'തല'യ്‌ക്കൊപ്പം തുടര്‍ന്നും കളിക്കും; വിരമിക്കല്‍ അഭ്യൂഹങ്ങള്‍ തള്ളി ഹര്‍ഭജന്‍ സിംഗ്

By Web TeamFirst Published Oct 5, 2019, 11:25 AM IST
Highlights

വിരമിക്കുന്നെന്ന അഭ്യൂഹങ്ങള്‍ തള്ളി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്‌പിന്നര്‍ ഹര്‍ഭജന്‍ സിംഗ്

ചെന്നൈ: ഐപിഎല്ലിലും രാജ്യാന്തര ക്രിക്കറ്റിലും നിന്ന് വിരമിക്കുന്നെന്ന അഭ്യൂഹങ്ങള്‍ തള്ളി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്‌പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. വരുന്ന സീസണിലും ചെന്നൈക്കായി കളിക്കുമെന്ന് ഭാജി വ്യക്തമാക്കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഇംഗ്ലണ്ടിലെ 'ദി ഹണ്ട്രഡ് ലീഗ്' താരലേലത്തിനുള്ള ഡ്രാഫ്റ്റില്‍ ഹര്‍ഭജന്‍റെ പേര് പ്രത്യക്ഷപ്പെട്ടതോടെയാണ് വിരമിക്കല്‍ അഭ്യൂഹങ്ങള്‍ പടര്‍ന്നത്.

ദ് ഹണ്ട്രഡിന്‍റെ ഡ്രാഫ്റ്റില്‍ നിന്ന് പിന്‍മാറിയിട്ടുണ്ട്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി തുടര്‍ന്നും കളിക്കും. ഇപ്പോള്‍ വിരമിക്കാന്‍ തല്‍പര്യപ്പെടുന്നില്ല. ഐപിഎല്‍ ആണോ ദ് ഹണ്ട്രഡ് ആണോ വേണ്ടത് എന്നു ചോദിച്ചാല്‍ ഐപിഎല്‍ എന്നായിരിക്കും ഉത്തരമെന്നും ഭാജി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. 

സജീവ ക്രിക്കറ്റിലുള്ള ഇന്ത്യന്‍ താരങ്ങള്‍ക്ക് വിദേശ ടി20 ലീഗുകളില്‍ കളിക്കാനുള്ള അനുമതിയില്ല. എന്നാല്‍ 'ദി ഹണ്ട്രഡ്' ലീഗിലെ പ്ലേയേഴ്‌സ് ഡ്രാഫ്റ്റില്‍ ഹര്‍ഭജന്റെ പേരുണ്ടായിരുന്നു. ലീഗില്‍ പങ്കെടുക്കാന്‍ അപേക്ഷിക്കും മുന്‍പ് ബിസിസിഐയില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നില്ല ഭാജി. ഇതിനെത്തുടര്‍ന്ന് ബിസിസിഐ താരത്തിന് അനുമതി നിഷേധിച്ചു. ഹര്‍ഭജന്‍ സിംഗ് വിരമിക്കുന്നതായുള്ള അഭ്യൂഹങ്ങള്‍ ഇതോടെ ഉടലെടുക്കുകയായിരുന്നു.  

ഇന്ത്യക്കായി 2003ല്‍ ലോകകപ്പ് കളിച്ച താരങ്ങളില്‍ ഹര്‍ഭജനും പാര്‍ഥിവ് പട്ടേലും മാത്രമാണ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കാത്ത താരങ്ങള്‍. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചശേഷമാണ് യുവരാജ് സിംഗ് കാനഡയില്‍ നടന്ന ഗ്ലോബല്‍ ടി20യില്‍ കളിച്ചത്. 

click me!