പിള്ളേര് കൊള്ളാം, എന്താ കളി; ഐപിഎല്ലിലെ വൈല്‍ഡ് ഫയർ യൂത്ത്

Published : May 08, 2025, 10:13 AM ISTUpdated : May 08, 2025, 02:22 PM IST
പിള്ളേര് കൊള്ളാം, എന്താ കളി; ഐപിഎല്ലിലെ വൈല്‍ഡ് ഫയർ യൂത്ത്

Synopsis

18-ാം സീസണ്‍ കൊട്ടിക്കലാശത്തിലേക്ക് എത്തുമ്പോഴും മാറ്റമില്ലാതെ തുടരുകയാണ് യുവതാരങ്ങളുടെ മികവ്

ഐപിഎല്‍ കിരീടത്തില്‍ തങ്കലിപികളില്‍ കൊത്തിവെച്ചിരിക്കുന്ന ഒരു വാചകമുണ്ട്, സംസ്ക്യതത്തില്‍. കഴിവ് അവസരങ്ങളെ കണ്ടുമുട്ടുന്നയിടം എന്നാണ് മലയാള പരിഭാഷ. അതിന് ഉദാഹരണമാണ് സഞ്ജു സാംസണും ജസ്പ്രിത് ബുംറയുമെല്ലാം. 18-ാം സീസണ്‍ കൊട്ടിക്കലാശത്തിലേക്ക് എത്തുമ്പോഴും മാറ്റമില്ലാതെ തുടരുന്ന അധ്യായമാണിത്. ഇത്തവണയുമുണ്ടായി ചില അത്ഭുതപ്പിറവികളും സീനിയേഴ്സിനെ പോലും സൈഡാക്കിയ യുവതാരങ്ങള്‍.

വൈഭവ് സൂര്യവംശിയില്‍ നിന്ന് തന്നെ തുടങ്ങാം. 14-ാം വയസില്‍ ഐപിഎല്‍ ചരിത്രത്തില്‍ പേര് ചേർക്കപ്പെട്ടവൻ. 35 പന്തില്‍ സെഞ്ച്വറി നേടിയ ആ ഇന്നിങ്സിലുണ്ട് ആ കൊച്ച് പയ്യന് ക്രിക്കറ്റ് ലോകത്തിനോട് പറയാനുള്ളത്. മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും റാഷിദ് ഖാനുമുള്‍പ്പെടെയുള്ള ലോകോത്തര താരങ്ങളെ അതിർത്തി കടത്തിയുള്ള വരവ്. ഒരു മുഴുനീള പടത്തിന്റെ ടീസർ മാത്രമായിരുന്നോ തുടക്കമെന്ന് കാലം തെളിയിക്കേണ്ടതുണ്ട്.

റുതുരാജ് ഗെയ്ക്വാദിന് പകരം ചെന്നൈ സൂപ്പര്‍ കിംഗ്‌സിലെത്തിയ ആയുഷ് മാത്രെ. പ്രായം വെറും 17. മുംബൈ ഇന്ത്യൻസിനെതിരായ അരങ്ങേറ്റ മത്സരത്തില്‍ 15 പന്തില്‍ 32 റണ്‍സെടുത്ത് തുടക്കം. ബെംഗളൂരുവിനെതിരെ 48 പന്തില്‍ 94 റണ്‍സെടുത്ത ഇന്നിങ്സ് ഈ സീസണിലെ ഒരു ചെന്നൈ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനമായിരുന്നു. അഞ്ച് മത്സരങ്ങളില്‍ നിന്ന് 163 റണ്‍സ് ഇതുവരെ നേടി. സ്ട്രൈക്ക് റേറ്റ് 180ന് മുകളില്‍. 

പ്രിയാൻഷ് ആര്യ, ഡല്‍ഹി പ്രീമിയർ ലീഗില്‍ ഒരു ഓവറില്‍ ആറ് സിക്സർ പറത്തിയ ആ കഥയുടെ തുടർച്ച ഐപിഎല്ലിലും കാണിച്ചു തന്ന ഇരുപത്തിമൂന്നുകാരൻ. ചെന്നൈക്കെതിരെ 13 ഓവർ അവസാനിക്കും മുൻപ് സെഞ്ച്വറി തികച്ചു ഇടംകയ്യൻ ബാറ്റർ. ഒൻപത് സിക്സറുകള്‍. സീസണില്‍ 11 കളികളില്‍ നിന്ന് 347 റണ്‍സ്. സ്ട്രൈക്ക് റേറ്റ് 192.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നിരയിലെ ഏറ്റവും സ്ഥിരതയാർന്ന താരമാണ് 20 വയസുകാരനായ അംഗ്രിഷ് രഘുവംശി. 11 കളികളില്‍ നിന്ന് 35.75 ശരാശരിയില്‍ 286 റണ്‍സാണ് വലം കയ്യൻ ബാറ്ററുടെ നേട്ടം. രണ്ട് അര്‍ദ്ധ സെഞ്ച്വറിയും പേരിനൊപ്പമുണ്ട്. 

ജേക്കബ് ബെഥല്‍, 21 വയസ്. ബെംഗളൂരുവിന്റെ ഓപ്പണിങ് ബാറ്റർ. തന്റെ രണ്ടാം മത്സരത്തില്‍ തന്നെ അര്‍ദ്ധ സെഞ്ച്വറി. ചെന്നൈക്കെതിരെ 33 പന്തില്‍ 55 റണ്‍, സീസണിലെ സ്ട്രൈക്ക് റേറ്റ് 170ന് മുകളിലാണ്.

സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ അനികേത് വര്‍മ. 11 കളികളില്‍ നിന്ന് 154 സ്ട്രൈക്ക് റേറ്റില്‍  193 റണ്‍സാണ് ഇരുപത്തിമൂന്നുകാരന്റെ നേട്ടം. ഡല്‍ഹിക്കെതിരെ 41 പന്തില്‍ 74 റണ്‍സ്,  ലക്നൗവിനെതിരെ 13 പന്തില്‍ 36 റണ്‍സ് എന്നിവയാണ് സീസണിലെ  ഏറ്റവും മികച്ച രണ്ട് ഇന്നിങ്സുകള്‍.

20 വയസുകാരനായ വിപ്രജ് നിഗം. ലെഗ് സ്പിൻ ഓള്‍റൗണ്ടറായ താരം സീസണിലെ കണ്ടെത്തലുകളിലൊന്നാണെന്ന് നിസംശയം പറയാം. വിരാട് കോലി, രോഹിത് ശര്‍മ തുടങ്ങിയ ഇതിഹാസ താരങ്ങളെയടക്കം ഒൻപത് വിക്കറ്റ് ഇതുവരെ നേടി. ബാറ്റുകൊണ്ട് 122 റണ്‍സാണ് സമ്പാദ്യം,  സ്ട്രൈക്ക് റേറ്റ് 179 ആണ്. 50 ലക്ഷം രൂപയ്ക്കാണ് വിപ്രജിനെ ഡല്‍ഹി സ്വന്തമാക്കിയത്. 

സീസണിലെ മലയാളിത്തളക്കമാണ് വിഘ്നേഷ് പുത്തൂർ. പാർട്ട്ണർഷിപ്പ് ബ്രേക്കർ. ഇതുവരെ കളിച്ച അഞ്ച് മത്സരങ്ങളില്‍ നിന്ന് ആറ് വിക്കറ്റുകള്‍ വിഘ്നേഷ് നേടി. ഒരു മത്സരത്തില്‍ മാത്രമാണ് വിക്കറ്റ് കോളം ശൂന്യമായി കണ്ടത്. അരങ്ങേറ്റത്തില്‍ ചെന്നൈക്കെതിരെ അവരുടെ തട്ടകത്തില്‍ റുതുരാജിന്റേത് ഉള്‍പ്പെടെ മൂന്ന് വിക്കറ്റായിരുന്നു ഇടം കയ്യൻ ബൗളറുടെ സമ്പാദ്യം. 

ഇതിഹാസപ്പട്ടമുള്ള അശ്വിനേയും ജഡേജയേയും നിഴല്‍ മാത്രമാക്കിയ നൂർ അഹമ്മദ്. ചെന്നൈ തിരിച്ചടികള്‍ നേരിട്ടപ്പോഴും പന്തുകൊണ്ട് നൂർ തിളങ്ങി. സീസണിലിതുവരെ 20 വിക്കറ്റുകള്‍ അഫ്ഗാൻ സ്പിന്നർ മഞ്ഞക്കുപ്പായത്തില്‍ നേടി.

ഇടം കയ്യൻ പേസറായ അശ്വനി കുമാർ. മുംബൈയുടെ ബ്ലു ആൻഡ് ഗോള്‍ഡില്‍ നാല് മത്സരങ്ങളില്‍ നിന്ന് എട്ട് വിക്കറ്റ്. ആദ്യ മത്സരത്തില്‍ അജിങ്ക്യ രഹാനെ, റിങ്കു സിങ്, മനീഷ് പാണ്ഡെ, ആന്ദ്രെ റസല്‍ എന്നീ വമ്പന്മാരെ വീഴ്ത്തിയ കൃത്യത. ഗുജറാത്തിന്റെ ബട്ട്ലറും കീഴടങ്ങിയത് അശ്വനിയുടെ മുന്നിലായിരുന്നു. 

മുൻ സീസണുകളില്‍ വരവ് അറിയിച്ച് അത് ഇത്തവണയും തുടരുന്ന ചിലരുമുണ്ട്. ഡല്‍ഹിയുടെ അഭിഷേക് പോറല്‍, ഗുജറാത്തിന്റെ സായ് സുദർശൻ, ചെന്നൈയുടെ ഡിവാള്‍ഡ് ബ്രേവിസ് എന്നിവരാണ് അവർ.

PREV
Read more Articles on
click me!

Recommended Stories

മാധവ് കൃഷ്ണയ്ക്ക് സെഞ്ച്വറി, കൂച്ച് ബെഹാർ ട്രോഫിയിൽ ജാ‍ർഖണ്ഡിനെതിരെ കേരളത്തിന് 127 റൺസിന്‍റെ ലീഡ്
മറ്റൊരു ഇന്ത്യൻ ബൗളര്‍ക്കുമില്ലാത്ത അപൂര്‍വ നേട്ടം, വിക്കറ്റ് നേട്ടത്തില്‍ 'ട്രിപ്പിള്‍ സെഞ്ചുറി' തികച്ച് ജസ്പ്രീത് ബുമ്ര