ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കാനിരിക്കെ ഇഷാന്‍ മധ്യനിരയില്‍ ബാറ്റിംഗിനിറങ്ങി പുറത്തെടുത്ത വെടിക്കെട്ട് ബാറ്റിംഗ് മലയാളി താരം സഞ്ജു സാംസണിന്‍റെ ലോകകപ്പ് പ്രതീക്ഷകള്‍ക്കു മുകളിലാണ് വെള്ളമൊഴിച്ചത്. ഇഷാന്‍ മേല്‍ സഞ്ജുവിന് നല്‍കിയ മുന്‍തൂക്കം മധ്യനിരയില്‍ ബാറ്റ് ചെയ്യാന്‍ കഴിയുമെന്നതായിരുന്നു
പല്ലെക്കെല്ലെ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ ഓപ്പണറായി ഇറങ്ങി തുടര്‍ച്ചയായി മൂന്ന് അര്‍ധസെഞ്ചുറികള്‍ നേടിയ ഇഷാന്‍ കിഷനെ ലോകകപ്പ് ടീമിലുള്‍പ്പെടുത്തിയാല്‍ എത് പൊസിഷനില്‍ കളിപ്പിക്കുമെന്ന ആശയക്കുഴപ്പം ഇന്ത്യന്‍ ടീം മാനേജ്മെന്‍റിന് ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരത്തോടെ മാറി കിട്ടി. പാക്കിസ്ഥാനെതിരായ ആവേശപ്പോരാട്ടത്തില്‍ കോലിയും രോഹിത്തും ഗില്ലും ശ്രേയസ് അയ്യരും അടക്കമുള്ള മുന്‍നിര തലകുനിച്ച് മടങ്ങിയ പിച്ചില്‍ 81 പന്തില്‍ 82 റണ്‍സുമായി ഇഷാന്‍ കിഷന്‍ തല ഉയര്‍ത്തി നിന്നു.
ഏകദിന കരിയറില്‍ ആദ്യമായി അഞ്ചാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ കിഷന്‍ മധ്യനിരയില്‍ റണ്‍നിരക്ക് താഴാതെ കാത്തതിനൊപ്പം ഇന്ത്യക്ക് മാന്യമായ സ്കോര്‍ ഉറപ്പാക്കുകയും ചെയ്തു. ഹാര്‍ദ്ദിക് പാണ്ഡ്യക്കൊപ്പം ഇഷാന്‍ കിഷന്‍ പടുത്തുയര്‍ത്തിയ സെഞ്ചുറി കൂട്ടുകെട്ടായിരുന്നു ഇന്ത്യന്‍ ഇന്നിംഗ്സിന്‍റെ നട്ടെല്ല്.
സഞ്ജുവിന്‍റെ വഴി അടഞ്ഞോ
ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കാനിരിക്കെ ഇഷാന്‍ മധ്യനിരയില്‍ ബാറ്റിംഗിനിറങ്ങി പുറത്തെടുത്ത വെടിക്കെട്ട് ബാറ്റിംഗ് മലയാളി താരം സഞ്ജു സാംസണിന്‍റെ ലോകകപ്പ് പ്രതീക്ഷകള്‍ക്കു മുകളിലാണ് വെള്ളമൊഴിച്ചത്. ഇഷാന്‍ മേല്‍ സഞ്ജുവിന് നല്‍കിയ മുന്‍തൂക്കം മധ്യനിരയില്‍ ബാറ്റ് ചെയ്യാന്‍ കഴിയുമെന്നതായിരുന്നു. ഓപ്പണറായി ഇറക്കിയാല്‍ മാത്രമെ തിളങ്ങാനാവു എന്ന ധാരണയാണ് ഇന്നത്തെ പ്രകടനത്തോടെ ഇഷാന്‍ തിരുത്തി എഴുതിയത്. മധ്യനിരയിലെ ഇടം കൈയന്‍ ബാറ്ററുടെ അസാന്നിധ്യം മറികടക്കാനാനും ഇഷാന് കഴിയുമെന്നത് ബോണസാണ്.
സഞ്ജു മാത്രമല്ല രാഹുലും സേഫല്ല
പാക്കിസ്ഥാനെപ്പോലെ നിലവാരമുള്ള ബൗളിംഗ് നിരക്കെതിരെ മധ്യനിരയില്‍ ഇറങ്ങി അധിവേഗം റണ്‍സടിച്ച കിഷന്‍റെ പ്രകടനം സഞ്ജുവിന്‍റെ മാത്രമല്ല മറ്റ് മൂന്ന് താരങ്ങളുടെ പ്രതീക്ഷകള്‍ക്ക് കൂടിയാണ് തിരിച്ചടിയാവുക. അതില്‍ പ്രധാനം കെ എല്‍ രാഹുല്‍ തന്നെയാണ്. പരിക്കുമൂലം ഏഷ്യാ കപ്പിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കില്ലാത്ത രാഹുല്‍ പരിക്ക് മാറി തിരിച്ചെത്തിയാലും ഫസ്റ്റ് ചോയ്സായി പരിഗണിക്കണമെന്ന് നിര്‍ബന്ധമില്ല. ഇന്ന് ഏകദിന ലോകകപ്പിനുള്ള ടീം പ്രഖ്യാപിക്കും മുമ്പ് രാഹുലിന്‍റെ പരിക്കിന്‍റെ കാര്യത്തില്‍ സെലക്ടര്‍മാര്‍ക്ക് വ്യക്തമായ ചിത്രം ലഭിക്കും. രാഹുല്‍ ടീമിലില്ലെങ്കില്‍ മലയാളി താരം സഞ്ജു സാംസണെ രണ്ടാം വിക്കറ്ര് കീപ്പറായി ടീമിലെടുക്കാനുള്ള സാധ്യത മാത്രമാണ് ഇനി മുന്നിലുള്ളത്.
തിലകിന്‍റെ തിളക്കം മങ്ങുമോ
മധ്യനിരയില്‍ ഇറങ്ങാന്‍ കഴിയുന്ന ഇടം കൈയന്‍ ബാറ്ററെന്ന മികവില്‍ ഏഷ്യാ കപ്പ് ടീമിലെത്തിയ തിലക് വര്‍മക്കും ഇനി പ്ലേയിംഗ് ഇലവനില്‍ അവസരം കിട്ടാന്‍ പാടുപെടേണ്ടിവരും. ഏഷ്യാ കപ്പിലെ വരും മത്സരങ്ങളിലും കിഷന്‍ മികവ് തുടര്‍ന്നാല്‍ തിലകിന് പ്ലേയിംഗ് ഇലവനില്‍ അവസരമുണ്ടാകില്ല.
സൂര്യനുദിക്കാന്‍ ഇനി വഴിയില്ലേ
ഏകദിനത്തില്‍ മോശം റെക്കോര്‍ഡായിട്ടും ഏഷ്യാ കപ്പ് ടീമിലെത്തി സൂര്യകുമാര്‍ യാദവിനും ലോകകപ്പ് ടീമിലെത്തണമെങ്കില്‍ ഇനി പാടുപെടേണ്ടിവരും. വലംകൈയന്‍ ബാറ്ററായ സൂര്യയെക്കാള്‍ ഇടംകൈയന്‍ ബാറ്ററായ കിഷനെയാവും മധ്യനിരയില്‍ ടീം തെരഞ്ഞെടുക്കുക. പാക്കിസ്ഥാനെതിരെ ചെറിയ ഇന്നിംഗ്സെ കളിച്ചുള്ളൂവെങ്കിലും ശ്രേയസ് അയ്യര്‍ പുറത്തെടുത്ത മികവും സൂര്യക്ക് പ്ലേയിംഗ് ഇലവനിലെത്താന്‍ തടസമാവും. ശ്രേയസ് അയ്യരെയും കെ എല്‍ രാഹുലിനെയും മറികടന്ന് സൂര്യകുമാര്‍ യാദവിന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കാനുള്ള സാധ്യത കുറവാണ്. ഇഷാന്‍ കിഷന്‍ കളിച്ച ഇന്നിംഗ്സിന്‍റെ ടൈമിംഗും ശ്രദ്ധേയമാണ്.
ഇന്ന് ലോകകപ്പ് ടീമിനെ തെരഞ്ഞെടുക്കുമ്പോള്‍ കിഷനെയല്ലാതെ മറ്റൊരു താരത്തെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ പറ്റാത്ത തരത്തിലുള്ള ഇന്നിംഗ്സാണ് യുവതാരം ഇന്ന് കാഴ്ചവെച്ചത്. മലയാളി താരം സഞ്ജു സാംസണ് ലഭിക്കുന്ന ചുരുക്കം അവസരങ്ങളില്‍ പുറത്തെടുക്കാന്‍ കഴിയാതെ പോകുന്നതും ഇത്തരമൊരു ഇംപാക്ടുള്ള ഇന്നിംഗ്സാണ്.