അരങ്ങേറ്റത്തില്‍ നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സ്; കിഷന്റെ പിറന്നാള്‍ ആഘോഷം റെക്കോഡുകളോടെ

Published : Jul 18, 2021, 09:44 PM IST
അരങ്ങേറ്റത്തില്‍ നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സ്; കിഷന്റെ പിറന്നാള്‍ ആഘോഷം റെക്കോഡുകളോടെ

Synopsis

കേവലം 42 പന്തുകള്‍ മാത്രം നേരിട്ട കിഷന്‍ രണ്ട് സിക്‌സും എട്ട് ബൗണ്ടറിയും കണ്ടെത്തി. ഇതോടെ ചില റെക്കോഡുകളും ഝാര്‍ഖണ്ഡുകാരനെ തേടിവന്നു.

കൊളംബൊ: ഏകദിന ക്രിക്കറ്റില്‍ സ്വപ്‌ന അരങ്ങേറ്റമായിരുന്നു ഇന്ത്യന്‍ യുവ വിക്കറ്റ് കീപ്പന്‍ ഇഷാന്‍ കിഷന്റേത്. ഇന്ന് 23 വയസ് പൂര്‍ത്തിയായ താരം മൂന്നാമനായി ക്രീസിലെത്തി നേരിട്ട ആദ്യ പന്തില്‍ തന്നെ സിക്‌സ് നേടി. പിന്നാലെ റോക്കറ്റ് വേഗത്തില്‍ ഒരു അര്‍ധ സെഞ്ചുറിയും. കേവലം 42 പന്തുകള്‍ മാത്രം നേരിട്ട കിഷന്‍ രണ്ട് സിക്‌സും എട്ട് ബൗണ്ടറിയും കണ്ടെത്തി. ഇതോടെ ചില റെക്കോഡുകളും ഝാര്‍ഖണ്ഡുകാരനെ തേടിവന്നു. ധനഞ്ജയ ഡിസില്‍വക്കെതിരെ ആദ്യ പന്തില്‍ തന്നെ കിഷന്‍ നേടിയ സിക്‌സ് കാണാം. 

ഏകദിനത്തിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ വേഗത്തില്‍ അര്‍ധ സെഞ്ചുറി നേടുന്ന രണ്ടാമത്തെ താരമായിരിക്കുകയാണ് കിഷന്‍. 33 പന്തിലാണ് താരം 50 റണ്‍സ് നേടിയത്. ഇക്കാര്യത്തില്‍ ഇന്ത്യയുടെ തന്നെ ക്രുനാല്‍ പാണ്ഡ്യയാണ് ഒന്നാമന്‍. ഇംഗ്ലണ്ടിനെതിരെ 26 പന്തില്‍ താരം പാണ്ഡ്യ അര്‍ധ സെഞ്ചുറി കണ്ടെത്തിയിരുന്നു. ഈ വര്‍ഷം ഇംഗ്ലണ്ടിനെതിരെയാണ് പാണ്ഡ്യ അരങ്ങേറിയിരുന്നത്.

ടി20 മത്സരത്തില്‍ അരങ്ങേറിയപ്പോള്‍ കിഷന്‍ ആദ്യ പന്തില്‍ തന്നെ ബൗണ്ടറി നേടിയിരുന്നു. ഇപ്പോള്‍ ഏകദിന ക്രിക്കറ്റ് അരങ്ങേറ്റം സിക്‌സോടെയും. മറ്റൊരു റെക്കോഡ് കൂടി താരത്തിന്റെ അക്കൗണ്ടിലായി. ഏകദിനത്തിലും ടി20യിലും അര്‍ധ സെഞ്ചുറികളോടെ അരങ്ങേറിയെന്നുള്ളതാണ്. ഈവര്‍ഷം ഇംഗ്ലണ്ടിനെതിരെ ടി20യില്‍ അരങ്ങേറിയ കിഷന്‍ അര്‍ധ സെഞ്ചുറി നേടിയിരുന്നു. ഇപ്പോള്‍ ഏകദിനത്തിലും ആ പ്രകടനം ആവര്‍ത്തിച്ചു.

ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ താരമാണ് കിഷന്‍. ദക്ഷിണാഫ്രിക്കയുടെ റാസ്സി വാന്‍ ഡര്‍ ഡസ്സന്‍ ഇത്തരത്തിലുള്ള സ്വപ്‌ന അരങ്ങേറ്റമാണ് നടത്തിയിരുന്നത്. ഈ വര്‍ഷം ഇംഗ്ലണ്ടിനെതിരെ ടി20 മത്സരത്തില്‍ അരങ്ങേറിയ സൂര്യകുമാര്‍ യാദവ് സിക്‌സോടെയാണ് അരങ്ങേറിയിരുന്നത്. ഇരുവരും ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടിയാണ് കളിക്കുന്നത്.

PREV
click me!

Recommended Stories

മുഷ്താഖ് അലി ട്രോഫി: മുഹമ്മദ് ഷമി മിന്നിയിട്ടും ബംഗാളിന് തോല്‍വി, സൂുപ്പര്‍ ലീഗിലെത്താതെ പുറത്ത്
മുഷ്താഖ് അലി ട്രോഫി; അവസാന മത്സരത്തിലും അടിതെറ്റിവീണ് കേരളം, ആസമിനെതിരെ 6 വിക്കറ്റ് തോല്‍വി