കൊൽക്കത്തയെ തകര്‍ത്ത് തരിപ്പണമാക്കി, അക്കൗണ്ട് തുറന്ന് മുംബൈ; വിജയശിൽപ്പിയായി റയാൻ റിക്കൽടൺ

Published : Mar 31, 2025, 10:35 PM ISTUpdated : Mar 31, 2025, 10:50 PM IST
കൊൽക്കത്തയെ തകര്‍ത്ത് തരിപ്പണമാക്കി, അക്കൗണ്ട് തുറന്ന് മുംബൈ; വിജയശിൽപ്പിയായി റയാൻ റിക്കൽടൺ

Synopsis

അരങ്ങേറ്റ മത്സരത്തിൽ 4 വിക്കറ്റുകൾ വീഴ്ത്തിയ അശ്വനി കുമാ‍ര്‍ മുംബൈയുടെ വിജയത്തിൽ നിര്‍ണായക പങ്കാണ് വഹിച്ചത്. 

മുംബൈ: ഐപിഎല്ലിൽ ആദ്യ ജയം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്. വാങ്കഡെ സ്റ്റേഡിയത്തിൽ നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ തകർത്താണ് മുംബൈ അക്കൗണ്ട് തുറന്നത്. ഓപ്പണര്‍ റയാൻ റിക്കൽട്ടൺ 41 പന്തിൽ പുറത്താകാതെ 62 റൺസ് നേടി. 9 പന്തിൽ 27 റൺസുമായി സൂര്യകുമാര്‍ യാദവും പുറത്താകാതെ നിന്നു. 

ആദ്യ രണ്ട് മത്സരങ്ങളിൽ തോറ്റതിന്റെ എല്ലാ ക്ഷീണവും അകറ്റുന്ന പ്രകടനമാണ് മുംബൈ ഇന്ന് പുറത്തെടുത്തത്. എതിരാളികൾ നിലവിലെ ചാമ്പ്യൻമാരും വേദി വാങ്കഡെയുമാകുമ്പോൾ വിജയത്തിന് ഇരട്ടി മധുരമാകും. ടോസ് നേടി ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കാനുള്ള മുംബൈ നായകൻ ഹര്‍ദിക് പാണ്ഡ്യയുടെ തീരുമാനം ശരിവെയ്ക്കുന്നതായിരുന്നു നീലപ്പടയുടെ പിന്നീടുള്ള പ്രകടനം. പവര്‍ പ്ലേ അവസാനിക്കുമ്പോൾ ഓപ്പണര്‍മാര്‍ ഉൾപ്പെടെ കൊൽക്കത്തയുടെ നാല് വിക്കറ്റുകൾ വീണിരുന്നു. ആ തകര്‍ച്ചയിൽ നിന്ന് പിന്നീടൊരിക്കലും കര കയറാൻ കൊൽക്കത്തയ്ക്ക് സാധിച്ചില്ല. മലയാളി താരം വിഘ്നേഷ് പുത്തൂർ ഈ മത്സരത്തിൽ ഒരു വിക്കറ്റ് വീഴ്ത്തിയതും എടുത്തുപറയേണ്ടതാണ്. 

അരങ്ങേറ്റ മത്സരത്തിൽ തന്നെ 4 വിക്കറ്റുകൾ വീഴ്ത്തിയ അശ്വനി കുമാര്‍ മുംബൈയുടെ വണ്ടര്‍ ബോയ് ആയി മാറുന്ന കാഴ്ചയാണ് കാണാനായത്. അരങ്ങേറ്റത്തിലെ ആദ്യ പന്തിൽ തന്നെ കൊൽക്കത്ത നായകൻ അജിങ്ക്യ രഹാനെയുടെ വിക്കറ്റ് വീഴ്ത്തിയാണ് അശ്വനി തുടങ്ങിയത്. പിന്നീട് മനീഷ് പാണ്ഡെ, റിങ്കു സിംഗ്, ആന്ദ്രെ റസൽ എന്നിവരെയും വീഴ്ത്തി അശ്വനി കുമാര്‍ വരവറിയിച്ചു.  2 ഓവറിൽ 19 റൺസ് വഴങ്ങിയ ദീപക് ചഹര്‍ 2 വിക്കറ്റുകൾ നേടി. ട്രെൻഡ് ബോൾട്ട്, ഹര്‍ദ്ദിക് പാണ്ഡ്യ, വിഘ്നേഷ് പുത്തൂര്‍, മിച്ചൽ സാന്റനര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തിയതോടെ കൊൽക്കത്തയുടെ ഇന്നിംഗ്സ് 116 റൺസിൽ അവസാനിച്ചു. 26 റൺസ് നേടിയ അംഗ്ക്രിഷ് രഘുവൻഷിയാണ് കൊൽക്കത്തയുടെ ടോപ് സ്കോറര്‍.

മറുപടി ബാറ്റിംഗിൽ തുടക്കം മുതൽ തന്നെ മുംബൈയുടെ നയം വ്യക്തമായിരുന്നു. റയാൻ റിക്കൽട്ടൺ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തപ്പോൾ രോഹിത് മറുഭാഗത്ത് ഉറച്ചുനിന്നു. എന്നാൽ, മോശം ഫോം തുടരുന്ന രോഹിത് 12 പന്തിൽ 13 റൺസുമായി മടങ്ങി. പവര്‍ പ്ലേ അവസാനിക്കുമ്പോൾ തന്നെ മുംബൈ വിജയലക്ഷ്യത്തിന്റെ പകുതിയോളം എത്തിയിരുന്നു. ഒരു വിക്കറ്റ് നഷ്ടത്തിൽ 55 റൺസ് എന്ന നിലയിലാണ് മുംബൈ പവര്‍ പ്ലേ പൂര്‍ത്തിയാക്കിയത്. പിന്നീടങ്ങോട്ട് റിക്കൽട്ടൺ കൊൽക്കത്ത ബൗളിംഗിനെ കടന്നാക്രമിച്ചു. ഇതിനിടെ 16 റൺസുമായി വിൽ ജാക്സ് മടങ്ങി. പിന്നാലെയെത്തിയ സൂര്യകുമാര്‍ യാദവ് 9 പന്തിൽ പുറത്താകാതെ 27 റൺസ് നേടി. 41 പന്തിൽ 5 സിക്സറുകളും 4 ബൗണ്ടറികളും സഹിതം 62 റൺസ് നേടിയ റിക്കൽട്ടൺ പുറത്താകാതെ നിന്നു. 2 വിക്കറ്റുകൾ മാത്രം നഷ്ടമായ മുംബൈയ്ക്ക് 43 പന്തുകൾ ബാക്കിയാക്കി തകര്‍പ്പൻ ജയം. അശ്വനി കുമാറാണ് കളിയിലെ കേമൻ. ഇതോടെ പോയിന്റ് പട്ടികയിൽ മുംബൈ ആറാം സ്ഥാനത്തെത്തി. 

READ MORE: നായകൻ വീണ്ടും വരാര്‍..! വിക്കറ്റ് കീപ്പിംഗിനും അനുമതി വേണം, ബിസിസിഐയെ സമീപിച്ച് സഞ്ജു സാംസൺ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഗില്ലും സൂര്യയും ഇന്നും ഫ്‌ളോപ്പ്; ധരംശാല ടി20യില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ മുന്നില്‍
ദക്ഷിണാഫ്രിക്ക തകര്‍ന്നു, ധരംശാല ടി20യില്‍ ഇന്ത്യക്ക് കുഞ്ഞന്‍ വിജയലക്ഷ്യം