
അഹമ്മദാബാദ്: ഐപിഎല്‍ റണ്‍വേട്ടക്കാരില്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ ടോപ് ഫോറില്‍ നിന്ന് പുറത്ത്. ഇന്നലെ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ സെഞ്ചുറി നേടിയ സായ് സുദര്‍ശന്‍ സഞ്ജുവിനെ മറികടന്ന് 533 റണ്‍സുമായി റണ്‍വേട്ടയില്‍ നാലാം സ്ഥാനത്തേക്ക് കുതിച്ചു. 634 റണ്‍സുമായി ഒന്നാം സ്ഥാനം സുരക്ഷിതമാക്കിയ വിരാട് കോലിക്ക് പിന്നില്‍ ഇന്നലെ ഗുജറാത്തിനെതിരെ പൂജ്യത്തിന് പുറത്തായ ചെന്നൈ നായകന്‍ റുതുരാജ് ഗെയ്ക്‌വാദ് ആണുള്ളത്. 541 റണ്‍സുമായി രണ്ടാം സ്ഥാനത്തുണ്ടെങ്കിലും 533 റണ്‍സുമായി ട്രാവിസ് ഹെഡും 527 റണ്‍സുമായി സായ് സുദര്‍ശനും തൊട്ടു പിന്നിലുണ്ട്.
11 മത്സരങ്ങളില്‍ 471 റണ്‍സുള്ള സഞ്ജു അഞ്ചാം സ്ഥാനത്താണ്. സുനില്‍ നരെയ്ന്‍(461), കെ എല്‍ രാഹുൽ(460), റിയാന്‍ പരാഗ്(436), ഫില്‍ സാള്‍ട്ട്(429) എന്നിവര്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ സ്ഥാനം ഉറപ്പിച്ചപ്പോള്‍ റിഷഭ് പന്തിനെ ടോപ് 10ല്‍ നിന്ന് പുറത്താക്കി ശുഭ്മാന്‍ ഗില്‍ പത്താം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഇന്നലെ ചെന്നൈക്കെതിരെ സെഞ്ചുറി നേടിയ ഗില്‍ 12 മത്സരങ്ങളില്‍ 426 റണ്‍സുമായി പത്താം സ്ഥാനത്തെത്തിയപ്പോള്‍ 12 മത്സരങ്ങളില്‍ 413 റണ്‍സുള്ള റിഷഭ് പന്ത് പതിനൊന്നാം സ്ഥാനത്താണ്.
ഇന്ന് നടക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്-മുംബൈ ഇന്ത്യന്‍സ് പോരാട്ടത്തില്‍ മിന്നിയാല്‍ സുനില്‍ നരെയ്നും ഫില്‍ സാള്‍ട്ടിനും സഞ്ജുവിനെ മറികടന്ന് മുന്നേറാന്‍ അവസരമുണ്ട്. നരെയ്നും സഞ്ജുവും തമ്മില്‍ 10 റണ്‍സിന്‍റെ വ്യത്യായസമേയുള്ളു. അതേസമയം, ഇന്നലെ പൂജ്യത്തിന് പുറത്തായത് രണ്ടാം സ്ഥാനത്തുള്ള റുതുരാജ് ഗെയ്ക്‌വാദിന് കനത്ത തിരിച്ചടിയായി.
നാളെ ചെന്നൈില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നേരിടാനിറങ്ങുമ്പോള്‍ സഞ്ജുവിന് വീണ്ടും ടോപ് ഫോറില്‍ തിരിച്ചെത്താന്‍ അവസരമുണ്ട്. ഐപിഎല്‍ കരിയറിലാദ്യമായി 500 റണ്‍സ് നേട്ടവും സഞ്ജുവിന്‍റെ കൈയകലത്തിലാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!