
ബെംഗളൂരു: കര്‍ണാടയ്ക്ക് വേണ്ടി രഞ്ജി ട്രോഫി മത്സരത്തിനിറങ്ങിയ ഇന്ത്യന്‍ താരം കെ എല്‍ രാഹുലിന് നിരാശ. ഹരിയാനക്കെതിരെ മൂന്നാമതായി ക്രീസിലെത്തിയ രാഹുല്‍ 37 പന്തില്‍ 26 റണ്‍സുമായി മടങ്ങി. രാഹുല്‍ മടങ്ങിയെങ്കിലും ഭേദപ്പെട്ട നിലയിലാണ് കര്‍ണാടക. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 193 റണ്‍സെടുത്തിട്ടുണ്ട് കര്‍ണാടക. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കര്‍ണാടകയ്ക്ക് മായങ്ക് അഗര്‍വാളിന്റെ (91) ഇന്നിംഗ്‌സാണ് ഗുണം ചെയ്തത്. ദേവ്ദത്ത് പടിക്കില്‍ (27), രവിചന്ദ്രന്‍ സ്മരണ്‍ (17) എന്നിവരാണ് ക്രീസില്‍. ഹരിയാനയ്ക്ക് വേണ്ടി അന്‍ഷൂല്‍ കാംബോജ് രണ്ട് വിക്കറ്റ് വീഴ്ത്തി.
നിര്‍ണായക മത്സരത്തില്‍ മോശം തുടക്കമാണ് കര്‍ണാടകയ്ക്ക് ലഭിക്കുന്നത്. 17 റണ്‍സെടുത്ത അനീഷിന്റെ വിക്കറ്റ് ആദ്യ നഷ്ടമായി. 45 റണ്‍സ് മാത്രമാണ് അപ്പോല്‍ സ്‌കോര്‍ബോര്‍ഡിലുണ്ടായിരുന്നത്. മൂന്നാമനായി ക്രീസിലെത്തിയ രാഹുല്‍ നന്നായി തടുങ്ങി. നാല് ബൗണ്ടറികള്‍ നേടി അത്മവിശ്വാസത്തിലായിരുന്നു താരം. എന്നാല്‍ അധികം മുന്നോട്ട് പോകാന്‍ താരത്തിന് സാധിച്ചില്ല. കാംബോജിന്റെ പന്തില്‍ രാഹുല്‍ മടങ്ങി. അഗര്‍വാളിനൊപ്പം 54 റണ്‍സ് ചേര്‍ത്തതിന് ശേഷമാണ് താരം പവലിയനില്‍ തിരിച്ചെത്തുന്നത്.
പിന്നാലെ മായങ്ക് - ദേവ്ദത്ത് സഖ്യം 62 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ക്യാപ്റ്റന്‍ മായങ്കിന് ഒമ്പത് റണ്‍സകലെ സെഞ്ചുറി നഷ്ടമായി. 149 പന്തുകള്‍ നേരിട്ട മായങ്ക് മൂന്ന് സിക്‌സും എട്ട് ഫോറുമാണ് നേടിയത്. കര്‍ണാടകയെ സംബന്ധിച്ചിടത്തോളം നിര്‍ണായക മത്സരമാണിത്. ഗ്രൂപ്പ് സിയില്‍ കര്‍ണാടക 19 പോയന്റുമായി രണ്ടാം സ്ഥാനത്താണ്. 26 പോയിന്റുമായി ഒന്നാമതുള്ള ഹരിനായ നേരത്തെ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ചിരുന്നു. 21 പോയിന്റുള്ള കേരളമാണ് രണ്ടാം സ്ഥാനത്ത്.
കേരളത്തെ മറികടന്ന് ക്വാര്‍ട്ടര്‍ ഉറപ്പിക്കണമെങ്കില്‍ കര്‍ണാടകയ്ക്ക് ജയിക്കേണ്ടതുണ്ട്. മാത്രമല്ല, കേരളം ബിഹാറിനെതിരെ ജയിക്കാനും പാടില്ല. കേരളം ഒന്നാം ഇന്നിംഗ്‌സില്‍ ലീഡ് നേടിയ ശേഷം മത്സരം സമനിലയില്‍ അവസാനിച്ചാല്‍ പോലും കര്‍ണാടകടയുടെ തുലാസിലാവും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!