
ചെന്നൈ: ഐപിഎൽ 2024 സീസണില്‍ ഇന്ന് സഞ്ജു സാംസണിന്‍റെ രാജസ്ഥാൻ റോയൽസ് എതിരാളികളുടെ കോട്ടയില്‍ ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 3.30നാണ് മത്സരം തുടങ്ങുക. ചെന്നൈക്കെതിരെ ജയിച്ചാൽ സഞ്ജുവിനും സംഘത്തിനും പ്ലേ ഓഫ് ഉറപ്പിക്കാം. ഒപ്പം ഒന്നാംസ്ഥാനം തിരിച്ചുപിടിക്കുകയും റോയല്‍സിന്‍റെ ലക്ഷ്യമാണ്. 11 മത്സരങ്ങളില്‍ 16 പോയിന്‍റുമായി നിലവില്‍ രണ്ടാമതാണ് രാജസ്ഥാന്‍ റോയല്‍സ് നില്‍ക്കുന്നത്. അതേസമയം 12 പോയിന്‍റുമായി നാലാമതുള്ള ചെന്നൈക്ക് ഇന്ന് ജീവൻമരണ പോരാട്ടമാണ്. തോറ്റാൽ പ്ലേ ഓഫ് പ്രതീക്ഷകൾ മങ്ങും.
ഇന്ന് മഹേന്ദ്ര സിംഗ് ധോണിയുടെ ചെന്നൈയിലെ അവസാന ഐപിഎൽ മത്സരമാകുമോ എന്ന ആകാംക്ഷയുണ്ട്. ചെപ്പോക്കില്‍ ഹോം മത്സരങ്ങള്‍ ഐപിഎല്‍ 2024 സീസണില്‍ സിഎസ്കെയ്ക്ക് അവശേഷിക്കുന്നില്ല. എന്നാല്‍ ചെന്നൈയില്‍ രണ്ടാം ക്വാളിഫയറും ഫൈനലും വരാനുണ്ട്. ഈ സീസണിൽ ആദ്യമായാണ് രാജസ്ഥാൻ റോയല്‍സ്, ചെന്നൈയോട് ഏറ്റുമുട്ടുന്നത്. ഐപിഎൽ ചരിത്രത്തിൽ 28 മത്സരങ്ങളിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ 15 തവണ ജയം ചെന്നൈക്കൊപ്പം നിന്നു എന്നതാണ് ചരിത്രം. എന്നാല്‍ ആ ചരിത്രം തിരുത്താന്‍ മോഹിച്ചാണ് സഞ്ജുപ്പട ചെപ്പോക്കില്‍ ഇറങ്ങുക.
ഇന്നലത്തെ ജയത്തോടെ ഐപിഎല്ലിൽ പ്ലേ ഓഫ് ഉറപ്പിക്കുന്ന ആദ്യ ടീമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മാറി. കൊൽക്കത്തയിലെ ഈഡൻ ഗാർഡനിൽ മുംബൈ ഇന്ത്യന്‍സിനെ 18 റൺസിന് തോൽപ്പിച്ചാണ് കൊൽക്കത്ത പ്ലേ ഓഫ് ഉറപ്പിച്ചത്. മഴ വില്ലനായപ്പോൾ 16 ഓവറായി വെട്ടിച്ചുരുക്കിയ മത്സരത്തിലാണ് കൊൽക്കത്തയുടെ ആവേശ ജയം. 18 പോയിന്‍റുമായി ഒന്നാം സ്ഥാനത്താണ് നിലവില്‍ കെകെആർ. അതേസമയം സീസണിലെ ഒമ്പതാം തോൽവിയോടെ ഹാർദിക് പാണ്ഡ്യയുടെ മുംബൈ, ആശ്വാസ ജയങ്ങളോടെ ഇക്കുറി അവസാനിപ്പിക്കാമെന്ന ആരാധകമോഹങ്ങളും തകർക്കുകയാണ്.
Read more: മുംബൈ ഇന്ത്യന്‍സ് നാണംകെട്ട് മടങ്ങി; കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലേ ഓഫില്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!