ഡ്രീം ഇലവനും ചൈനീസ് ബന്ധം; തലവേദന ഒഴിയാതെ ബിസിസിഐ

By Web TeamFirst Published Aug 18, 2020, 7:28 PM IST
Highlights

2008ല്‍ ഹര്‍ഷ ജെയിനും  ഭവിത് ഷേത്തും ചേര്‍ന്ന് തുടങ്ങിയ ഗെയിംമിഗ് സ്ഥാപനമാണ് ഡ്രീം ഇലവന്‍. 2012 ക്രിക്കറ്റ് ഫാന്റസി ഗെയിമിലേക്ക് ഇറങ്ങിയതോടെയാണ് ഡ്രീം ഇലവന്‍ വലിയ വളര്‍ച്ച നേടിയത്. സ്റ്റെഡ്‌വ്യൂ, കാലാരി ക്യാപിറ്റല്‍, തിങ്ക് ഇന്‍വസ്റ്റ്മെന്റ്സ്, മള്‍ട്ടിപ്പിള്‍സ് ഇക്വിറ്റി, ടെന്‍സെന്റ് എന്നീ സ്ഥാപനങ്ങള്‍ക്ക് ഡ്രീം ഇലവനില്‍ നിക്ഷേപമുണ്ട്.

മുംബൈ: ചൈനീസ് ബന്ധത്തിന്റെ പേരില്‍ ഐപിഎല്‍ ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പില്‍ നിന്ന് വിവോ പിന്‍മാറിയ സാഹചര്യത്തില്‍ പകരമെത്തിയ ഡ്രീം ഇലവന്‍ ഫാന്റസി ഗെയിമിംഗ് കമ്പനിക്കും ചൈനീസ് ബന്ധമുണ്ടെന്ന റിപ്പോര്‍ട്ട് ബിസിസിഐയെ വീണ്ടും വെട്ടിലാക്കി. ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് ചൈനീസ് മൊബൈല്‍ നിര്‍മാതാക്കളായ വിവോക്കും ബിസിസിഐക്കുമെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധമുയര്‍ന്നത്. തുടര്‍ന്ന് വിവോ ഈ വര്‍ഷത്തെ ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പില്‍ നിന്ന് സ്വയം മാറിനില്‍ക്കാന്‍ തീരുമാനിച്ചു.

ഈ പശ്ചാത്തലത്തിലാണ് ബിസിസിഐ ഒരു സീസണിലേക്ക് മാത്രമായി പുതിയ സ്പോണ്‍സര്‍മാരെ തേടിയത്. സ്പോണ്‍സര്‍ഷിപ്പ് ബിഡ്ഡില്‍ ഏറ്റവും ഉയര്‍ന്ന തുകയായ 222 കോടി രൂപ രേഖപ്പെടുത്തിയാണ് ഡ്രീം ഇലവന്‍ ഈ സീസണിലെ ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പ് സ്വന്തമാക്കിയത്. ടാറ്റാ ഗ്രൂപ്പും ബൈജൂസ് ആപ്പും ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പിനായി രംഗത്തുണ്ടായിരുന്നു. എന്നാല്‍ ടാറ്റാ സണ്‍സ് 180 കോടിയും ബൈജൂസ് ആപ്പ് 125 കോടിയുമാണ് ബിഡ്ഡില്‍ ക്വാട്ട് ചെയ്തത്. മറ്റൊരു കമ്പനിയായ യുഎന്‍ അക്കാദമി ഫോര്‍ 210 കോടി രൂപ ക്വാട്ട് ചെയ്തിരുന്നു. 440 കോടി രൂപയാണ് വിവോ ഒരു വര്‍ഷത്തെ ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പായി ബിസിസിഐക്ക് നല്‍കിയിരുന്നത്. ഇതിന്റെ പകുതി തുകക്കാണ് ഡ്രീം ഇലവന് ഈ സീസണിലെ ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പ് ലഭിച്ചത്.


2008ല്‍ ഹര്‍ഷ ജെയിനും  ഭവിത് ഷേത്തും ചേര്‍ന്ന് തുടങ്ങിയ ഗെയിംമിഗ് സ്ഥാപനമാണ് ഡ്രീം ഇലവന്‍. 2012 ക്രിക്കറ്റ് ഫാന്റസി ഗെയിമിലേക്ക് ഇറങ്ങിയതോടെയാണ് ഡ്രീം ഇലവന്‍ വലിയ വളര്‍ച്ച നേടിയത്. സ്റ്റെഡ്‌വ്യൂ, കാലാരി ക്യാപിറ്റല്‍, തിങ്ക് ഇന്‍വസ്റ്റ്മെന്റ്സ്, മള്‍ട്ടിപ്പിള്‍സ് ഇക്വിറ്റി, ടെന്‍സെന്റ് എന്നീ സ്ഥാപനങ്ങള്‍ക്ക് ഡ്രീം ഇലവനില്‍ നിക്ഷേപമുണ്ട്.

ചൈനീസ് സ്ഥാപനമായ  ടെന്‍സെന്റ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഗെയിംമിംഗ് സ്ഥാപനമാണ്.  ഏകദേശം 10 ശതമാനം നിക്ഷേപമാണ് ഡ്രീം ഇലവനില്‍ ടെന്‍സെന്റിനുള്ളതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. മെസേജിംഗ് ആപ്പായ വീചാറ്റ് ടെന്‍സെന്റിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഇന്ത്യയില്‍ ഫ്ലിപ്കാര്‍ട്ട്, ഓല, സ്വിഗ്ഗി തുടങ്ങിയ പത്തോളം സ്ഥാപനങ്ങളില്‍ ടെന്‍സെന്റിന് നിക്ഷേപമുണ്ട്.

എം എസ് ധോണിയാണ് ഡ്രീം ഇലവന്റെ ബ്രാന്‍ഡ് അംബാസഡര്‍. ഐപിഎല്ലിന് പുറമെ കരീബിയന്‍ പ്രീമിയര്‍ ലീഗ്, ഇന്ത്യന്‍ സൂപ്പര്‍ ലീ്ഗ്, എന്‍ബിഎ, പ്രോ കബഡി ലീഗ്, ബിഗ് ബാഷ് ലീഗ് എന്നിവയായുമെല്ലാം ഡ്രീം ഇലവന് സ്പോണ്‍സര്‍ഷിപ്പ് കരാറുകളുണ്ട്. അതിനിടെ, ഡ്രീം ഇലവന്റെ ചൈനീസ് ബന്ധം ചര്‍ച്ചയാക്കി ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ആദിത്യ വര്‍മ പരസ്യമായി രംഗത്തെത്തിയത് ബിസിസിഐക്ക് പുതിയ തലവേദനയായി.

കൊവിഡ‍് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ പൂര്‍വസ്ഥിതിയിലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ആത്മ നിര്‍ഭര്‍ ഭാരത് അഭിയാന്‍ പദ്ധതിക്ക് വിരുദ്ധമാണ് ഡ്രീം ഇലവനുമായുള്ള ബിസിസിഐയുടെ ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പ് കരാറെന്നാണ് ആദിത്യ വര്‍മയുടെ ആരോപണം. ഒരു ഐപിഎല്‍ ടീമിലും ഇതേ കമ്പനിക്ക് വലിയ നിക്ഷേപമുണ്ടെന്നത് പരസ്യമായ രഹസ്യമാണെന്നും ആദിത്യ വര്‍മ ആരോപിച്ചു. ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ ബിസിസിഐ ഇതുവരെ തയാറായിട്ടില്ല.

click me!