'ആരോട് വേണമെങ്കിലും തോറ്റോളൂ, പക്ഷേ പാകിസ്ഥാനോട് പാടില്ല'; ഇന്ത്യ-പാക് പോരാട്ടത്തിന്റെ സമ്മര്‍ദ്ദത്തെക്കുറിച്ച് ജെമീമ

Published : Jun 14, 2026, 06:46 AM IST
Jemimah Rodrigues

Synopsis

ഇന്ത്യൻ ബാറ്റർ ജെമീമ റോഡ്രിഗസ്, ഇന്ത്യ-പാകിസ്ഥാൻ ടി20 ലോകകപ്പ് മത്സരത്തിന്റെ കടുത്ത സമ്മർദ്ദത്തെക്കുറിച്ച് തുറന്നുപറയുന്നു. ആരാധകരുടെ പ്രതീക്ഷകളും മത്സരത്തിന്റെ ചരിത്രവും കളിക്കാരിലുണ്ടാക്കുന്ന സ്വാധീനം എത്രത്തോളമുണ്ടെന്ന് താരം വ്യക്തമാക്കുന്നു. 

ബര്‍മിങ്ഹാം: വനിതാ ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ ഹൈ വോള്‍ട്ടേജ് പോരാട്ടത്തിന് മുന്നോടിയായി, മത്സരത്തിന്റെ സമ്മര്‍ദ്ദത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ഇന്ത്യന്‍ ബാറ്റര്‍ ജെമീമ റോഡ്രിഗസ്. എത്ര പരിചയസമ്പന്നരായ കളിക്കാരാണെങ്കിലും ഇന്ത്യ-പാക് മത്സരത്തിന്റെ പ്രാധാന്യവും ആരാധകരുടെ പ്രതീക്ഷകളും സൃഷ്ടിക്കുന്ന സമ്മര്‍ദ്ദം അവഗണിക്കാന്‍ കഴിയില്ലെന്ന് ജെമീമ വ്യക്തമാക്കി. ബര്‍മിങ്ഹാമില്‍ നടക്കുന്ന ഗ്രൂപ്പ് ഘട്ടത്തിലെ ഈ നിര്‍ണ്ണായക മത്സരത്തിന് മുന്നോടിയായി സംസാരിക്കവെ, തന്റെ ആദ്യ ഇന്ത്യ-പാക് മത്സര ഓര്‍മ്മകളും താരം പങ്കുവെച്ചു.

ജമീമയുടെ വാക്കുകള്‍... ''ഞാന്‍ എന്റെ ആദ്യ ഇന്ത്യ-പാകിസ്ഥാന്‍ മത്സരം കളിച്ചപ്പോഴത്തെ കാര്യം എനിക്കോര്‍മ്മയുണ്ട്. അന്ന് ഡ്രെസ്സിംഗ് റൂമില്‍ വെച്ച് ഹര്‍മന്‍ ദീദി (ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍) ഞങ്ങളോട് സംസാരിച്ചിരുന്നു: 'നമുക്കിത് നിഷേധിക്കാന്‍ കഴിയില്ല, പുറത്തുനിന്ന് വലിയ രീതിയിലുള്ള സമ്മര്‍ദ്ദമുണ്ട്. കാരണം ഇന്ത്യ-പാകിസ്ഥാന്‍ മത്സരങ്ങളുടെ ചരിത്രവും ആരാധകരുടെ പ്രതീക്ഷകളും എന്താണെന്ന് നമുക്കറിയാം' എന്നാണ് അന്ന് ഹര്‍മന്‍ പറഞ്ഞത്.'' ജെമീമ ഓര്‍ത്തെടുത്തു.

ഈ ക്രിക്കറ്റ് വൈര്യം കേവലം കളിക്കളത്തില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും സാധാരണക്കാരായ മനുഷ്യരെപ്പോലും ഇത് എത്രത്തോളം സ്വാധീനിക്കുന്നുണ്ടെന്നും ജെമീമ കൂട്ടിച്ചേര്‍ത്തു. ''എന്റെ ഫ്‌ലാറ്റിലെ വാച്ച്മാന്‍ പോലും എന്നോട് പറയാറുണ്ട്, 'നിങ്ങള്‍ ആരോട് വേണമെങ്കിലും തോറ്റോളൂ, പക്ഷേ പാകിസ്ഥാനോട് മാത്രം തോല്‍ക്കരുത്' എന്ന്. ആളുകള്‍ ക്രിക്കറ്റിനെയും ഈയൊരു മത്സരത്തെയും അത്രമാത്രം സ്‌നേഹിക്കുന്നത് കൊണ്ടാണ് അത്തരമൊരു സമ്മര്‍ദ്ദം ഉണ്ടാകുന്നത്.'' ജെമീമ പറഞ്ഞു.

സമ്മര്‍ദ്ദ ഘട്ടങ്ങളെ നേരിടാന്‍ കഠിന പരിശീലനം

ലോകകപ്പിനായുള്ള ഇന്ത്യന്‍ ടീമിന്റെ ഒരുക്കങ്ങളെക്കുറിച്ചും ജെമീമ വിശദീകരിച്ചു. മത്സരങ്ങളിലെ കടുത്ത സമ്മര്‍ദ്ദ ഘട്ടങ്ങളെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ പരിശീലന സമയത്ത് തന്നെ അത്തരം പ്രയാസമേറിയ സാഹചര്യങ്ങള്‍ കൃത്രിമമായി സൃഷ്ടിച്ചാണ് ടീം തയ്യാറെടുപ്പുകള്‍ നടത്തുന്നത്. ''ഞങ്ങള്‍ ഓരോ മത്സരത്തിനും വ്യത്യസ്തമായ രീതിയിലാണ് തയ്യാറെടുക്കുന്നത്. കഠിനമായ സാഹചര്യങ്ങളില്‍ ആവര്‍ത്തിച്ച് പരിശീലനം നടത്തിയാല്‍ മാത്രമേ മത്സരത്തിനിറങ്ങുമ്പോള്‍ നമുക്ക് ആത്മവിശ്വാസത്തോടെ കളിക്കാന്‍ സാധിക്കൂ. നിലവില്‍ ടീമിന്റെ തയ്യാറെടുപ്പുകള്‍ മികച്ചതാണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലെ തോല്‍വികളില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചു. ആ തെറ്റുകളെല്ലാം തിരുത്തി മികച്ച ക്രിക്കറ്റ് കളിക്കാനാണ് ഞങ്ങള്‍ കാത്തിരിക്കുന്നത്.'' ജെമീമ വ്യക്തമാക്കി.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ധരംശാലയില്‍ റണ്‍ ഔട്ടിന് പിന്നാലെ രോഹിത് ശര്‍മ ദേഷ്യപ്പെട്ടോ? വിശദീകരണവുമായി ശുഭ്മാന്‍ ഗില്‍
പാകിസ്ഥാന്‍ താരങ്ങളെ പിന്തള്ളി ശുഭ്മാന്‍ ഗില്‍; ഏകദിനത്തില്‍ വേഗത്തില്‍ 3000 ക്ലബിലെത്തുന്ന രണ്ടാമത്തെ ബാറ്റര്‍