
ജൊഹന്നസ്‌ബര്‍ഗ്: ഇതിഹാസ ഓള്‍റൗണ്ടര്‍ ജാക്ക് കാലിസിനെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്‍റെ ബാറ്റിംഗ് ഉപദേഷ്‌ടാവായി നിയമിച്ചു. ഹോം സീസണിൽ ഉടനീളം കാലിസ് ടീമിനൊപ്പം ഉണ്ടാകുമെന്ന് ക്രിക്കറ്റ് സൗത്താഫ്രിക്ക അറിയിച്ചു. ഗ്രേയം സ്‌മിത്ത് ഡയറക്‌ടറായ പുതിയ ഭരണസമിതി മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ മാര്‍ക്ക് ബൗച്ചറിനെ മുഖ്യപരിശീലകനായി നിയമിച്ചതിന് പിന്നാലെയാണ് കാലിസിന്‍റെ നിയമനം.
2014ൽ വിരമിച്ച കാലിസ് രാജ്യാന്തര ക്രിക്കറ്റില്‍ 519 മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. ഐപിഎല്ലിലെ കൊൽക്കത്ത ടീമിന്‍റെ മുഖ്യപരിശീലകനായിരുന്നു. ഹോം സീസണിൽ ഇംഗ്ലണ്ടിനും ഓസ്‌ട്രേലിയക്കുമെതിരെ ദക്ഷിണാഫ്രിക്കയ്‌ക്ക് പരമ്പരകളുണ്ട്.
എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരുടെ നിരയില്‍ സ്ഥാനമുള്ള കാലിസ് ടെസ്റ്റില്‍ 13289 റണ്‍സും 292 വിക്കറ്റും ഏകദിനത്തില്‍ 11579 റണ്‍സും 273 വിക്കറ്റും നേടിയിട്ടുണ്ട്. 62 അന്താരാഷ്‌ട്ര സെഞ്ചുറികളും കാലിസിന് സ്വന്തം. ടെസ്റ്റില്‍ 45 ഉം ഏകദിനത്തില്‍ 17 സെഞ്ചുറിയും അടിച്ചെടുത്തു. ടെസ്റ്റില്‍ 55.37, ഏകദിനത്തില്‍ 44.36 എന്നിങ്ങനെയാണ് കാലിസിന്‍റെ ബാറ്റിംഗ് ശരാശരി.
മുന്‍ പേസര്‍ കാള്‍ ലാംഗ്വല്‍ട്ട് ബൗളിംഗ് പരിശീലകനാകും. ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്‍റെ ബൗളിംഗ് പരിശീലകസ്ഥാനം ഒഴിഞ്ഞ ലാംഗ്വല്‍ട്ടിനെ നിയമിച്ചതായി ക്രിക്കറ്റ് സൗത്താഫ്രിക്ക അറിയിച്ചു. 2015 മുതല്‍ 2017 വരെ പ്രോട്ടീസിന്‍റെ ബൗളിംഗ് പരിശീലകനായിരുന്നു കാള്‍. ദക്ഷിണാഫ്രിക്കയ്‌ക്കായി 72 ഏകദിനങ്ങളും ആറ് ടെസ്റ്റുകളും ഒന്‍പത് ടി20കളും കളിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!