
ദുബായ്: ഐസിസി ടി20 റാങ്കിംഗില്‍ ഇന്ത്യന്‍ ഓപ്പണ്‍ ഇഷാന്‍ കിഷന് (Ishan Kishan) നേട്ടം. താരം ആദ്യമായി ആദ്യ പത്തിലെത്തി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടി20 പരമ്പരയില്‍ പുറത്തെടുത്ത പ്രകടനമാണ് ഇഷാന്റെ റാങ്ക് മെച്ചപ്പെടുത്തിയത്. അതേസമയം, ടെസ്റ്റ് റാങ്കിംഗില്‍ (ICC Test Ranking) ജോ റൂട്ട് (Joe Root) ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ന്യൂസിലന്‍ഡിനെതിരെ ടെസ്റ്റ് പരമ്പരയില്‍ പുറത്തെടുത്ത പ്രകടനം റൂട്ടിന് തുണയായി.
ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സെന്ന സച്ചിന്റ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ സാധ്യതയുള്ള താരമാണ് റൂട്ട്. കഴിഞ്ഞ ദിവസം അദ്ദേഹം 27-ാം ടെസ്റ്റ് സെഞ്ചുറി പൂര്‍ത്തിയാക്കിയിരുന്നു. അലിസ്റ്റര്‍ കുക്കിന് ശേഷം 10000 ടെസ്റ്റ് റണ്‍സ് നേടുന്ന ഇംഗ്ലീഷ് താരമെന്ന നാഴികക്കല്ലും റൂട്ട് പിന്നിട്ടു. കിവീസിനെതിരായ രണ്ട് ടെസ്റ്റിലും താരം സെഞ്ചുറി നേടിയിരുന്നു.
897 പോയിന്റാണ് റൂട്ടിനുള്ളത്. ഓസ്‌ട്രേലിയയുടെ മാര്‍നസ് ലബുഷെയന്‍ രണ്ടാം സ്ഥാനത്തേക്കിറങ്ങി. മറ്റു സ്ഥാനങ്ങളില്‍ മാറ്റമില്ലാതെ തുടരുന്നു. രോഹിത് ശര്‍മ (8), വിരാട് കോലി (10) എന്നിവരാണ് ആദ്യ പത്തിലുള്ള ഇന്ത്യന്‍ താരങ്ങള്‍. സ്റ്റീവ് സ്മിത്ത് (3), ബാബര്‍ അസം (4), കെയ്ന്‍ വില്യംസണ്‍ (5), ദിമുത് കരുണാരത്‌നെ (6), ഉസ്മാന്‍ ഖവാജ (7), ട്രാവിസ് ഹെഡ് (9) എന്നിവാണ് ആദ്യ പത്തിലുള്ള മറ്റുതാരങ്ങള്‍.
ബൗളര്‍മാരില്‍ പാറ്റ് കമ്മിന്‍സ് ഒന്നാമത് തുടരുന്നു. ആര്‍ അശ്വിന്‍, ജസ്പ്രിത് ബുമ്ര എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. മൂന്ന് സ്ഥാനങ്ങള്‍ നഷ്ടമായ കെയ്ല്‍ ജെയ്മിസണ്‍ ആറാമതെത്തി. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ രവീന്ദ്ര ജഡേജയാണ് ഒന്നാമത്. അശ്വിന്‍ രണ്ടാം സ്ഥാനത്തും.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്ന് ടി20 മത്സരങ്ങളില്‍ 164 റണ്‍സാണ് കിഷന്‍ നേടിയത്. ഇത് രണ്ട് അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടും. നിലവില്‍ ഏഴാം സ്ഥാനത്താണ് കിഷന്‍. ആദ്യ പത്തിലുള്ള ഏക ഇന്ത്യന്‍ താരവും കിഷനാണ്.