Latest Videos

കരുണ്‍ നായര്‍ കൊവിഡില്‍ നിന്ന് മുക്തനായി; കിംഗ്സ് ഇലവന്‍ പഞ്ചാബിനൊപ്പം ചേരും

By Web TeamFirst Published Aug 13, 2020, 10:55 PM IST
Highlights

രണ്ടാഴ്ചയോളം ഐസൊലേഷനില്‍ കഴിഞ്ഞ ശേഷം നടത്തിയ പരിശോധനയിലാണ് ഇപ്പോള്‍ ഫലം നെഗറ്റീവായത്.
 

ബെംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റ് താരം കരുണ്‍ നായര്‍ കൊവിഡില്‍ നിന്ന് മുക്തനായി. ദിവസങ്ങള്‍ക്ക് മുമ്പ് കൊവിഡ് സ്ഥിരീകരിച്ച് ഐസൊലേഷനിലായിരുന്നു താരം. യുഎഇയില്‍ നടക്കുന്ന ഈ വര്‍ഷത്തെ ഐപിഎല്ലിനായി കരുണ്‍ കിങ്സ് ഇലവന്‍ പഞ്ചാബ് താരങ്ങള്‍ക്കൊപ്പം തിരിക്കും. ഐപിഎല്ലിന് മുന്നോടിയായ നടത്തിയ പരിശോധനയില്‍ ഫലം നെഗറ്റീവായതായി ക്രിക്കറ്റ് വെബ്സൈറ്റായ 'ക്രിക്ഇന്‍ഫോ'യാണ് റിപ്പോര്‍ട്ട് ചെയ്തത്. 

കരുണിന് ഇപ്പോള്‍ യാതൊരു കുഴപ്പവുമില്ലെന്ന് ബിസിസിഐ പ്രതിനിധി വ്യക്തമാക്കി. അദ്ദേഹത്തിന്റെ വാക്കുകള്‍. ''ഇപ്പോള്‍ അദ്ദേഹത്തിന് യാതൊരു കുഴപ്പവുമില്ല. അദ്ദേഹത്തിന് കൊവിഡിന്റെ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. രണ്ടാഴ്ചയോളം ഐസൊലേഷനില്‍ കഴിഞ്ഞ ശേഷം നടത്തിയ പരിശോധനയിലാണ് ഇപ്പോള്‍ ഫലം നെഗറ്റീവായത്. അദ്ദേഹം പരിശീലനം പുനരാരംഭിച്ചു. ഇനി യുഎഇയിലേക്ക് പുറപ്പെടുത്തുന്നതിനു മുന്‍പായി ഒരിക്കല്‍ക്കൂടി സഹതാരങ്ങള്‍ക്കൊപ്പം കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കും.''

കരുണ്‍ നായര്‍ക്ക് കൊവിഡ് ബാധിച്ചിരുന്ന കാര്യവും ഇപ്പോള്‍ സുഖപ്പെട്ട കാര്യവും കിങ്സ് ഇലവന്‍ പഞ്ചാബ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, ഓഗസ്റ്റ് എട്ടിന് നടന്ന പരിശോധനയില്‍ കരുണ്‍ നായരുടെ ഫലം നെഗറ്റീവായെന്ന് ഒരു ബിസിസിഐ പ്രതിനിധി വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് സ്ഥിരീകരിച്ചു. ഈ മാസം ഇരുപതിനാണ് കിങ്സ് ഇലവന്‍ പഞ്ചാബ് താരങ്ങള്‍ യുഎഇയിലേക്ക് പോകുന്നത്.

click me!