
ദില്ലി: ഇന്ത്യ - പാകിസ്ഥാൻ സംഘർഷത്തെ തുടർന്ന് നിർത്തിവെച്ച ഐപിഎൽ മത്സരങ്ങൾ പുനരാരംഭിക്കുന്നു. മെയ് 17ന് മത്സരങ്ങൾ പുനരാരംഭിക്കും. 6 വേദികളിലായാണ് അവശേഷിക്കുന്ന മത്സരങ്ങൾ പൂര്‍ത്തിയാക്കുക. ഫൈനൽ മത്സരം ജൂൺ 3ന് നടത്തുമെന്നും ബിസിസിഐ ഔദ്യോഗികമായി അറിയിച്ചു.
പ്ലേ ഓഫ് മത്സരങ്ങളുടെ ഷെഡ്യൂളും പുറത്തുവന്നിട്ടുണ്ട്. ഒന്നാം ക്വാളിഫയർ മത്സരം മെയ് 29നും എലിമിനേറ്റർ മത്സരം മെയ് 30നും നടക്കും. രണ്ടാം ക്വാളിഫയർ ജൂൺ 1ന് നടക്കും. തുടർന്ന് ജൂൺ 3നാണ് കലാശപ്പോരാട്ടം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. നാല് പ്ലേഓഫ് മത്സരങ്ങൾ ഉൾപ്പെടെ ആകെ 16 മത്സരങ്ങളാണ് ഇനി കളിക്കാനുള്ളത്. ബിസിസിഐ ഐപിഎൽ ഒരാഴ്ചത്തേക്ക് നിർത്തിവച്ചതിനെത്തുടർന്ന് പല വിദേശ താരങ്ങളും ഇന്ത്യ വിട്ടുപോയിരുന്നു. സുരക്ഷാ കാരണങ്ങളാൽ ഇന്ത്യ വിട്ടുപോയ ഓസ്‌ട്രേലിയൻ കളിക്കാർ തിരിച്ചെത്തുന്ന കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
പ്ലേ ഓഫ് മത്സരങ്ങൾക്കുള്ള വേദികളുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പിന്നീട് പ്രഖ്യാപിക്കുമെന്ന് ബിസിസിഐ അറിയിച്ചു. ക്രിക്കറ്റിന്റെ സുരക്ഷിതമായ തിരിച്ചുവരവ് സാധ്യമാക്കിയ ഇന്ത്യൻ സായുധ സേനയുടെ ധീരതയെയും പ്രതിരോധശേഷിയെയും ബിസിസിഐ അഭിവാദ്യം ചെയ്തു. ലീഗ് വിജയകരമായി പൂർത്തിയാക്കുകയെന്നത് പോലെ തന്നെ ദേശീയ താൽപ്പര്യത്തോടുള്ള പ്രതിബദ്ധത ഉറപ്പാക്കുമെന്നും ബിസിസിഐ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!