
മുംബൈ: ഐപിഎല്‍, ശനിയാഴ്ച പുനരാരംഭിക്കാന്‍ ഇരിക്കേ ടീമുകളുടെ പ്ലേ ഓഫ് സാധ്യതകള്‍ എങ്ങനെയെന്ന് നോക്കാം. ചെന്നൈ, രാജസ്ഥാന്‍, ഹൈദരാബാദ് ടീമുകള്‍ പ്ലേ ഓഫിലെത്താതെ പുറത്തായിക്കഴിഞ്ഞു. ഐപിഎല്ലിലെ നാല് പ്ലേ ഓഫ് സ്ഥാനങ്ങള്‍ക്കായി മത്സരിക്കുന്നത് ഏഴ് ടീമുകള്‍. പതിനെട്ട് പോയിന്റ് നേടിയാല്‍ പ്ലേ ഓഫ് ഉറപ്പിക്കാം. 16 പോയിന്റുമായി ലീഗിലെ ഒന്നാംസ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റന്‍സിന്റെ പ്ലേ ഓഫ് സ്ഥാനം ഒറ്റജയമകലെ. ഡല്‍ഹി ക്യാപിറ്റല്‍സ്, ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് എന്നിവരാണ് ഗുജറാത്തിന്റെ ശേഷിക്കുന്ന എതിരാളികള്‍.
ഇതില്‍ രണ്ടുമത്സരങ്ങള്‍ അഹമ്മദാബാദിലെ ഹോം ഗ്രൗണ്ടിലാണ് എന്നത് ടൈറ്റന്‍സിന്റെ ഭാവി സുരക്ഷിതമാക്കുന്നു. പതിനാറ് പോയിന്റുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവാണ് ലീഗില്‍ രണ്ടാംസ്ഥാനത്ത്. ആര്‍ സി ബിയും ഒറ്റജയം നേടിയാല്‍ പ്ലേ ഓഫിലെത്തും. ശേഷിച്ച എതിരാളികള്‍ കൊല്‍ക്കത്ത, ഹൈദരാബാദ്, ലക്‌നൗ. 15 പോയിന്റുമായി മൂന്നാംസ്ഥാനത്തുള്ള പഞ്ചാബ് കിംഗ്‌സിന് പ്ലേ ഓഫിലെത്താന്‍ രണ്ടുജയം വേണം. അഞ്ച് ടീമുകള്‍ക്ക് 17 പോയിന്റിലെത്താന്‍ സാധ്യത ഉള്ളതിനാല്‍ ഒറ്റജയം പഞ്ചാബിനെ രക്ഷിച്ചേക്കില്ല.
രാജസ്ഥാന്‍, ഡല്‍ഹി, മുംബൈ എന്നിവരാണ് ഇനിയുള്ള എതിരാളികള്‍. 14 പോയിന്റളള മുംബൈ ഇന്ത്യന്‍സാണ് ലീഗിലെ നാലാം സ്ഥാനക്കാര്‍. ബാക്കിയുള്ള രണ്ട് കളിയും ജയിക്കണം മുംബൈയ്ക്ക് പ്ലേ ഓഫിലെത്താന്‍. ബാക്കിയുള്ള എതിരാളികള്‍ ഡല്‍ഹിയും പഞ്ചാബും. ശേഷിച്ച മൂന്ന് കളിയും ജയിച്ചാലേ 13 പോയിന്റുളള ഡല്‍ഹി ക്യാപിറ്റല്‍സിന് പ്ലേ ഓഫില്‍ എത്താന്‍ കഴിയും. ഒരുമത്സരത്തി തോറ്റാല്‍ ഭാവി മറ്റ് ടീമുകളുടെ ജയപരാജയത്തെക്കൂടി ആശ്രയിച്ചാവും. ഗുജറാത്ത്, മുംബൈ, പഞ്ചാബ് എന്നിവരെയാണ് ഡല്‍ഹിക്ക് ഇനിനേരിടാനുളളത്.
ബാക്കിയുള്ള രണ്ട് കളിയില്‍ ഒന്നില്‍ തോറ്റാല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വഴിയടയും. 11 പോയിന്റുളള കൊല്‍ക്കത്തയ്ക്ക് ഇനി നേരിടാനുള്ളത് ബെംഗളൂരുവിനെയും ഹൈദരാബാദിനേയും. രണ്ട് കളിയും ജയിച്ചാലും പ്ലേ ഓഫില്‍ എത്തണമെങ്കില്‍ മറ്റ്ടീമുകളുടെ മത്സരഫലത്തിലേക്ക് ഉറ്റുനോക്കണം. പത്ത് പോയിന്റുള്ള ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന് മൂന്ന് കളിയും ജയിച്ചാലും പ്ലേഓഫ് ഉറപ്പിക്കാനാവില്ല. പരമാവധി പതിനാറ് പോയിന്റിലെത്തുന്ന ലക്‌നൗവിന് മറ്റ് ടീമുകള്‍ വലിയ തിരിച്ചടി നേരിട്ടാലേ അവസാന നാലില്‍ എത്താനാവൂ. റണ്‍നിരക്കിലും ലക്‌നൗ വളരെ പിന്നില്‍.