
പോണ്ടിച്ചേരി: സീനിയര്‍ വനിതകള്‍ക്കായുള്ള സീചെം ട്രോഫിയില്‍ പോണ്ടിച്ചേരിയെ തോല്‍പ്പിച്ച് കേരളം. 36 റണ്‍സിനായിരുന്നു കേരളത്തിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പോണ്ടിച്ചേരിക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സ് മാത്രമാണ് നേടാനായത്. ഓള്‍റൗണ്ട് മികവുമായി കേരളത്തിന് വിജയമൊരുക്കിയ ടി ഷാനിയാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് ഓപ്പണര്‍മാര്‍ നല്‍കിയ മികച്ച തുടക്കം മുതല്‍ക്കൂട്ടായി. ടി ഷാനിയും കിരണ്‍ നവ്ഗിരെയും ചേര്‍ന്ന് ആറ് ഓവറില്‍ 54 റണ്‍സ് കൂട്ടിച്ചേര്‍ത്തു. കിരണ്‍ 30 റണ്‍സെടുത്ത് പുറത്തായി. തുടര്‍ന്നെത്തിയവര്‍ കാര്യമായ സംഭാവനകള്‍ നല്‍കിയില്ലെങ്കിലും ഒരറ്റത്ത് ഉറച്ചുനിന്ന ഷാനിയുടെ മികവില്‍ കേരളം 137 റണ്‍സെടുത്തു. ഷാനി 50 പന്തുകളില്‍ പത്ത് ഫോറും ഒരു സിക്‌സുമടക്കം 69 റണ്‍സെടുത്തു. പോണ്ടിച്ചേരിക്ക് വേണ്ടി ക്യാപ്റ്റന്‍ അഭിരാമിയും സായാലി ലോങ്കറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പോണ്ടിച്ചേരിക്ക് വേണ്ടി 28 റണ്‍സെടുത്ത യഷി പാണ്ഡെ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. കേരളത്തിന് വേണ്ടി നിയ നസ്‌നീന്‍ മൂന്നും, ഐശ്വര്യ എ കെ, ടി ഷാനി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!