
മുംബൈ: അടുത്ത വര്‍ഷത്തെ ഐപിഎല്‍ മെഗാ താരലേലത്തിന് മുന്നോടിയായി ഓരോ ടീമുകള്‍ക്കും നിലനിര്‍ത്താവുന്ന താരങ്ങളുടെ എണ്ണം അഞ്ച് മുതല്‍ ഏഴ് വരെ ആക്കണമെന്ന ആവശ്യവുമായി ടീമുകള്‍. ഈ മാസം അവസാനം ഐപിഎല്‍ ടീമുളുടെ സിഇഒമാരുമായി ബിസിസിഐ നടത്തുന്ന കൂടിക്കാഴ്ചക്ക് മുന്നോടിയായാണ് ടീമുകള്‍ ഇത്തരമൊരു ആവശ്യം മുന്നോട്ടുവെച്ചതെന്ന് ക്രിക് ബസ് റിപ്പോര്‍ട്ട് ചെയ്തു.
മെഗാതാരലേത്തിന് മുമ്പ് ഓരോ ടീമിനും നിലനിര്‍ത്താവുന്ന പരമാവധി താരങ്ങളുടെ എണ്ണം 5 മുതല്‍ 7വരെയാക്കണമെന്ന് ഭൂരിഭാഗം ടീമുകളും ഒരേസ്വരത്തില്‍ ആവശ്യപ്പെട്ടപ്പോള്‍ ഒരു ടീം ഇത് എട്ടാക്കി ഉയര്‍ത്തണമെന്നും ആവശ്യപ്പെട്ടു. ഇംപാക്ട് പ്ലേയര്‍ നിയമത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നെങ്കിലും അടുത്ത സീസണിലും ഇത് തുടരാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മ അടക്കമുള്ള താരങ്ങള്‍ ഇംപാക്ട് പ്ലേയര്‍ നിയമത്തിനെതിരെ രംഗത്തുവന്നിരുന്നു. ഓള്‍ റൗണ്ടര്‍മാരുടെ പ്രാധാന്യം കുറക്കുന്നുവെന്നാണ് ഇതിനെതിരെ ഉയര്‍ന്ന പ്രധാന വിമര്‍ശനം. ഇംപാക്ട് പ്ലേയര്‍ നിയമം കാരണം റിങ്കും സിംഗ് അടക്കമുള്ള താരങ്ങള്‍ക്ക് ടീമുകളില്‍ മതിയായ അവസരം ലഭിച്ചിരുന്നില്ല.
ഉറക്കത്തില്‍പ്പെട്ടു; ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരം നഷ്ടമായി ബംഗ്ലാദേശ് സൂപ്പര്‍ താരം
മെഗാ താരലേലത്തില്‍ ഓരോ ടീമുകള്‍ക്കും ചെലവഴിക്കാവുന്ന പരമാവധി തുക ഉയര്‍ത്തണമെന്നും ടീമുകള്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. 202ലെ മെഗാ താരലേലത്തില്‍ 100 കോടി രൂപയാണ് ടീമുകള്‍ക്ക് പരമാവധി ചെലവഴിക്കാനാവുമായിരുന്നത്. ഇത് 120 കോടിയെങ്കിലും ആയി ഉയര്‍ത്തണമെന്നാണ് ടീമുകളുടെ ആവശ്യം. 2021ല്‍ റൈറ്റ് ടു മാച്ച് റീടെന്‍ഷന്‍ കാര്‍ഡ് ഉപയോഗിക്കാതിരുന്ന പശ്ചാത്തലത്തില്‍ ഇത് നിലനിര്‍ത്തണോ എന്ന കാര്യത്തിലും ഐപിഎല്‍ ഭരണസമിതി ടീമുകളോട് അഭിപ്രായം തേടിയിട്ടുണ്ട്. ബിസിസിഐയും ടീം സിഇഒമാരും തമ്മില്‍ ഈ മാസം അവസാനം നടത്തുന്ന കൂടിക്കാഴ്ചയിലായിരിക്കും ലേലത്തിലെ മാനദണ്ഡങ്ങള്‍ സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുക എന്നാണ് റിപ്പോര്‍ട്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക