
ദില്ലി: ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകനും ബി സി സി ഐ സെക്രട്ടറിയുമായ ജയ് ഷാ ഇന്‍റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്‍റെ (ഐ സി സി) തലപ്പത്തേക്ക്. ജയ് ഷാ ഐ സി സി ചെയർമാൻ സ്ഥാനത്തേക്ക് നാമനിർദേശപത്രിക നൽകി. പത്രിക നൽകേണ്ട അവസാന തീയതിയായ ഇന്ന് വൈകുന്നേരത്തോടെയാണ് ജയ് ഷാ പത്രിക സമർപ്പിച്ചത്. നിലവിലെ സാഹചര്യത്തിൽ ജയ് ഷാ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടാനാണ് സാധ്യത. അങ്ങനെയെങ്കിൽ പ്രായം കുറഞ്ഞ ഐ സി സി ചെയർമാൻ ആകും 35 കാരനായ ജയ് ഷാ.
നേരത്തെ തന്നെ ജയ് ഷായ്ക്ക് ക്രിക്കറ്റ് ഓസ്‌ട്രേലിയയും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡും പിന്തുണ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ജനുവരിയില്‍ ഇന്തോനേഷ്യയിലെ ബാലിയില്‍ നടന്ന ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗവും ജയ് ഷായെ ഐ സി സിയുടെ അടുത്ത ചെയര്‍മാനായി നാമനിര്‍ദേശം ചെയ്യാൻ തീരുമാനിച്ചിരുന്നു.
നേരത്തെ ഇന്ത്യയില്‍ നിന്ന് രണ്ട് പേര്‍ ഐ സി സി ചെയര്‍മാന്‍ സ്ഥാനം അലങ്കരിച്ചിട്ടുണ്ട്. എന്‍ ശ്രീനിവാസന്‍ (2014 മുതല്‍ 2015 വരെ), ശശാങ്ക് മനോഹര്‍ (2015 മുതല്‍ 2020 വരെ) എന്നിവരാണ് ചെയര്‍മാന്‍ സ്ഥാനത്ത് ഇരുന്നവര്‍. ഐ സി സി പ്രസിഡന്റ് സ്ഥാനത്തും രണ്ട് ഇന്ത്യക്കാരുണ്ടായിരുന്നു. ജഗ്മോഹന്‍ ഡാല്‍മിയ (1997 മുതല്‍ 2000 വരെ), ശരദ് പവാര്‍ (2010- 2012) എന്നിവരാണ് പ്രസിഡന്റുമാരായിട്ടുള്ളത്. നിലവില്‍ ന്യൂസിലന്‍ഡുകാരനായ ഗ്രെഗ് ബാര്‍ക്ലേയാണ് ഐ സി സി ചെയര്‍മാന്‍. 2020 ലാണ് ബാര്‍ക്ലേ ഐ സി സി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടത്. ഇദ്ദേഹം ഒഴിയുന്ന സാഹചര്യത്തിലാണ് ജയ് ഷാ ഐ സി സി തലപ്പത്തേക്ക് എത്തുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!