ചാപ്പലിനെ പറയരുത്, ബാറ്റിങ് പൊസിഷനിലെ സ്ഥാനക്കയറ്റം സച്ചിന്റെ ആശയം; വെളിപ്പെടുത്തി ഇര്‍ഫാന്‍ പഠാന്‍

By Web TeamFirst Published Jun 30, 2020, 4:10 PM IST
Highlights

എനിക്ക് ബാറ്റിങ്ങില്‍ സ്ഥാനക്കയറ്റം നല്‍കാന്‍ തീരുമാനിച്ചത് ചാപ്പലായിരുന്നില്ല. ആ തീരുമാനിത്തിന് പിന്നില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറായിരുന്നു.

ബറോഡ: തുടക്കകാലത്ത് ഏറെ പ്രതീക്ഷ നല്‍കിയ ബൗളറായിരുന്നു ഇര്‍ഫാന്‍ പഠാന്‍. എന്നാല്‍ പിന്നീടുള്ള വര്‍ഷങ്ങളില്‍ ആ മികവ് നിലനിര്‍ത്താന്‍ താരത്തിന് സാധിച്ചില്ല. അന്ന് പരിശീലകനായിരുന്നു ഗ്രേഗ് ചാപ്പലാണ് ഇര്‍ഫാന്‍ പഠാന്റെ കരിയര്‍ നശിപ്പിച്ചതെന്ന് ആരോപണമുണ്ടായിരുന്നു. താരത്തെ ബാറ്റിങ്ങില്‍ സ്ഥാനക്കയറ്റം നല്‍കി ബൗളിങ്ങിന്റെ മൂര്‍ച്ച കുറച്ചുവെന്നാായിരുന്നു പ്രധാന  ആരോപണം. ബാറ്റിങില്‍ പ്രൊമോഷന്‍ നല്‍കി ഓള്‍റൗണ്ടറായി ഇര്‍ഫാനെ വളര്‍ത്തിയെടുക്കാനുള്ള ചാപ്പലിന്റെ ശ്രമം പരാജയപ്പെടുകയായിരുന്നുവെന്നും പലരും ചൂണ്ടിക്കാട്ടിയിരുന്നു. 

ഇക്കാര്യത്തില്‍ ആദ്യമായി പ്രതികരണം അറിയിച്ചിരിക്കുകയാണ് താരം. ബാറ്റിങ്ങില്‍ സ്ഥാനക്കയറ്റം നല്‍കിയത് ചാപ്പലായിരുന്നില്ല എന്നാണ് ഇര്‍ഫാന്‍ പറയുന്നത്. മുന്‍ ഓള്‍റൗണ്ടര്‍ തുടര്‍ന്നു... ''എനിക്ക് ബാറ്റിങ്ങില്‍ സ്ഥാനക്കയറ്റം നല്‍കാന്‍ തീരുമാനിച്ചത് ചാപ്പലായിരുന്നില്ല. ആ തീരുമാനിത്തിന് പിന്നില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറായിരുന്നു. 2005ല്‍ ശ്രീലങ്കയ്‌ക്കെതിരെ നടന്ന ഏകദിനത്തിലാണ് ആദ്യമായി സ്ഥാനക്കയറ്റം ലഭിച്ചത്. അന്ന്  70 പന്തില്‍ 83 റണ്‍സ് നേടി. അവിടെ നിന്നാണ് ഓള്‍റൗണ്ടര്‍മാരുടെ നിരയിലേക്ക് ഞാന്‍ മാറുന്നത്. ഇന്ത്യക്കായി ഓപ്പണറായും കളിച്ചു. 

മൂന്നാം നമ്പറില്‍ എന്നെ കളിപ്പിക്കുകയെന്നത് സച്ചിന്റെ ആശയമായിരുന്നു. ക്യാപ്റ്റനായിരുന്ന രാഹുല്‍ ദ്രാവിഡിനോട് സച്ചിനാണ് എന്നെ മൂന്നാം നമ്പറില്‍ ഇറക്കാന്‍ ആവശ്യപ്പെട്ടത്. ഇര്‍ഫാന് പുതിയ പന്തുകളെ നേരിടാനുള്ള കരുത്തുണ്ട്.  സിക്സറുകള്‍ അടിക്കാനുള്ള അവന് കഴിയും. എന്നദ്ദേഹം ദ്രാവിഡിനോട് പറഞ്ഞു. മുരളീധരന്‍ ഉള്‍പ്പെടുന്ന ലങ്കന്‍ ബൗളര്‍മാര്‍ക്കെതിരെ ആക്രമിച്ചു കളിക്കുക എന്നുള്ളതായിരുന്നു ടീം എന്നെ ഏല്‍പ്പിച്ച ലക്ഷ്യം. ചാപ്പലാണ് തന്റെ കരിയര്‍ ഇല്ലാതാക്കിയതെന്ന ആരോപണം ശരിയല്ല. ചാപ്പല്‍ ഇന്ത്യക്കാരനല്ലാത്തതിനാല്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കാന്‍ എളുപ്പമാണ്.'' ഇര്‍ഫാന്‍ പറഞ്ഞുനിര്‍ത്തി.

തുടക്കകാലത്ത് പുതിയ പന്തിലായിരുന്നു ഇര്‍ഫാന്‍ പന്തെറിഞ്ഞിരുന്നത്. എന്നാല്‍ പുതിയ റോള്‍ നല്‍കിയ ശേഷം ഇതേക്കുറിച്ച് ടീം മാനേജ്മെന്റ് താനുമായി കൃത്യമായ ആശയവിനിമയം നടത്തിയിരുന്നില്ലെന്നു ഇര്‍ഫാന്‍ പറഞ്ഞു. ആദ്യ 59 ഏകദിനങ്ങളില്‍ ഇര്‍ഫാന്‍ 100 വിക്കറ്റ് വീഴ്ത്തിയിരുന്നു. മൂന്നാമനോ നാലാമനോ ആയി പന്തെറിയാന്‍ എത്തിയ ശേഷം 61 മല്‍സരങ്ങളില്‍ നിന്നും 73 വിക്കറ്റുകള്‍ മാത്രമാണ് ഇര്‍ഫാന്‍ നേടിയത്. വേണ്ടത്ര പിന്തുണ ടീം മാനേജ്‌മെന്റില്‍ നിന്ന് തനിക്കു ലഭിച്ചില്ലെന്നും ഇര്‍ഫാന്‍ വ്യക്തമാക്കി.

click me!