
ജയ്‌പൂര്‍: ഒന്നും നഷ്ടപ്പെടാനില്ലാത്തവര്‍, ഐപിഎല്‍ പതിനെട്ടാം സീസണില്‍ പ്ലേഓഫ് പോരാട്ടത്തില്‍ നിന്ന് ഇതിനകം പുറത്തായ രാജസ്ഥാന്‍ റോയല്‍സ് വീണ്ടും കളത്തിലെത്തുകയാണ്. കരുത്തരായ പഞ്ചാബ് കിംഗ്സാണ് രാജസ്ഥാന് എതിരാളികള്‍. സ്വന്തം മൈതാനമായ ജയ്‌പൂരിലാണ് റോയല്‍സ് ഇറങ്ങുന്നതെങ്കിലും കാര്യങ്ങളൊന്നും പന്തിയല്ല. പരിക്ക് മാറി ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ മടങ്ങിയെത്തുമ്പോഴും പേസര്‍ ജോഫ്ര ആര്‍ച്ചര്‍ക്ക് മത്സരം നഷ്ടമാകുന്നു. തിരിച്ചടികളുടെ സീസണ്‍ രാജസ്ഥാന്‍ റോയല്‍സിന് തുടരുകയാണ്. ഈ ടീമിനെ വച്ച് പഞ്ചാബ് കിംഗ്സിനെ മറികടക്കാന്‍ കഴിയുമോ റോയല്‍സിന്? കണക്കുകള്‍ നോക്കിയാല്‍ കടുപ്പം എന്നാണുത്തരം.
രാജസ്ഥാന്‍ റോയല്‍സിന്‍റെ അവശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ കളിക്കാന്‍ തിരിച്ചെത്തേണ്ടതില്ല എന്ന് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ തീരുമാനിച്ചുകഴിഞ്ഞു. ആര്‍ച്ചര്‍ക്ക് പകരക്കാരനെ ടീം പ്രഖ്യാപിച്ചിട്ടില്ല. അതിനര്‍ഥം, ഉള്ളവരെ വച്ച് ടൂര്‍ണമെന്‍റിലെ അവശേഷിക്കുന്ന മത്സരങ്ങളില്‍ ടീമിനെ ഓടിക്കാനാണ് മാനേജ്മെന്‍റ് തീരുമാനം എന്നാണ്. ഇനി ആര് വന്നിട്ടും കാര്യമില്ലെന്നത് മറ്റൊരു സത്യം. പഞ്ചാബ് കിംഗ്സ് കരുത്തുറ്റ ബാറ്റിംഗ് സംഘമാണെങ്കില്‍ രാജസ്ഥാന്‍ ബൗളിംഗ് ശോകമൂകമാണ്, ആര്‍ച്ചര്‍ തിരിച്ചുവരാതായതോടെ ഉള്ള ഊര്‍ജവും ചോര്‍ന്നു. അണ്‍ക്യാപ്ഡ് സഖ്യമായ പ്രഭ്‌സിമ്രാന്‍ സിംഗിനെയും പ്രിയാന്‍ഷ് ആര്യയെയും പുറത്താക്കുക റോയല്‍സ് ബൗളര്‍മാര്‍ക്ക് കനത്ത വെല്ലുവിളിയാവും. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ മധ്യ ഓവറുകളില്‍ സ്പിന്നര്‍മാരെ തുരത്താന്‍ മിടുക്കനും. നെഹാല്‍ വധേര, ശശാങ്ക് സിംഗ് എന്നിവര്‍ കൂടി ചേരുമ്പോള്‍ പഞ്ചാബിന്‍റെ ബാറ്റിംഗ് ലൈനപ്പിന് പഞ്ച് ഇത്തിരി കൂടുതലാണ്.
മറുവശത്ത് രാജസ്ഥാന് റോയല്‍സിന് വിശ്വസിക്കാന്‍ കൊള്ളുന്ന ഒരൊറ്റ ബൗളറില്ല എന്നതാണ് ഈ സീസണില്‍ ഇതുവരെയുള്ള അനുഭവം. ലങ്കന്‍ സ്പിന്‍ പടക്കുതിരകളായ വനിന്ദു ഹസരങ്കയും മഹീഷ് തീക്ഷനവും നനഞ്ഞ പടക്കമായി. പേസര്‍മാരായ ആകാശ് മധ്‌വാള്‍, തുഷാര്‍ ദേശ്‌പാണ്ഡെ, കുമാര്‍ കാര്‍ത്തികേയ എന്നിവരാരും ഇതുവരെ വിക്കറ്റ് ടേക്കര്‍ ബൗളേര്‍സ് എന്ന വിശേഷണത്തിന് അര്‍ഹരായിട്ടില്ല. എടുത്തുപറയാന്‍ ഒരു ഓള്‍റൗണ്ടര്‍ പോലുമില്ലാത്ത ടീമുമാണ് രാജസ്ഥാന്‍ റോയല്‍സ്.
ഐപിഎല്‍ 2025ല്‍ ശരാശരി നോക്കിയാല്‍ ഏറ്റവും മോശം ബൗളിംഗ് യൂണിറ്റാണ് രാജസ്ഥാന്‍ റോയല്‍സിന്‍റെത്. ലക്നൗ സൂപ്പര്‍ ജയന്‍റിന് ശേഷം ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ നിരയും രാജസ്ഥാന്‍ തന്നെ. അതേസമയം പവര്‍പ്ലേയില്‍ 10.25 ശരാശരിയില്‍ ഹിറ്റ് ചെയ്യുകയാണ് പഞ്ചാബിന്‍റെ പതിവ്. പ്രഭ്‌സിമ്രാനെയും പ്രിയാന്‍ഷിനെയും തുടക്കത്തിലെ പുറത്താക്കാതെ രാജസ്ഥാന് മത്സരത്തില്‍ പിടിച്ചുനില്‍ക്കാനാവില്ല എന്ന് വ്യക്തം. അതേസമയം മറ്റൊരു മോശം കണക്ക് കൂടി റോയല്‍സിന് തലവേദനയാണ്. ഈ സീസണിലെ 12ല്‍ അഞ്ച് മത്സരങ്ങളിലും പവര്‍പ്ലേയില്‍ രാജസ്ഥാന്‍ റോയല്‍സ് ബൗളര്‍മാര്‍ക്ക് വിക്കറ്റൊന്നും വീഴ്ത്താനായിട്ടില്ല. ഈ ടീമിനെ വച്ച് ഇന്ന് പഞ്ചാബ് കിംഗ്സിനെതിരെ റോയല്‍സ് ജയിച്ചാല്‍ അതൊരു അത്ഭുതമായിരിക്കും.
ബാറ്റിംഗില്‍ യശസ്വി ജയ്‌സ്വാളിന്‍റെ മികവിന് അനുസരിച്ചിരിക്കും രാജസ്ഥാന്‍റെ സ്കോര്‍. ജയ്‌സ്വാള്‍ അടിച്ചാല്‍ ടീം ജയിക്കും എന്നതാണ് ഈ സീസണില്‍ രാജസ്ഥാന്‍റെ ഏക വിജയസമവാക്യം. അല്ലെങ്കില്‍ 14കാരന്‍ വൈഭവ് സൂര്യവന്‍ഷിയോ ക്യാപ്റ്റന്‍ സഞ്ജുവോ ഇന്ന് കത്തിക്കയറണം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം