
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് റണ്‍വേട്ടയില്‍ രണ്ടാം സ്ഥാത്തേക്ക് ഉയര്‍ന്ന് അദാനി ട്രിവാന്‍ഡ്രം റോയല്‍സ് ക്യാപ്റ്റൻ കൃഷ്ണ പ്രസാദ്. ഇന്നലെ തൃശൂര്‍ ടൈറ്റൻസിനെതിരെ നേടിയ അപരാജിത സെഞ്ചുറിയാണ് റൺവേട്ടയില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന കൊച്ചി ബ്ലൂ ടൈഗേഴ്സ് താരം സഞ്ജു സാംസണെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി രണ്ടാം സ്ഥാനത്തെത്താന്‍ കൃഷ്ണ പ്രസാദിന് കരുത്തായത്. തൃശൂരിനെതിരെ 62 പന്തില്‍ 119 റണ്‍സുമായി പുറത്താകാതെ നിന്ന കൃഷ്ണ പ്രസാദ് ഒമ്പത് കളികളില്‍ നിന്ന് 389 റണ്‍സുമായാണ് രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നത്.
കഴിഞ്ഞ മത്സരങ്ങളിലൊന്നും ഫോമിലായില്ലെങ്കിലും ഒമ്പത് മത്സരങ്ങളില്‍ 423 റണ്‍സുമായി അഹമ്മദ് ഇമ്രാന്‍ തന്നെയാണ് ഒന്നാം സ്ഥാനത്ത്. ആറ് കളികളില്‍ 368 റണ്‍സെടുത്ത സഞ്ജു സാംസണ്‍ മൂന്നാം സ്ഥാനത്താണ്. ഏഷ്യാ കപ്പില്‍ കളിക്കാനായി ഇന്ത്യൻ ടീമിനൊപ്പം ചേരുന്നതിനാല്‍ സഞ്ജുവിന് കെസിഎല്ലിലെ ബാക്കിയുള്ള മത്സരങ്ങള്‍ നഷ്ടമാകും. ഇന്നലെ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിനെതിരായ മത്സരത്തിലും സഞ്ജു കളിച്ചിരന്നില്ല.
അതേസമയം, വെറും ആറ് മത്സരങ്ങളിലെ അഞ്ച് ഇന്നിംഗ്സില്‍ മാത്രമെ ക്രീസിലിറങ്ങിയുള്ളൂവെങ്കിലും സിക്സര്‍ വേട്ടയില്‍ സഞ്ജു തന്നെയാണ് ഇപ്പോഴും ഒന്നാമത്. 30 സിക്സുകളാണ് സഞ്ജു ഇതുവരെ പറത്തിയത്. 28 സിക്സുകള്‍ പറത്തിയ സല്‍മാന്‍ നിസാറാണ് രണ്ടാമത്. ആറ് കളികളില്‍ 296 റണ്‍സടിച്ച സല്‍മാന്‍ നിസാര്‍ റണ്‍വേട്ടയില്‍ നാലാമതുളളപ്പോള്‍ 292 റണ്‍സടിച്ച കൊച്ചിയുടെ വിനൂപ് മനോഹരനാണ് ആദ്യ അഞ്ചില്‍ ഇടം നേടിയ മറ്റൊരു താരം.
വിക്കറ്റ് വേട്ടയില്‍ കാലിക്കറ്റിന്‍റെ അഖില്‍ സ്കറിയ 9 കളികളില് നിന്ന് 25 വിക്കറ്റുമായി ബഹുദൂരം മുന്നിലാണ്. രണ്ടാം സ്ഥാനത്തുള്ള അജിനാസ് 13 വിക്കറ്റുമായി രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. 9 കളികളില്‍ 13 വിക്കറ്റുള്ള സിബിന് ഗിരീഷാണ് വിക്കറ്റ് വേട്ടയില്‍ മൂന്നാമത്. ആറ് കളികളില്‍ 13 വിക്കറ്റെടുത്ത കെ എം ആസിഫ് നാലാമതും 11 വിക്കറ്റെടുത്ത ജലജ് സക്സേന അഞ്ചാമതുമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക