കെസിഎല്‍ മൂന്നാം സീസണ് കൗണ്ട്ഡൗണ്‍ തുടങ്ങി; ആവേശത്തിന്റെ ക്രിക്കറ്റ് മാമാങ്കത്തിന് ഇനി 20 നാള്‍

Published : Jul 31, 2026, 05:26 PM IST
KCL Champions Kochi Blue Tigers

Synopsis

കേരള ക്രിക്കറ്റ് ലീഗിന്റെ (കെസിഎൽ) മൂന്നാം സീസൺ ഓഗസ്റ്റ് 20 മുതൽ സെപ്റ്റംബർ 5 വരെ നടക്കും. ആറ് ഫ്രാഞ്ചൈസികൾ കിരീടത്തിനായി പോരാടുന്ന ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസും തൃശൂർ ടൈറ്റൻസും ഏറ്റുമുട്ടും.

തിരുവനന്തപുരം: വീണ്ടും ക്രിക്കറ്റ് ആവേശത്തിലേക്ക് ചുവട് വയ്ക്കാനൊരുങ്ങുകയാണ് കേരളം. കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണ്‍ മത്സരക്രമം പ്രഖ്യാപിച്ചു. ഓഗസ്റ്റ് 20 മുതല്‍ സെപ്റ്റംബര്‍ അഞ്ച് വരെയാണ് ഇത്തവണത്തെ മത്സരങ്ങള്‍ നടക്കുക. കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സും തൃശൂര്‍ ടൈറ്റന്‍സും തമ്മിലാണ് ഉദ്ഘാടന മത്സരം. ഉച്ചയ്ക്ക് 2.30 ന് ആണ് ആരംഭിക്കുക. 17 ദിവസം നീളുന്ന ക്രിക്കറ്റ് മാമാങ്കത്തില്‍ ആറ് ഫ്രാഞ്ചൈസികളാണ് കിരീടത്തിനായി പോരാടുന്നത്.

ഉദ്ഘാടന ദിവസം വൈകിട്ട് 7.30-ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് കൊല്ലം സെയിലേഴ്‌സുമായി ഏറ്റുമുട്ടും. സെപ്റ്റംബര്‍ 4ന് നടക്കുന്ന സെമിഫൈനലുകളില്‍ പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാര്‍ മൂന്നാം സ്ഥാനക്കാരെയും, ഒന്നാം സ്ഥാനക്കാര്‍ നാലാം സ്ഥാനക്കാരെയും നേരിടും. ക്രിക്കറ്റ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഗ്രാന്‍ഡ് ഫിനാലെ സെപ്റ്റംബര്‍ 5നാണ് അരങ്ങേറുക.

ചെറിയ കാലയളവ് കൊണ്ട് തന്നെ രാജ്യത്തെ മുന്‍നിര പ്രാദേശിക ടി20 ലീഗുകളില്‍ ഒന്നായി മാറാന്‍ കെസിഎല്ലിന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണുകളില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിലൂടെ മാത്രം നാല് കോടിയലധികം പ്രേക്ഷകരാണ് മത്സരങ്ങള്‍ കണ്ടത്. ഫാന്‍കോഡില്‍ 70 ലക്ഷത്തിലധികവും ഏഷ്യാനെറ്റ് പ്ലസില്‍ 1.34 കോടിയിലേറെയും ആളുകള്‍ ലീഗ് തത്സമയം ആസ്വദിച്ചു. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഇത്രയും ജനപ്രീതി നേടിയെടുക്കാന്‍ കഴിഞ്ഞത് കേരള ക്രിക്കറ്റ് അസോസിയേഷന്റെ ദീര്‍ഘവീക്ഷണത്തിനും മികച്ച സംഘാടനത്തിനും ലഭിച്ച അംഗീകാരം കൂടിയാണ്.

തമിഴ്‌നാട് പ്രീമിയര്‍ ലീഗ്, കര്‍ണാടക മഹാരാജ ട്രോഫി തുടങ്ങിയ വമ്പന്‍ ലീഗുകളെപ്പോലും വ്യൂവര്‍ഷിപ്പില്‍ പിന്നിലാക്കിയാണ് കെസിഎല്‍ ഈ നേട്ടം കൈവരിച്ചത്. ആഭ്യന്തര ക്രിക്കറ്റില്‍ കേരളത്തിന്റെ മുന്നേറ്റത്തിന് അടിവരയിടുന്നതാണ് ഈ നേട്ടം. മുന്‍ സീസണുകളെ വെല്ലുന്ന ആവേശത്തോടെ മൂന്നാം പതിപ്പിന് കളമൊരുങ്ങുമ്പോള്‍, ആകാംക്ഷയോടെ കാത്തിരിക്കുയാണ് ക്രിക്കറ്റ് ആരാധകര്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ശ്രീലങ്കന്‍ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യക്ക് ആശ്വാസം; ഫിറ്റ്നസ് വീണ്ടെടുത്ത് ജസ്പ്രീത് ബുംറ
നിയ നസ്നീന്‍റെ ബൗളിങ് കൊടുങ്കാറ്റിൽ ഹിമാചൽ വീണു; സീചെം ട്രോഫിയിൽ കേരളത്തിന് കിരീടം