
ദില്ലി: ഐപിഎൽ സീസണിൽ ആദ്യ ജയം തേടിയിറങ്ങിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ഇത്തവണയും നിരാശ. ശുഭ്മാൻ ഗിൽ നയിച്ച ഗുജറാത്ത് ടൈറ്റൻസ്, 5 വിക്കറ്റിന് കൊൽക്കത്തയെ തോൽപ്പിച്ചു. കൊൽക്കത്ത മുന്നോട്ടുവച്ച 181 റൺസിൻറെ വിജയലക്ഷ്യം 2 പന്ത് ബാക്കിനിൽക്കെയാണ് ഗുജറാത്ത് മറികടന്നത്. ടോസ് നേടിയ ബാറ്റിംഗ് തെരഞ്ഞെടുത്ത കൊൽക്കത്ത ആദ്യ ഓവറിൽ തന്നെ ഞെട്ടി. നാലാം പന്തിൽ ക്യാപ്റ്റൻ അജിങ്ക്യ രഹാനയെ മുഹമ്മദ് സിറാജ് പുറത്താക്കി. ഒരു റൺ പോലും നേടാനാവാതെ നായകൻ്റെ മടക്കം.
തൊട്ടടുത്ത ഓവറിൽ അംഗ്കൃഷ് രഘുവംശിയെ പുറത്താക്കിയ കാഗിസോ റബാഡ കൊൽക്കത്ത ആരാധകരെ വീണ്ടും ഞെട്ടിച്ചു. തൊട്ടുപിന്നാലെ ഒപ്പണർ ടിം സെയ്ഫർട്ടും പുറത്തായി. ഒരിക്കൽകൂടി ടോപ് ഓർഡർ തകരുന്നുവെന്ന് കരുതിയപ്പോഴാണ് ഓസീസ് താരം കാമറൂൺ ഗ്രീൻ കൊൽക്കത്തയുടെ ഇന്നിംഗ്സിന് ജീവൻ നൽകുന്നത്. റോവ്മാൻ പവലിനെയും അനുകുൽ റോയിയെയും കൂട്ട് പിടിച്ച് റൺ ഉയർത്തി. 55 പന്തിൽ 79 റൺസെടുത്ത കാമറൂൺ ഗ്രീനാണ് 180 എന്ന പൊരുതാവുന്ന സ്കോറിലേക്ക്കൊൽക്കത്തയെ എത്തിച്ചത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിന് ശുഭ്മാൻ ഗില്ലും സായ് സുദർശനും ചേർന്ന് നൽകിയത് മികച്ച തുടക്കമാണ്. 22 റൺസെടുത്ത് സായ് സുദർശൻ പുറത്തായെങ്കിലും ബട്‌ലറെ കൂട്ടുപിടിച്ച് ഗിൽ ഇന്നിംഗ്സ് നയിക്കുകയായിരുന്നു. 50 പന്തിൽ 86 റൺസാണ് ഗിൽ നേടിയത്. രണ്ട് പന്ത് ശേഷിക്കെ ഗുജറാത്ത് ജയത്തിലെത്തി.
5 മത്സരം കളിച്ച ഗുജറാത്തിൻ്റെ മൂന്നാം ജയമാണിത്. പോയിൻ്റ് പട്ടികയിൽ നാലാം സ്ഥാനത്തെത്തിയിട്ടുമുണ്ട്. ആറ് കളികളിൽ നിന്ന് ഒരു ജയം പോലുമില്ലാത്ത കൊൽക്കത്ത അവസാന സ്ഥാനത്ത് തുടരുകയാണ്. ഇന്ന് ഇനി രണ്ട് മത്സരങ്ങളാണുള്ളത്. ആദ്യ കളിയിൽ ബാംഗ്ലൂർ ഡൽഹിയേയും രണ്ടാം മത്സരത്തിൽ ഹൈദരാബാദ് ചെന്നൈയെയും നേരിടും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!