Latest Videos

സയ്യിദ് മുഷ്താഖ് അലി ടി20: വിദര്‍ഭ തകര്‍ന്നു, കേരളത്തിന് തുടര്‍ച്ചയായ മൂന്നാം ജയം

By Web TeamFirst Published Nov 14, 2019, 1:09 PM IST
Highlights

സയ്യിദ് മുഷ്താഖ് അലി ടി20യില് കേരളത്തിന് തുടര്‍ച്ചയായ മൂന്നാം ജയം. വിദര്‍ഭയ്‌ക്കെതിരെ തുമ്പ സെന്റ് സേവ്യേഴ്‌സ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 26 റണ്‍സിനായിരുന്നു കേരളത്തിന്റെ ജയം.

തിരുവനന്തപുരം: സയ്യിദ് മുഷ്താഖ് അലി ടി20യില് കേരളത്തിന് തുടര്‍ച്ചയായ മൂന്നാം ജയം. വിദര്‍ഭയ്‌ക്കെതിരെ തുമ്പ സെന്റ് സേവ്യേഴ്‌സ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 26 റണ്‍സിനായിരുന്നു കേരളത്തിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ വിദര്‍ഭയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സെടുക്കാനാണ് സാധിച്ചത്. 39 പന്തില്‍ 69 റണ്‍സ് നേടിയ റോബിന്‍ ഉത്തപ്പയുടെ ബാറ്റിങ്ങാണ് കേരള ഇന്നിങ്‌സിലെ പ്രത്യേകത. 

29 റണ്‍സ് നേടിയ അക്ഷയ് വിനോദ് വഡ്ക്കാറാണ് വിദര്‍ഭയുടെ ടോപ് സ്‌കോറര്‍. മറ്റാര്‍ക്കും ചെറുത്ത് നില്‍ക്കാന്‍ പോലും സാധിച്ചില്ല. കേരളത്തിനായി സന്ദീപ് വാര്യര്‍ മൂന്നും കെ എം ആസിഫ്, അക്ഷയ് ചന്ദ്രന്‍, ജലജ് സക്‌സേന എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. നേരത്തെ, സീസണില്‍ ആദ്യമായി ഫോമിലെത്തിയ ക്യാപ്റ്റന്‍ റോബിന്‍ ഉത്തപ്പയുടെ ബാറ്റിങ്ങാണ് കേരളത്തെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. 

സച്ചിന്‍ ബേബി 39 റണ്‍സ് നേടി പുറത്തായി. അതേസമയം ഇന്ത്യന്‍ ക്യാംപില്‍ നിന്നെത്തിയ സഞ്ജു സാംസണ്‍ (9) തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും നിരാശപ്പെടുത്തി. ത്രിപുരയ്‌ക്കെതിരെ സഞ്ജുവിന്റെ ആദ്യ മത്സരത്തില്‍ 12 റണ്‍സ് മാത്രമാണ് നേടിയിരുന്നത്. വിഷ്ണു വിനോദ് (13), ജലജ് സക്‌സേന (13), മുഹമ്മദ് അസറുദ്ദീന്‍ (1), അക്ഷയ് ചന്ദ്രന്‍ (10), ബേസില്‍ തമ്പി (2) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. 

അഞ്ച് സിക്‌സും രണ്ട് ഫോറും അടങ്ങുന്നതാണ് ഉത്തപ്പയുടെ ഇന്നിങ്‌സ്. സച്ചിന്‍ ബേബിയുമൊത്ത് 60 റണ്‍സാണ് ഉത്തപ്പ കൂട്ടിച്ചേര്‍ത്തത്. ദര്‍ശന്‍ നല്‍കണ്ഡെ വിദര്‍ഭയ്ക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി. നേരത്തെ ത്രിപുര, മണിപ്പൂര്‍ എന്നിവര്‍ക്കെതിരെ കേരളം ജയിച്ചിരുന്നു. തമിഴ്‌നാടിനോട് മാത്രമാണ് പരാജയപ്പെട്ടത്.

click me!