറാം സീസണില്‍ പുതിയ നായകനെ പ്രഖ്യാപിച്ച് പഞ്ചാബ് കിംഗ്സ്. ഇന്ത്യന്‍ ഏകദിന ടീമിന്‍റെ ഓപ്പണറായ ശിഖർ ധവാൻ ആണ് അടുത്ത സീസണില്‍ പഞ്ചാബിനെ നയിക്കുക. കഴിഞ്ഞ സീസണില്‍ പഞ്ചാബിനെ നയിച്ച മായങ്ക് അഗർവാളിന് പകരം ധവാൻ ടീമിനെ നയിക്കുമെന്ന് പഞ്ചാബ് കിംഗ്സ് ഔദ്യോഗികമായി അറിയിച്ചു.
ഐപിഎല്ലിൽ രണ്ട് തവണ കൊൽക്കത്തയെയും കഴിഞ്ഞ ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ടിനെയും ചാംപ്യന്മാരാക്കിയ ട്രവർ ബെയ്‌ലിസാണ് ടീമിന്‍റെ പരിശീലകൻ. മുന്‍ ഇന്ത്യന്‍ താരം അനില്‍ കുംബ്ലക്ക് പകരമാണ് ബെയ്‌ലിസിനെ പഞ്ചാബ് പരിശീലകനായി തിരഞ്ഞെടുത്തത്. കഴിഞ്ഞ സീസണിൽ കെ.എൽ.രാഹുൽ ടീം വിട്ടതോടെയാണ് കർണാടക താരമായ മായങ്ക് അഗർവാൾ പഞ്ചാബ് ടീമിന്‍റെ നായകനായത്.
എന്നാല്‍ തുടർച്ചയായ എട്ടാം സീസണിലും പ്ലേഓഫിലെത്താതെ പുറത്താകാനായിരുന്നു പഞ്ചാബിന്‍റെ വിധി. അടുത്ത സീസണിൽ പുതിയ നായകനും കോച്ചിനും കീഴിൽ പ്ലേഓഫ് പ്രതീക്ഷയുമായാണ് പഞ്ചാബ് ഇറങ്ങുക. രോഹിത് ശർമയുടെ അഭാവത്തിൽ ഇന്ത്യൻ ടീമിന്‍റെ നായകനായി ശക്തമായ തിരിച്ചുവരവ് നടത്തിയ 36കാരനായ ശിഖർ ധവാനിലാണ് ടീം ഇത്തവണ പ്ലേ ഓഫ് പ്രതീക്ഷ വയ്ക്കുന്നത്.
മെഗാതാരലേലത്തിലൂടെ 8.25 കോടി രൂപയ്ക്ക് പഞ്ചാബിലെത്തിയ ധവാൻ 14 കളിയിൽ 460 റൺസാണ് കഴിഞ്ഞ സീസണിൽ നേടിയത്. കഴിഞ്ഞ വർഷം ധവാന്‍റെ നേതൃത്വത്തിൽ ഇന്ത്യൻ ടീം രണ്ട് പരമ്പരയിലും ജയിച്ചു. ഐപിഎൽ പതിനാറാം സീസണിലെത്തുമ്പോൾ ടീമിന്‍റെ പതിനാലാമത്തെ നായകനാണ് ശിഖർ ധവാൻ.
നായകസ്ഥാനം മാറ്റിയെങ്കിലും മായങ്കിനെ ടീമിൽ നിലനിർത്തിയേക്കും. താരലേലത്തിനായി കളിക്കാരെ നിലനിർത്താനുള്ള അവസാന തീയതി നവംബർ 15ആണ്. കഴിഞ്ഞ സീസണിൽ 16.33 ശരാശരിയിൽ 196 റൺസ് മാത്രമാണ് മായങ്കിന് നേടാനായത്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!