2021ല്‍ 15 കോടി, ഇത്തവണ 1 കോടി; കെയ്‌ല്‍ ജാമീസണെ സിഎസ്‌കെ ചുളുവില്‍ സ്വന്തമാക്കിയതോ?

By Jomit JoseFirst Published Dec 23, 2022, 6:57 PM IST
Highlights

കൊച്ചിയിലെ മിനി താരലേലത്തില്‍ വന്‍ കോടികള്‍ എറിഞ്ഞാണ് ബെന്‍ സ്റ്റോക്‌സിനെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പാളയത്തിലെത്തിച്ചിരുന്നു

കൊച്ചി: കെയ്‌ല്‍ ജാമീസണ്‍, സമകാലിക ക്രിക്കറ്റില്‍ ന്യൂസിലന്‍ഡിന്‍റെ വമ്പന്‍ ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാകുമെന്ന് കരുതപ്പെട്ട താരം. അതിനാല്‍തന്നെ ഐപിഎല്ലില്‍ 2021ല്‍ 15 കോടി രൂപയ്‌ക്ക് ലേലത്തില്‍ പോയ താരമാണ് ജാമീസണ്‍. അന്ന് ആര്‍സിബിയായിരുന്നു ജാമീസണെ സ്വപ്‌ന വില നല്‍കി സ്വന്തമാക്കിയത്. എന്നാല്‍ ഇക്കുറി സിഎസ്‌കെ താരത്തെ സ്വന്തമാക്കിയതാവട്ടെ അടിസ്ഥാന വിലയായ വെറും ഒരു കോടി രൂപയ്‌ക്കും. ലേലത്തിന്‍റെ അവസാന ഭാഗത്തേക്ക് അടുക്കുമ്പോള്‍ വമ്പന്‍ തുക മുടക്കി താരങ്ങളെ വാരാന്‍ ടീമുകള്‍ക്ക് അധികം ശേഷിയില്ല. ഐപിഎല്ലില്‍ പ്രതീക്ഷിച്ച പ്രകടനത്തിലേക്ക് ജാമീസണ്‍ ഉയരാത്തതും വില കുറയാന്‍ കാരണമായിരിക്കാം. ഐപിഎല്ലില്‍ ഒന്‍പത് മത്സരങ്ങളില്‍ 65 റണ്‍സും 9 വിക്കറ്റുമാണ് കിവീസ് ഓള്‍റൗണ്ടറുടെ സമ്പാദ്യം. 9.61 എന്ന മോശം ഇക്കോണമി ഐപിഎല്ലിലുണ്ട്. 

കെയ്‌ല്‍ ജാമീസണിനൊപ്പം ബെന്‍ സ്റ്റോക്‌സ്, മൊയീന്‍ അലി, ഡ്വെയ്‌ന്‍ പ്രിറ്റോറിയസ്, മതീഷ പതിരാന, മഹീഷ് തീക്ഷന, മിച്ചല്‍ സാന്‍റ്‌നര്‍ എന്നിവരാണ് സിഎസ്‌കെയിലെ വിദേശ താരങ്ങള്‍. ഇവരില്‍ മൊയീന്‍ അലിയും ബെന്‍ സ്റ്റോക്‌സും എന്തായാലും പ്ലേയിംഗ് ഇലവനിലുണ്ടാകും. 

കൊച്ചിയിലെ മിനി താരലേലത്തില്‍ വന്‍ കോടികള്‍ എറിഞ്ഞാണ് ബെന്‍ സ്റ്റോക്‌സിനെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പാളയത്തിലെത്തിച്ചത്. ബെൻ സ്റ്റോക്സിനെ 16.25 കോടിക്കാണ് സിഎസ്കെ വിളിച്ചെടുത്തത്. സൺറൈസേഴ്‌സ് ഹൈദരാബാദും ലക്നൗ സൂപ്പർ ജയ്ന്റസും അടക്കമുള്ള ടീമുകള്‍ താരത്തിനായി വാശിയോടെ കളത്തിലുണ്ടായിരുന്നെങ്കിലും ചെന്നൈ ഉറച്ച് നിന്നതോടെ എല്ലാവരും അവസാനം മുട്ടുമടക്കുകയായിരുന്നു. ഇതിഹാസ നായകന്‍ എം എസ് ധോണിയുടെ പിന്‍ഗാമിയായി ബെന്‍ സ്റ്റോക്‌സ് സിഎസ്‌കെ ക്യാപ്റ്റന്‍ സ്ഥാനത്ത് വരുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. സമ്മര്‍ദ ഘട്ടങ്ങളില്‍ ഇംഗ്ലണ്ട് ടീമിനെ നയിച്ചുള്ള പരിചയമാണ് സ്റ്റോക്‌സിന്‍റെ മുതല്‍ക്കൂട്ട്. 

ശീലം പോലും മറന്ന് ചെന്നൈയുടെ മാസ്റ്റർ സ്ട്രോക്ക്; കോടികൾ വാരിയെറിഞ്ഞത് ഇതിഹാസ നായകന്റെ പകരക്കാരന്?
 


 

click me!