
ഇറ്റാനഗര്‍: സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടില്‍ കേരളത്തിന് ജയത്തുടക്കം. അസമിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തു. കെ അബ്ദുറഹീം (19ാം മിനിറ്റ്), ഇ സജീഷ് (67), ക്യാപ്റ്റന്‍ നിജോ ഗില്‍ബര്‍ട്ട് (90+5) എന്നിവരാണു കേരളത്തിനായി ഗോളുകള്‍ നേടിയത്. അരുണാചലിലെ ഇറ്റാനഗറിലായിരുന്നു മത്സരം. മറ്റന്നാള്‍ ഗോവയ്‌ക്കെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ സര്‍വീസസ് മേഘാലയയെ ഒരു ഗോളിന് തോല്‍പ്പിച്ചിരുന്നു.
ആദ്യ പകുതിയില്‍ ഒരു ഗോളിന്റെ ലീഡെടുത്ത കേരളം രണ്ടാം പകുതിയില്‍ രണ്ടു ഗോളുകള്‍ കൂടി സ്വന്തമാക്കുകയായിരുന്നു. ദീപു മൃത (78) അസമിന്റെ ആശ്വാസ ഗോള്‍ കണ്ടെത്തി. കൂടുതല്‍ ഗോളുകള്‍ കണ്ടെത്താനുള്ള അവസരം കേരളത്തിനുണ്ടായിരുന്നു. ആദ്യ പകുതിയില്‍ തന്നെ കേരളത്തിന്റെ രണ്ടു ഷോട്ടുകള്‍ പോസ്റ്റില്‍ തട്ടിത്തെറിച്ചിരുന്നു.
രണ്ടാം പകുതിയില്‍ അസം മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും കൂടുതല്‍ ഗോളുകള്‍ വഴങ്ങാതെ കേരളം പിടിച്ചുനിന്നു. രണ്ടാം പകുതിയില്‍ അസം ഒരിക്കല്‍കൂടി കേരളത്തിന്റെ പോസ്റ്റില്‍ പന്ത് എത്തിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു.