മുഷ്താഖ് അലി ടി20: സഞ്ജുവിന്റെയും സച്ചിന്‍ ബേബിയുടെയും പോരാട്ടം പാഴായി, ഹരിയാനയോട് തോറ്റ് കേരളം പുറത്ത്

By Web TeamFirst Published Jan 19, 2021, 4:14 PM IST
Highlights

 ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഹരിയാന നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ കേരളത്തിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെടുക്കാനാണ് സാധിച്ചത്.

മുംബൈ: സയിദ് മുഷ്താഖ് അലി ടി20യില്‍ കേരളം ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്. ഹരിയാനയോട് നാല് റണ്‍സിന് തോറ്റതോടെയാണ് കേരളത്തിന് പുറത്തേക്കുള്ള വഴി തെളിഞ്ഞത്. ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണെങ്കിലും ആവശ്യമായ റണ്‍റേറ്റ് നിലനിര്‍ത്താന്‍ കേരളത്തിനായില്ല. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഹരിയാന നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ കേരളത്തിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെടുക്കാനാണ് സാധിച്ചത്.

സച്ചിന്‍ ബേബി (36 പന്തില്‍ 68), സഞ്ജു സാംസണ്‍ (31 പന്തില്‍ 51), മുഹമ്മദ് അസറുദ്ദീന്‍ (25 പന്തില്‍ 35) എന്നിവരുടെ ഇന്നിങ്‌സ് കേരളത്തിന് പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ പിന്തുണ നല്‍കാന്‍ മറ്റു കേരള താരങ്ങള്‍ക്ക് സാധിച്ചില്ല. റോബിന്‍ ഉത്തപ്പ (8), വിഷ്ണു വിനോദ് (10), സല്‍മാന്‍ നിസാര്‍ (5) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. അക്ഷന്‍ ചന്ദ്രന്‍ (4), ജലജ് സക്‌സേന (1) എന്നിവര്‍ പുറത്താവാതെ നിന്നു. അരുണ്‍ ചപ്രാണ, സുമിത് കുമാര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ശിവം ചൗഹാന്‍ (34 പന്തില്‍ 59), ചൈതന്യ ബിഷ്‌നോയ് (29 പന്തില്‍ 45), രാഹുല്‍ തെവാട്ടിയ (26 പന്തില്‍ 41) എന്നിവരുടെ ഇന്നിങ്‌സാണ് ഹരിയാനക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. സച്ചിന്‍ ബേബി, ജലജ് സക്‌സേന എന്നിവര്‍ കേരളത്തിന് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി.

അഞ്ച് എലൈറ്റ് ഗ്രൂപ്പിലെയും ഒരു പ്ലേറ്റ് ഗ്രൂപ്പിലെയും ഒന്നാം സ്ഥാനക്കാരും എലൈറ്റ് ഗ്രൂപ്പില്‍ ഏറ്റവും മികച്ച റണ്‍നിരക്കുള്ള രണ്ട് രണ്ടാം സ്ഥാനക്കാരുമാണ് നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറുക. പഞ്ചാബ്, തമിഴ്നാട്, ബറോഡ, രാജസ്ഥാന്‍, ബിഹാര്‍, എന്നിവരാണ് മറ്റ് ഗ്രൂപ്പുകളില്‍ ഒന്നാംസ്ഥാനത്ത്.

click me!