സെഞ്ചുറിയുമായി സെലക്ടര്‍മാര്‍ക്ക് സഞ്ജുവിന്റെ മറുപടി; ബംഗാളിനെതിരെ കേരളത്തിന് ഭേദപ്പെട്ട സ്കോര്‍

By Web TeamFirst Published Dec 17, 2019, 4:31 PM IST
Highlights

182 പന്തില്‍ 116 റണ്‍സെടുത്ത സഞ്ജു 16 ബൗണ്ടറിയും ഒരു സിക്സറും പറത്തി. ആദ്യദിനം അവസാന സെഷനില്‍ ഷഹബാസ് നദീമാണ് സഞ്ജുവിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയത്.

തിരുവനന്തപുരം: ബംഗ്ലാദേശിനും വെസ്റ്റ് ഇന്‍ഡീസിനുമെതിരായ ടി20 പരമ്പരകളില്‍ ഇന്ത്യന്‍ ടീമിലുണ്ടായിട്ടും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കാതിരുന്നതിന് രഞ്ജിയില്‍ ബംഗാളിനെതിരെ തകര്‍പ്പന്‍ സെഞ്ചുറിയിലൂടെ കണക്കുതീര്‍ത്ത് സഞ്ജു. സഞ്ജുവിന്റെ സെഞ്ചുറി കരുത്തില്‍ ബംഗാളിനെതിരെ കേരളം ആദ്യ ദിനം  കളി നിര്‍ത്തുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സെന്ന നിലയിലാണ്. 12 റണ്‍സുമായി മോനിഷും റണ്ണൊന്നുമെടുക്കാതെ മിഥുനും ക്രീസില്‍.

182 പന്തില്‍ 116 റണ്‍സെടുത്ത് പുറത്തായ സഞ്ജു 16 ബൗണ്ടറിയും ഒരു സിക്സറും പറത്തി. ആദ്യദിനം അവസാന സെഷനില്‍ ഷഹബാസ് നദീമാണ് സഞ്ജുവിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയത്. 15 റണ്‍സെടുക്കുന്നതിനിടെ ഓപ്പണര്‍മാരായ പി രാഹുലിനെയും(5), ജലജ് സക്സേനയെയും(9) നഷ്ടമായശേഷം  ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്കൊപ്പം(10) സഞ്ജു രക്ഷാ പ്രവര്‍ത്തനം തുടങ്ങിയെങ്കിലും സ്കോര്‍ ബോര്‍ഡില്‍ 53 റണ്‍സെത്തിയപ്പോഴേക്കും സച്ചിനും മടങ്ങി. പിന്നീട് റോബിന്‍ ഉത്തപ്പയ്ക്കൊപ്പം നാലാം വിക്കറ്റില്‍ 138 റണ്‍സിന്റെ കൂട്ടുകെട്ടിലൂടെ സഞ്ജു കേരളത്തെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി.

50 റണ്‍സെടുത്ത ഉത്തപ്പ പുറത്തായതിന് പിന്നാലെ നേരിട്ട ആദ്യ പന്തില്‍ തന്നെ വിഷ്ണു വിനോദും മടങ്ങിയെങ്കിലും സല്‍മാന്‍ നിസാറിനെ കൂട്ടുപിടിച്ച് സഞ്ജു സെഞ്ചുറിയിലെത്തി. കേരളത്തെ 200 കടത്തിയതിന് പിന്നാലെ സഞ്ജുവിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി നദീം കേരളത്തിന് തിരിച്ചടി നല്‍കി.

സഞ്ജു പുറത്തായതിന് പിന്നാലെ സല്‍മാന്‍ നിസാറിനെ(19) ഷഹബാസ് അഹമ്മദും വിഴ്ത്തിയതോടെ 300 കടക്കാമെന്ന കേരളത്തിന്റെ പ്രതീക്ഷകള്‍ മങ്ങി. സെഞ്ചുറി നേട്ടത്തിനൊപ്പം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 3000 റണ്‍സെന്ന നേട്ടവും സഞ്ജു ഇന്ന് പിന്നിട്ടു. ബംഗാളിനായി അര്‍നാബ് നന്ദിയും ഷഹബാസ് അഹമ്മദും രണ്ട് വിക്കറ്റെടുത്തു.

click me!